image

12 Jan 2022 11:50 PM GMT

Social Security

നഗരങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനം ദേശീയ നഗര ഉപജീവന മിഷനിലൂടെ

MyFin Desk

നഗരങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനം ദേശീയ നഗര ഉപജീവന മിഷനിലൂടെ
X

Summary

ആദ്യ ഘട്ടത്തില്‍ 14 നഗരങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതി 2016 നവംബര്‍ 1 മുതല്‍ കേരളത്തിലെ മുഴുവന്‍ നഗരസഭകളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്


നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ദേശീയ...

നഗരപ്രദേശങ്ങളിലെ ദാരിദ്ര്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ദേശീയ നഗര ഉപജീവന മിഷന്‍ (ദീന്‍ദയാല്‍ അന്ത്യോദയ യോജന). കേരളത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കി തുടങ്ങിയത് 2015 മെയ് മാസം മുതലാണ്. ആദ്യ ഘട്ടത്തില്‍ 14 നഗരങ്ങളില്‍ നടപ്പിലാക്കിയിരുന്ന പദ്ധതി 2016 നവംബര്‍ 1 മുതല്‍ കേരളത്തിലെ മുഴുവന്‍ നഗരസഭകളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നഗര പ്രദേശങ്ങളിലെ ദാരിദ്ര്യമകറ്റാന്‍ പര്യാപ്തമായ വ്യത്യസ്ത പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ കുടുംബശ്രീയാണ് പദ്ധതി നടപ്പാക്കുന്നത്.

വരുമാനം അര ലക്ഷം

നഗര പ്രദേശങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ലക്ഷ്യം. 50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളുടെ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപയും എ.ഡി.എസ്സുകള്‍ക്ക് 50,000 രൂപയും ഈ പദ്ധതി പ്രകാരം റിവോള്‍വിംഗ് ഫണ്ടായി നല്‍കുന്നു. നഗര ഉപജീവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വരെയും നഗരസഭകള്‍ക്ക് നല്‍കുന്നു. നഗരങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതും ഇതിന്റെ ഭാഗമാണ്.

70 ശതമാനം

സ്വയം തൊഴില്‍ കൂടാതെ ശമ്പളാടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നതിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് നഗര പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ തൊഴില്‍ വൈദഗ്ധ്യം ഉയര്‍ത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവരില്‍ 70% പേര്‍ക്കും തൊഴില്‍ ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

പലിശ ഇളവ്

നഗരങ്ങളിലെ ദരിദ്രര്‍ക്ക് അവരുടെ നൈപുണ്യത്തിനും ലഭിച്ചിരിക്കുന്ന പരിശീലനത്തിനും വാസനയ്ക്കും പ്രാദേശിക പരിസ്ഥിതിക്കും അനുയോജ്യമായ വിധത്തില്‍ ഒറ്റയ്ക്കും കൂട്ടായും ഉള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവിടെ ഊന്നല്‍. വായ്പകള്‍ക്ക് 7%ല്‍ അധികം വരുന്ന പലിശ തുക ഗുണഭോക്താക്കള്‍ക്ക് ഇളവായി നല്‍കുന്നു.

കച്ചവടത്തിന്

തെരുവ് കച്ചവടക്കാരുടെ തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തല്‍, അവര്‍ക്കുവേണ്ടിയുള്ള പരിശീലനം, സൂക്ഷ്മസംരംഭങ്ങളുടെ വികസനം, തെരുവ് വ്യാപാരത്തിനനുകൂലമായ നഗരാസൂത്രണം, തെരുവ് കച്ചവടക്കാരുടെ രജിസ്‌ട്രേഷന്‍, അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കല്‍,അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. തെരുവ് കച്ചവടക്കാര്‍ക്കിടയിലെ ദുര്‍ബല വിഭാഗങ്ങളായ സ്ത്രീകള്‍, പട്ടിക ജാതിക്കാര്‍, പട്ടിക വര്‍ഗ്ഗക്കാര്‍, ന്യൂനപക്ഷം എന്നീ
വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ, സംവിധാനങ്ങള്‍ക്കുള്ള സഹായങ്ങള്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. ഈ സാമ്പത്തിക വര്‍ഷം 5,000 തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.