image

13 Jan 2022 6:44 AM GMT

Savings

ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇവയാണ്

MyFin Desk

ഇ എസ് ഐ ആനുകൂല്യങ്ങള്‍ ഇവയാണ്
X

Summary

സംഘടിതമേഖലയിലെ തൊഴിലാളികളുടെ ചികിത്സ അടക്കമുള്ള ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാപദ്ധതിയാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്.


സംഘടിത മേഖലയിലെ തൊഴിലാളികളുടെ ചികിത്സ അടക്കമുള്ള ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ്...

 

സംഘടിത മേഖലയിലെ തൊഴിലാളികളുടെ ചികിത്സ അടക്കമുള്ള ക്ഷേമം ലക്ഷ്യമാക്കി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്. 1952-ലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. 21,000 രൂപയില്‍ കുറയാത്ത മാസശമ്പളം കൈപ്പറ്റുന്ന ജീവനക്കാരാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം ഇത് 25,000 രൂപയാണ്.രാജ്യത്തെ 7.83 ലക്ഷം ഫാക്ടറികള്‍ ഇപ്പോള്‍ ഇ എസ് ഐ പരിധിയിലാണ്. ആകെ ഇതിന്റെ ഗുണഭോക്താക്കളുടെ എണ്ണം 8.82 കോടി രൂപ വരും.

10 തൊഴിലാളികള്‍

10 തൊഴിലാളികളില്‍ കൂടുതല്‍ അംഗങ്ങളുള്ള സ്ഥാപനങ്ങള്‍ (ചില സംസ്ഥാനങ്ങളില്‍ ഇത് 20 ല്‍ കൂടുതല്‍ എന്നാണ്). വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, പത്രം, പരസ്യം, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, റോഡ്-മോട്ടോര്‍ ഗതാഗതസ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, പദ്ധതി പ്രവര്‍ത്തനമുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ തൊഴിലാളികള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ഇ എസ് ഐ ആനുകൂല്യത്തിന് അര്‍ഹതയുള്ള തൊഴിലാളികളുടെ പട്ടികയില്‍ ക്ലെറിക്കല്‍ ജോലി ചെയ്യുന്നവരും മേല്‍നോട്ടം വഹിക്കുന്നവരും സാധാരണ ജീവനക്കാരും കരാര്‍ തൊഴിലാളികളും 'തൊഴിലാളി' എന്ന നിര്‍വചനത്തില്‍പ്പെടുന്നു. 'രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന' പദ്ധതിയിലുള്‍പ്പെട്ട നിര്‍ധനര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്.

137 രൂപയില്‍ കുറവാണെങ്കില്‍

തൊഴിലുടമകളും ജീവനക്കാരും ചേര്‍ന്നാണ് ഇ എസ് ഐ വിഹിതം നല്‍കുന്നത്. എന്നാല്‍ പുതിയ ചട്ടമനുസരിച്ച് തൊഴിലുടമ വിഹിതം അടച്ചില്ലെങ്കിലും ജീവനക്കാരന് ചികിത്സാ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇതില്‍ തൊഴിലുടമയുടെ വിഹിതം ജീവനക്കാരന്റെ ശമ്പളത്തിന്റെ 4.75 ശതമാനമാണ്. ഒപ്പം തൊഴിലാളി 1.75 ശതമാനവും വിഹിതമായി നല്‍കും. ദിവസം 137 രൂപയില്‍ കുറവാണ് തൊഴിലാളിയുടെ വേതനമെങ്കില്‍ അത്തരക്കാരെ വിഹിതം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് തൊഴിലുടമ വിഹിതം നല്‍കേണ്ടതുണ്ട്. ഇത്തരം കേസുകളില്‍ മുഴുവന്‍ വിഹിതവും അടയ്ക്കേണ്ട ചുമതല തൊഴില്‍ ഉടമയുടേതാണ്. ജീവനക്കാരന്റെ വിഹിതത്തുക ജീവനക്കാരന്റെ വേതനത്തില്‍നിന്ന് കുറയ്ക്കാനുള്ള അവകാശം തൊഴിലുടമയ്ക്കുണ്ട്. സ്‌കീമിലേക്കുള്ള വിഹിതം ഓരോ മാസവും അടയ്ക്കണം. വര്‍ഷത്തില്‍ രണ്ടു വിഹിത കാലയളവുകളാണുള്ളത്. ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയും ഒക്ടോബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയും.

ആനുകൂല്യങ്ങള്‍

ഇ എസ് ഐ അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. വിവിധ അസുഖങ്ങളെ തുടര്‍ന്നുള്ള ചികിത്സാ സൗകര്യങ്ങളാണ് പ്രധാനം. കൂടാതെ പ്രസവം, തൊഴിലപകടങ്ങള്‍ കൊണ്ടുണ്ടാകുന്ന മരണം, അംഗവൈകല്യം, ശവസംസ്‌കാരച്ചെലവ്, വൈദ്യശുശ്രൂഷ എന്നിവയ്ക്കാണ് ഈ പദ്ധതിയില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.

സിക്ക്‌നസ് ബെനിഫിറ്റ് 70%

ജീവനക്കാരന് രോഗമുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ അയാള്‍ക്ക് വേതനം നല്കുന്ന പദ്ധതിയാണിത്. സര്‍വീസ് മേഖലകളില്‍ ഇതിനായി ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍ പ്രാക്ടീഷണര്‍മാരെ നിയമിച്ചിട്ടുണ്ട്. അനുവദനീയ ദിവസവേതനത്തിന്റെ 70 ശതമാനമാണ് ഇതിന്റെ നിരക്ക്. ആനുകൂല്യം നേടുന്നതിന് 78 ദിവസത്തെ വിഹിതം അടച്ചിട്ടുണ്ടാകണം എന്നതാണ് ചട്ടം. ഒന്‍പത് മാസത്തെ സേവനകാലയളവ് പൂര്‍ത്തിയാക്കുകയും വേണം. തുടര്‍ച്ചയായുള്ള രണ്ട് ആനുകൂല്യകാലയളവിലെ പരമാവധി 91 ദിവസ കാലയളവിലേക്കാണ് രോഗാനുകൂല്യം നല്കുക. എയ്ഡ്സ്, ക്ഷയം, കുഷ്ഠം തുടങ്ങിയ 34 രോഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക പരണഗണനയുണ്ട്. ഇവിടെ ദീര്‍ഘിപ്പിച്ച സാമ്പത്തിക ആനുകൂല്യം നല്കാറുണ്ട്. വൈകല്യ സാഹചര്യം ഒഴികെ ഇന്‍ഷ്വേഡ് വ്യക്തി രണ്ടുവര്‍ഷം തുടര്‍ച്ചയായി ജോലിയില്‍ ആയിരുന്നിരിക്കണം. തൊട്ടുമുമ്പുള്ള നാല് ആനുകൂല്യ കാലയളവില്‍ കുറഞ്ഞത് 156 ദിവസത്തെ വിഹിതം നല്കിയിട്ടുണ്ടാവണം.അനുവദനീയമായ ദിവസ വേതന നിരക്കിന്റെ 80 ശതമാനം എന്ന കണക്കിലായിരിക്കും ദീര്‍ഘിപ്പിച്ച രോഗാനുകൂല്യത്തിന്റെ ദിവസനിരക്ക്. 91 ദിവസത്തേക്ക് നല്കുന്ന രോഗാനുകൂല്യം അവസാനിച്ചാല്‍ ദീര്‍ഘിപ്പിച്ച രോഗാനുകൂല്യം പ്രത്യേക സാഹചര്യത്തില്‍ രണ്ടു വര്‍ഷം വരെ നീട്ടാവുന്നതുമാണ്. കോവിഡിനെ തുടര്‍ന്ന് ഇതില്‍ പല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പ്രസവാനുകൂല്യം

പ്രസവാനുകൂല്യത്തിന് തുടര്‍ച്ചയായി രണ്ടു വിഹിത കാലയളവില്‍ 70 ദിവസത്തെ വിഹിതത്തുക നല്‍കിയിരിക്കണം. 12 ആഴ്ചയാണ് സാധാരണയായി അനുവദിക്കുന്നത്. പ്രസവത്തിനു മുമ്പ് ആറ് ആഴ്ചയില്‍ക്കൂടുതല്‍ ഈ ആനുകൂല്യം നല്കുന്നതല്ല. പ്രസവാനുകൂല്യകാലത്തു മുഴുവന്‍ വേതനവും ലഭിക്കാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ടായിരിക്കും. ഗര്‍ഭം അലസിപ്പോകുന്ന ഘട്ടങ്ങളില്‍ ആറ് ആഴ്ചത്തെ ആനുകൂല്യം നല്കാറുണ്ട്. ഗര്‍ഭധാരണം, പ്രസവം, ഗര്‍ഭം അലസിപ്പോകല്‍, അകാലജനനം എന്നിവ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് സാധാരണ ആനുകൂല്യങ്ങള്‍ക്കു പുറമേ ഒരു മാസത്തില്‍ കവിയാത്ത കാലത്തെ അവധിയും അനുവദിക്കുന്നു.

വൈകല്യം

തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ മൂലം സംഭവിക്കുന്ന അവശതകള്‍ക്കു നല്കുന്ന ആനുകൂല്യമാണിത്. രണ്ടു വിധത്തിലാണ് ഇത്. സ്ഥിരമായ പൂര്‍ണവൈകല്യം, താത്ക്കാലിക വൈകല്യം. ഇവിടെ ദിവസക്കണക്കിന് നല്‍കുന്ന ആനുകൂല്യം ശരാശരി രോഗാനുകൂല്യ നിരക്കിനെക്കാള്‍ 40 ശതമാനം കൂടുതലായിരിക്കും. അത് വേതന നിരക്കിന്റെ ഏകദേശം 90 ശതമാനവുമായിരിക്കും, സ്ഥിരമായ ഭാഗിക വൈകല്യത്തിന് ആനുകൂല്യ നിരക്ക് സമ്പാദ്യശേഷി നഷ്ടപ്പെട്ട ശതമാനത്തിന് ആനുപാതികമായിരിക്കും. ഇവിടെ ഞായറാഴ്ചകളും ആനുകൂല്യം പരിഗണിക്കുമ്പോള്‍ കണക്കാക്കും. വൈകല്യം നിലനില്‍ക്കുന്നിടത്തോളം താത്ക്കാലിക വൈകല്യാനുകൂല്യം നല്‍കുന്നതാണ്. പൂര്‍ണ വൈകല്യാനുകൂല്യം ഗുണഭോക്താവിന് ആജീവനാന്തം നല്കുന്നതാണ്. ഇവിടെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും.

ആശ്രിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍

ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി തൊഴില്‍-അപകടം മൂലം മരിച്ചാല്‍ അയാളുടെ ആശ്രിതര്‍ക്കു പെന്‍ഷന്‍ നല്കുന്നുണ്ട്. ആശ്രിതരുടെ ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരാണ് വിധവ, മകന്‍, ദത്തുപുത്രന്‍, വിവാഹം കഴിക്കാത്ത പുത്രി, വിവാഹം കഴിക്കാത്ത ദത്തുപുത്രി എന്നിവര്‍. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. മകന് 25 വയസ്സുവരെയും പെണ്‍മക്കള്‍ വിവാഹിതരാവുന്നതു വരെയുമാണ് ഇത്. മരിച്ചുപോയ വ്യക്തിയെ ആശ്രയിച്ചു മാത്രം കഴിയുന്നവര്‍ക്കും മറ്റു ഉപജീവനമാര്‍ഗങ്ങള്‍ക്കു കഴിവില്ലാത്തവര്‍ക്കും കഴിവില്ലായ്മ നിലനില്ക്കുന്നിടത്തോളം കാലം പെന്‍ഷന്‍ നല്കിവരുന്നു. അനുവദനീയമായ ദിവസ വേതനത്തുകയുടെ 90 ശതമാനമാണ് നല്കുക. ഇത് ഓരോ മാസവും ലഭ്യമാക്കുന്നതാണ്.