
Summary
ഹരിത ട്രിബ്യുണല്‍ ബില്ലില്‍ പറഞ്ഞിട്ടുള്ള പരിസ്ഥിതി സംബന്ധിച്ച ഏതൊരു സിവില്‍ നിയമവും ഹരിത ട്രിബ്യുണലിന്റെ വിഷയമാകും.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രകൃതി സംരക്ഷണത്തിന്ന് നല്‍കേണ്ട പ്രാധാന്യം നമ്മുടെ ഭരണഘടന ഊന്നി പറയുന്നുണ്ട്. ഭരണഘടനയുടെ 48 A വകുപ്പ്...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രകൃതി സംരക്ഷണത്തിന്ന് നല്‍കേണ്ട പ്രാധാന്യം നമ്മുടെ ഭരണഘടന ഊന്നി പറയുന്നുണ്ട്. ഭരണഘടനയുടെ 48 A വകുപ്പ് പ്രകൃതി സംരക്ഷണത്തില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം അടിവരയിടുന്നു: 'പരിസ്ഥിതി സംരക്ഷിച്ചു നിര്‍ത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തെ വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷിക്ഷണത്തിനും സര്‍ക്കാരുകള്‍ പ്രയത്‌നിച്ച്‌കൊണ്ടിരിക്കണം.'സര്‍ക്കാരുകളുടെ മാത്രമല്ല പ്രകൃതി സംരക്ഷണം രാജ്യത്തെ ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയുടെ 51 A (g) വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. പക്ഷെ ഇതൊന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രചോദനമായില്ല. പരിസ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങളും അതനുസരിച്ച് മാറി വരുന്ന അവബോധവും ഐക്യ രാഷ്ട സഭയുടെ ഇടപെടലുകളും എല്ലാം രാഷ്ടങ്ങളുടെ പദ്ധതികളില്‍ പരിസ്ഥിതിക്ക് പ്രാധാന്യം വര്‍ദ്ധിക്കാന്‍ കാരണമായി. അതിന്റെ ചുവട് പിടിച്ചു ഇന്ത്യന്‍ പാര്‍ലമെന്റും പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായുള്ള ഒരു നിയമ സംവിധാനത്തിന് തുടക്കം കുറിച്ച്. അതാണ് ദേശീയ ഹരിത ട്രിബ്യുണല്‍ നിയമം (നാഷണല്‍ ഗ്രീന്‍ ട്രിബുണല്‍ ആക്ട്).
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലൂടെയാണ് ദേശീയ ഹരിത ട്രിബ്യുണല്‍ നിലവില്‍ വന്നത്. ഭരണഘടനയുടെ 21 A അനുശാസിക്കുന്ന വ്യക്തി സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും, അതു ഉറപ്പ് നല്‍കുന്ന ആരോഗ്യകരമായ പരിസ്ഥിതിക്കുള്ള പൗരന്റെ അവകാശവും അടിസ്ഥാനമാക്കിയാണ് ഈ നിയമം നിര്‍മ്മിച്ചത്. പ്രകൃതി സംരക്ഷണവുമായി ബന്ധപെട്ടു ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് കാലതാമസമില്ലാതെ ഫലപ്രദമായി പരിഹാരം കാണുക എന്നതാണ് ഇതിന്റെ ലക്ഷ്യ നിര്‍വചനം.
ദേശീയ ഹരിത ട്രിബ്യുണലിന്റെ ഘടന ഹരിത ട്രിബ്യുണലിന്റെ ആസ്ഥാനം ഡല്‍ഹിയിലാണ്. ജമ്മുകശ്മീര്‍ അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മിക്കതും ഇതിന്റെ പരിധിയിലാണ് വരിക. ഇതുകൂടാതെ പ്രാദേശീയമായ നാലു ബെഞ്ചുകള്‍ കൂടിയുണ്ട്. മഹാരാഷ്ട്രയും ഗുജറാത്തും ഉള്‍പ്പെട്ട പശ്ചിമ മേഖല പുണെ ആസ്ഥാനമാക്കിയ ബെഞ്ചിന് കീഴിലും, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ഭോപ്പാല്‍ ആസ്ഥാനമാക്കിയ ബെഞ്ചിന്ന് കീഴിലും, ബിഹാര്‍, ഒറീസ, ബംഗാള്‍, വടക്ക് കിഴക്ക് സംസ്ഥാങ്ങളും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ കൊല്‍ക്കൊത്ത ആസ്ഥാനമാക്കിയ ബെഞ്ചിന് കീഴിലും ഉള്‍പെടും. കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചെന്നൈ ബെഞ്ചിന് കീഴിലാണ് വരിക. സര്‍ക്യുട്ട് ബെഞ്ചുകള്‍ എന്നൊരു സംവിധാനവും ട്രിബ്യുണലില്‍ ഉണ്ട്. ആസ്ഥാനം സ്ഥിതി ചെയുന്ന സ്ഥലത്തല്ലാതെ ബെഞ്ചിന്റെ ഭാഗമായ മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലും സിറ്റിംഗ് നടത്താന്‍ സൗകര്യം ഒരുക്കുന്നതാണ് ഈ സംവിധാനം.
ഹരിത ട്രിബ്യുണല്‍ ബില്ലില്‍ പറഞ്ഞിട്ടുള്ള പരിസ്ഥിതി സംബന്ധിച്ച ഏതൊരു സിവില്‍ നിയമവും ഹരിത ട്രിബ്യുണലിന്റെ വിഷയമാകും. 1974 ലെ ജലമലിനീകരണം തടയാനുള്ള നിയമം, 1977 ലെ വെള്ളക്കരം സംബന്ധിച്ച നിയമം, 1980 ലെ വന സംരക്ഷണ നിയമം, 1981 ലെ വായു മലിനീകരണ നിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2002 ലെ ജൈവ വൈവിധ്യ നിയമം എന്നിവ അതില്‍ ചിലത് മാത്രം.
ഈ നിയമങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന എന്ത് സര്‍ക്കാര്‍ തീരുമാനവും ട്രിബ്യുണലില്‍ ചോദ്യം ചെയ്യപ്പെടാം. ട്രിബ്യുണലിന്റെ അധ്യക്ഷന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയായിരിക്കും. പ്രാദേശിക ബെഞ്ചുകളുടെ അധ്യക്ഷന്മാര്‍ വിരമിച്ച ഹൈ കോടതി ജഡ്ജിമാരാവും. ഓരോ ബെഞ്ചിലും ഒരു ജഡ്ജിയും പരിസ്ഥിതി വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഒരാളും അംഗങ്ങളായിരിക്കും. ട്രിബ്യുണലിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്.
പഠിക്കാം & സമ്പാദിക്കാം
Home