image

13 Jan 2022 6:46 AM IST

Learn & Earn

വായ്പയ്ക്ക് പലിശ കൂടുതലാണോ? ഡൗണ്‍ പേയ്‌മെന്റ് കൂട്ടി നല്‍കാം

MyFin Desk

വായ്പയ്ക്ക് പലിശ കൂടുതലാണോ? ഡൗണ്‍ പേയ്‌മെന്റ് കൂട്ടി നല്‍കാം
X

Summary

ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് നിങ്ങളുടെ മൊത്തത്തിലുള്ള പലിശ നിരക്കുകള്‍ കുറയ്ക്കാനും നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും സഹായിക്കും.


ഒരു വീട്, വാഹനം അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ വാങ്ങുന്നതിന് മുഴുവന്‍ തുകയും ബാങ്കുകള്‍ വായ്പയായി നല്‍കില്ല. കുറച്ച് പണം നമ്മള്‍...

 

ഒരു വീട്, വാഹനം അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ വാങ്ങുന്നതിന് മുഴുവന്‍ തുകയും ബാങ്കുകള്‍ വായ്പയായി നല്‍കില്ല. കുറച്ച് പണം നമ്മള്‍ കൈയ്യില്‍ നിന്ന് ഇടേണ്ടിവരും. ഈ തുകയാണ് ഡൗണ്‍ പേയ്‌മെന്റ്. പല സ്ഥാപനങ്ങളും വ്യത്യസ്ത വായ്പകള്‍ക്ക് വിവിധങ്ങളായ ഡൗണ്‍ പേയ്‌മെന്റ് ചട്ടങ്ങളാവും നടപ്പാക്കിയിട്ടുണ്ടാവുക. ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് നിങ്ങളുടെ മൊത്തത്തിലുള്ള പലിശ നിരക്കുകള്‍ കുറയ്ക്കാനും നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് കുറയ്ക്കാനും സഹായിക്കും. എന്നാല്‍ ഡൗണ്‍ പേയ്‌മെന്റ് ആവശ്യമില്ലാത്ത വായ്പകളുമുണ്ട്.

ഭവന വായ്പയും ഡൗണ്‍ പേയ്മെന്റും

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാധാരണ 80 ശതമാനം തുക മാത്രമാണ് ഭവന വായ്പ എടുക്കുന്നവര്‍ക്ക് നല്‍കുന്നത്. ബാക്കി 20 ശതമാനം വായ്പയെടുക്കുന്നയാള്‍ സമാഹരിക്കണം. എന്നാല്‍ മത്സരത്തിന്റെ ഫലമായി പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഡൗണ്‍ പേയ്‌മെന്റ് തുക കുറച്ച് നല്‍കാറുണ്ട്. അതായത് എന്തിനാണോ വായ്പ എടുക്കുന്നത് അതിന് വേണ്ടി ഉടമ നല്‍കേണ്ട വിഹിതത്തില്‍ ഇളവ് നല്‍കാറുണ്ട്. അതായത് അത്രയും പണം കൂടി സ്ഥാപനം വഹിക്കും.

മറഞ്ഞിരിക്കുന്ന അപകടം

ഇവിടെ ഒരു അപകടം പതിയിരിക്കുന്നുണ്ട്. സാവധാനം സ്വന്തമാക്കാനുള്ള ആവേശത്തില്‍ ഈ രീതി അവലംബിച്ചാല്‍ ഭാവിയില്‍ തിരിച്ചടവ് ബാധ്യത കൂടും. കാരണം 10 ലക്ഷം രൂപയുടെ വായ്പയില്‍ 20 ശതമാനമാണ് ഡൗണ്‍ പേയ്‌മെന്റ് എങ്കില്‍ വായ്പ എടുക്കുന്ന ആള്‍ ഇടേണ്ട തുക രണ്ടു ലക്ഷം രൂപയാണ്. ബാക്കി 8 ലക്ഷം ബാങ്ക് വായ്പയും. ഇത് 10 ശതമാനമാക്കി കുറച്ചാല്‍ വായ്പ എടുക്കുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയാല്‍ മതി. ബാക്കി 9 ലക്ഷവും ബാങ്ക് ആണ് നല്‍കുക. അപ്പോള്‍ സ്വാഭാവികമായും അധികമായ വായ്പ ലഭിച്ച ഒരു ലക്ഷം രൂപയ്ക്ക് വായ്പാ കാലമത്രയും പലിശ നല്‍കേണ്ടി വരും. ഇത് ഇ എം ഐ അടവ് കൂട്ടുകയും ചെയ്യും.

ഇ എം ഐ കുറയ്ക്കാം

ഭവന-വാഹന വായ്പകള്‍ക്ക് അതുകൊണ്ട് കഴിയുന്നത്ര ഡൗണ്‍ പേയ്‌മെന്റ് തുക കൈയ്യില്‍ നിന്ന് നല്‍കുന്നതാണ് നല്ലത്. മറ്റ് ആസ്തികള്‍ വാങ്ങുന്നതിനായി എടുക്കുന്ന വായ്പയ്ക്കും ഡൗണ്‍ പേയ്മെന്റ് കൂടുതലാണെങ്കില്‍ മേല്‍പ്പറഞ്ഞ ഗുണങ്ങളുണ്ട്. അതുകൊണ്ട് ഇത്തരം വായ്പ്പകളെടുക്കുമ്പോള്‍ ഡൗണ്‍ പേയ്മെന്റ് വിവരങ്ങള്‍ കൃത്യമായും മനസിലാക്കുകയും ശരിയായ വായ്പ തിരഞ്ഞെടുക്കുകയും വേണം. വായ്പകള്‍ക്ക് പലിശ കൂടുതലാണെങ്കില്‍ നിശ്ചയമായും ഡൗണ്‍ പേയ്‌മെന്റ് തുക കൂട്ടണം. അല്ലെങ്കില്‍ അത് കൂടിയ ബാധ്യത ഉണ്ടാക്കും.