image

18 Jan 2022 12:07 AM GMT

Social Security

ഭിന്നശേഷിക്കാര്‍ക്കായി വിദ്യാജ്യോതി പദ്ധതി

MyFin Desk

ഭിന്നശേഷിക്കാര്‍ക്കായി  വിദ്യാജ്യോതി പദ്ധതി
X

Summary

ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി അപേക്ഷയില്‍ നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്.


ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും ലക്ഷ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദീന്‍ദയാല്‍ പുനരധിവാസ പദ്ധതിയുടെ...

ഭിന്നശേഷിക്കാരുടെ പുനരധിവാസവും ഉന്നമനവും ലക്ഷ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദീന്‍ദയാല്‍ പുനരധിവാസ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിരിക്കുന്ന സമഗ്ര പദ്ധതിയാണ് 'അതിജീവനം'. വിവിധ ശാരീരിക, മാനസിക, വെല്ലുവിളി നേരിടുന്നവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, സര്‍ക്കാരിതര ഏജന്‍സികള്‍ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ഭിന്നശേഷിക്കാരായവര്‍ക്ക് പുനരധിവാസം ഉറപ്പു വരുത്തി കുടുംബ ജീവിതം സാധ്യമാക്കുക, അംഗപരിമിതരുടെ മുഖ്യധാരാവല്‍ക്കരണത്തിനും അവകാശ സംരക്ഷണത്തിനും സ്വമേധയാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളെ പ്രോത്സാഹിപ്പിക്കുക, അംഗപരിമിതര്‍ക്ക് ഏകീകൃത മാതൃകയില്‍ സേവനം നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യം. ഇതിനായി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, അംഗപരിമിതര്‍ക്കുള്ള പകല്‍ പരിപാലന കേന്ദ്രങ്ങള്‍, കാഴ്ച്ചവൈകല്യമുള്ളവര്‍ക്കും, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കും വിവര സാങ്കേതിക വിദ്യയിലൂന്നിയുള്ള സഹായം എന്നിവയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

വിദ്യാജ്യോതി പദ്ധതി

ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേയ്ക്ക് നയിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാജ്യോതി. പദ്ധതി പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ധനസഹായം നല്‍കുന്നു.

ഒന്‍പത് മുതല്‍ 10 വരെയുള്ള ക്ലാസ്സുകാര്‍ക്ക് പഠനോപകരണങ്ങള്‍ക്ക് 500 രൂപയും യൂണിഫോമിന് 1500 രൂപയും പദ്ധതി വഴി ലഭിക്കും. 11,12 ക്ലാസുകാര്‍ക്കും ഐ ടി ഐ, പോളിടെക്ക്‌നിക്ക്, വി എച്ച് എസ് സി ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും 2000 രൂപ പഠനസഹായമായും 2000 രൂപ യൂണിഫോമിനുള്ള തുകയായും നല്‍കും. ഡിഗ്രി, ഡിപ്ലോമ, പ്രൊഫെഷണല്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് പഠനോപകരണങ്ങള്‍ക്ക് 3000 രൂപ പദ്ധതി പ്രകാരം നല്‍കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും 3000 രൂപ പദ്ധതി പ്രകാരം ലഭിക്കും.

യോഗ്യത

അപേക്ഷകര്‍ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരിക്കണം. അപേക്ഷകന് 40 ശതമാനമോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി അപേക്ഷയില്‍ നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഇവിടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്.