image

16 Jan 2022 11:23 PM GMT

Personal Identification

പാന്‍ കാര്‍ഡിനെ അറിയാം

MyFin Desk

പാന്‍ കാര്‍ഡിനെ അറിയാം
X

Summary

നികുതി ദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്.


നികുതി ദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ്...

 

നികുതി ദായകര്‍ക്ക് ബാധകമായ തിരിച്ചറിയല്‍ നമ്പറാണ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. ആദായ നികുതി വകുപ്പാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കമ്പനിയുടെ നികുതി അടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ഒറ്റ നമ്പറില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഒറ്റ പാന്‍ നമ്പറില്‍ ഇത്രയും വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഡ്യൂപ്ലിക്കേഷനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാകുന്നു. ഇങ്ങനെ ഒരു വ്യക്തിയുടെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ പാന്‍ നമ്പറില്‍ രേഖപ്പെടുത്തുന്നു. ഇതൊരു 10 അക്ക തിരിച്ചറിയല്‍ നമ്പറാണ്. പാന്‍ ഒരു സംഖ്യയാണെങ്കിലും, നിങ്ങളുടെ പേരും ജനന തീയതിയും ഫോട്ടോയും ഉള്ള ഒരു ഫിസിക്കല്‍ കാര്‍ഡാണ് പാന്‍ കാര്‍ഡ്.

പാന്‍ കാര്‍ഡ് അപേക്ഷ

പാന്‍കാര്‍ഡ് എടുക്കുന്നതിന് വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൂടാതെ സൈറ്റില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനായും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് എന്‍ എസ് ഡി എല്‍ അല്ലെങ്കില്‍ യു റ്റി ഐ ഐ ടി എസ് എല്‍ എന്നീ വെബ്‌സൈറ്റുകളിലൊന്നിനെ ആശ്രയിക്കാം. നിങ്ങളുടെ അടുത്തുള്ള അക്ഷയ സെന്ററില്‍ നിന്നും പാന്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സഹായം ലഭിക്കും. എന്‍ എസ് ഡി എല്‍ വെബ്സൈറ്റ് അനുസരിച്ച്, കാര്‍ഡുകള്‍ അച്ചടിക്കുന്നതിനും അയയ്ക്കുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും ഏകദേശം 2 ആഴ്ചയോ 14 ദിവസമോ എടുക്കും.

ഓഫ്‌ലൈനായി അപേക്ഷിക്കുന്നതിന് ഏതെങ്കിലും ജില്ലാതല പാന്‍ ഏജന്‍സികളെ ആശ്രയിക്കാം. പാന്‍ കാര്‍ഡിനായി രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കണം. നിങ്ങളുടെ നിലവിലുള്ള പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാം. മാത്രമല്ല പാന്‍ കാര്‍ഡിലെ വിവരങ്ങളും ഓണ്‍ലൈനായി തിരുത്താവുന്നതാണ്. പുതിയതോ അല്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡിനോ അപേക്ഷിച്ചാല്‍ ലഭ്യമായ അക്നോളജ്മെന്റ് നമ്പര്‍ വഴി നിങ്ങള്‍ക്ക് പാന്‍ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാം. തിരുത്തലുകള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

ആവശ്യമായ രേഖകള്‍

ഇന്ത്യക്കാര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ, ജനന തീയതി തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവിശ്യം. വോട്ടര്‍ ഐ ഡി കാര്‍ഡ്, പാസ്സ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ തിരിച്ചറിയല്‍ രേഖയായി നല്‍കാം. വൈദ്യുതി ബില്ലുകള്‍, വോട്ടര്‍ ഐ ഡി കാര്‍ഡ്, പാസ്സ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയവ വിലാസം തെളിയിക്കുന്നതിനും ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്സ്പോര്‍ട്ട് തുടങ്ങിയവ ജനന തീയതി തെളിക്കുന്നതിനും സമര്‍പ്പിക്കാം.

ആവശ്യമാണ്

നേരിട്ടുള്ള നികുതി അടയ്ക്കുമ്പോള്‍ പാന്‍ ആവശ്യമാണ്. ഒരു സംരംഭം രജിസ്റ്റര്‍ ചെയ്യുമ്പോഴും പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അഞ്ച് ലക്ഷം രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള വസ്തുവിന്റെ വില്‍പന അല്ലെങ്കില്‍ വാങ്ങല്‍, ഇരുചക്ര വാഹനം ഒഴികെയുള്ള വാഹനത്തിന്റെ വില്‍പന അല്ലെങ്കില്‍ വാങ്ങല്‍, ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും 25,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ ഇവയ്‌ക്കെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്.

മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ ആവശ്യകതകളുമായി ബന്ധപ്പെട്ട് നടത്തിയ പേയ്‌മെന്റുകള്‍, ബാങ്ക് നിക്ഷേപങ്ങളിലേക്ക് 50,000 രൂപയില്‍ കൂടുതല്‍ പണമടയ്ക്കുന്നത്, 50,000 രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള ഓഹരികള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ എന്നിവയുടെ ക്രയവിക്രയങ്ങളില്‍ തുടങ്ങിയവയ്‌ക്കെല്ലാം പാന്‍ വിവരങ്ങള്‍ ആവശ്യമാണ്.

പേര്, വയസ്സ്, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ പാന്‍ കാര്‍ഡില്‍ അടങ്ങിയിരിക്കുന്നതിനാല്‍, അത് തിരിച്ചറിയല്‍ രേഖയായും രാജ്യത്തുടനീളം ഉപയോഗിക്കാം. നികുതിവെട്ടിപ്പ് തടയുന്നതിന് പാന്‍ സഹായിക്കുന്നു. വൈദ്യുതി, ടെലിഫോണ്‍, എല്‍ പി ജി, ഇന്റര്‍നെറ്റ് തുടങ്ങിയ യൂട്ടിലിറ്റി കണക്ഷനുകള്‍ ലഭ്യമാക്കാനും പാന്‍ കാര്‍ഡ് ഉപയോഗിക്കാം. നിങ്ങളുടെ പാന്‍ കാര്‍ഡിന് ആജീവനാന്ത സാധുതയുണ്ട്, കാരണം വിലാസത്തിലെ മാറ്റങ്ങളൊന്നും അതിനെ ബാധിക്കില്ല.