വരുമാനത്തിന്റെ ശ്രോതസ്സുകളില്‍ നിന്നുതന്നെ നികുതി പിരിക്കുന്നതിനെയാണ് ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് (ടി ഡി എസ്) അഥവാ ഉറവിട നികുതി...
വരുമാനത്തിന്റെ ശ്രോതസ്സുകളില്‍ നിന്നുതന്നെ നികുതി പിരിക്കുന്നതിനെയാണ് ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് (ടി ഡി എസ്) അഥവാ ഉറവിട നികുതി എന്ന് പറയുന്നത്. നികുതി ഈടാക്കിയ ശേഷം ബാക്കി തുക മാത്രം കൈമാറുന്ന സംവിധാനമാണിത്. ഈ നികുതി കേന്ദ്ര ഗവണ്‍മെന്റിന് നല്‍കാന്‍ അത് ഈടാക്കുന്ന വ്യക്തിയോ സ്ഥാപനമോ ബാധ്യസ്ഥരാണ്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും കുറച്ച് ആദായനികുതിയുടെ സര്‍ട്ടിഫിക്കറ്റ് (ഫോം 16) എല്ലാ വര്‍ഷവും മെയ് 31 ന് മുന്‍പായി വ്യക്തികള്‍ക്ക് നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് തുക ക്രെഡിറ്റായി ആദായനികുതി വകുപ്പില്‍ നിന്നും ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ലഭിച്ചേക്കാം.
ടി ഡി എസ് വ്യക്തിഗത പണമിടപാടുകളില്‍ ഉള്ളത് പോലെ കമ്പനികള്‍ക്കും ബാധകമാണ്. ഉദാഹരണത്തിന് രണ്ടു കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര ഗവണ്‍മെന്റിന് നല്‍കേണ്ട നികുതി ആദ്യ കമ്പനിയുടെ തുകയില്‍ നിന്ന് കുറച്ചതിന് ശേഷം രണ്ടാമത്തെ കമ്പനിക്ക് നല്‍കുന്നു.
ഫോം 16
സ്രോതസ്സില്‍ നിന്ന് ഈടാക്കിയ നികുതി ഗവണ്‍മെന്റിലേക്ക് നല്‍കിയെന്ന് ഉറപ്പ് വരുത്തുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോം 16. ഫോം 16 -നെ പാര്‍ട്ട് എ എന്നും പാര്‍ട്ട് ബി എന്നും തരം തിരിച്ചിരിക്കുന്നു. നികുതി വിവരങ്ങളുടെ ക്വാര്‍ട്ടര്‍ തിരിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിശദാംശങ്ങളാണ് പാര്‍ട്ട് എ. നികുതി പിരിച്ച തുക, ബാക്കി ശമ്പളം, എന്നിവ സംബന്ധിച്ച വിവരങ്ങളാണ് പാര്‍ട്ട് ബിയില്‍ അടങ്ങിയിരിക്കുക. ഈ സര്‍ട്ടിഫിക്കറ്റ് എല്ലാ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് മെയ് 31 നുള്ളില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഉറവിട നികുതി കേന്ദ്ര ഗവണ്‍മെന്റിലേക്ക് ഇ പേയ്മെന്റിലൂടെയും അംഗികൃത ബാങ്ക് വഴിയും അടയ്ക്കാന്‍ കഴിയും.