image

29 March 2022 8:00 PM GMT

Fixed Deposit

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്

Myfin Editor

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്
X

Summary

ഏപ്രില്‍ ഒന്നുമുതല്‍ ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ വരുകയാണ്. ഇപിഎഫ് പലിശയ്ക്ക് നികുതി, വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കുള്ള നികുതി തുടങ്ങിയവ അതില്‍ ചിലതാണ്.ചുവടെ ആദായ നികുതിയില്‍ ഏപ്രില്‍ ഒന്നുമുതല്‍ വരുന്ന ഏതാനും മാറ്റങ്ങളാണ് കൊടുത്തിരിക്കുന്നത്. ഇപിഎഫ് പലിശയ്ക്ക് നികുതി ഏപ്രില്‍ ഒന്നുമുതല്‍ എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കും. വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതലാണ് നിക്ഷേപമെങ്കില്‍ കൂടുതലായി വരുന്ന നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കാണ് നികുതി. ആദായ നികുതി നിയമത്തിന്റെ […]


ഏപ്രില്‍ ഒന്നുമുതല്‍ ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ വരുകയാണ്. ഇപിഎഫ് പലിശയ്ക്ക് നികുതി, വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കുള്ള...

ഏപ്രില്‍ ഒന്നുമുതല്‍ ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ വരുകയാണ്. ഇപിഎഫ് പലിശയ്ക്ക് നികുതി, വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്കുള്ള നികുതി തുടങ്ങിയവ അതില്‍ ചിലതാണ്.ചുവടെ ആദായ നികുതിയില്‍ ഏപ്രില്‍ ഒന്നുമുതല്‍ വരുന്ന ഏതാനും മാറ്റങ്ങളാണ് കൊടുത്തിരിക്കുന്നത്.

ഇപിഎഫ് പലിശയ്ക്ക് നികുതി
ഏപ്രില്‍ ഒന്നുമുതല്‍ എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് നികുതി ഈടാക്കും. വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതലാണ് നിക്ഷേപമെങ്കില്‍ കൂടുതലായി വരുന്ന നിക്ഷേപത്തിനു ലഭിക്കുന്ന പലിശയ്ക്കാണ് നികുതി. ആദായ നികുതി നിയമത്തിന്റെ 9ഡി സെക്ഷന്‍ പ്രകാരമാണ് നികുതി ഈടാക്കുന്നത്.
ഉയര്‍ന്ന നികുതി ബ്രാക്കറ്റില്‍ വരുന്ന നികുതി ദായകരെ ഉദ്ദേശിച്ചാണ് ഈ നികുതി അവതരിപ്പിച്ചിരിക്കുന്നത്. കാരണം നികുതി രഹിത വരുമാനത്തിനായി പലരും ഇപിഎഫിലെ നിക്ഷേപം ഉയര്‍ത്താം. കുറഞ്ഞ നിക്ഷേപമുള്ളവരെ ബാധിക്കുന്നതല്ല ഈ നിര്‍ദ്ദേശം.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി

2022 ലെ കേന്ദ്ര ബജറ്റിലാണ് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് പലിശ ഈടാക്കുമെന്ന നിര്‍ദ്ദേശം വന്നത്. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍, നോണ്‍-ഫംഗിബിള്‍ ടോക്കണ്‍സ് (എന്‍എഫ്ടി- ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷിച്ചിരിക്കുന്ന മറ്റ് ആസ്തികള്‍) എന്നിവയ്ക്ക് 30 ശതമാനം നിരക്കില്‍ നികുതി ഈടാക്കും. ഒപ്പം സെസും സര്‍ച്ചാര്‍ജും ഈടാക്കും. കൂടാതെ 194എസ് സെക് ഷന്‍ അനുസരിച്ച് ഇത്തരം ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ഉറവിട നികുതിയും ഈടാക്കും (ടിഡിഎസ്).
ഇത്തരം കൈമാറ്റത്തിലൂടെ എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ അത് മറ്റേതെങ്കിലും വരുമാനത്തിലൂടെ തട്ടിക്കിഴിക്കാന്‍ കഴിയില്ല.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് നികുതി ഈടാക്കും.
ഒരു ശതമാനം ടിഡിഎസ് എന്ന വ്യവസ്ഥ 2022 ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള ലാഭത്തിന് അല്ലെങ്കില്‍ നേട്ടത്തിനുള്ള നികുതി ഏപ്രില്‍ ഒന്നുമുതല്‍ നടപ്പില്‍ വരും.
വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ സമ്മാനമായി സ്വീകരിക്കുന്നയാളുകളുടെ കയ്യില്‍ നിന്നും നികുതി ഈടാക്കും.

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍

മുന്‍പ് നികുതി റിട്ടേണുകള്‍ പുനഃപരിശോധിക്കാന്‍, നികുതി ഫയല്‍ ചെയ്യേണ്ട തീയ്യതി മുതല്‍ അഞ്ച് മാസത്തെ സമയമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ പുതിയ വ്യവസ്ഥകള്‍ പ്രകാരം പുതുക്കിയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നികുതി നിര്‍ണയ വര്‍ഷത്തിന്റെ (അസെസ്മെന്റ് ഇയര്‍) അവസാനം മുതല്‍ രണ്ട് വര്‍ഷത്തെ സമയമുണ്ട്. എന്നാല്‍ പുതുക്കിയ റിട്ടേണില്‍ നഷ്ടമോ നികുതി ബാധ്യതയില്‍ കുറവോ വരുത്താന്‍ പാടില്ല.

കൊവിഡ്-19 നികുതി ഇളവ്

2021 ജൂണില്‍ കൊവിഡ് ചികിത്സയ്ക്ക ലഭിക്കുന്ന പണത്തിന് നികുതിയിളവ് ലഭിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് മരണശേഷം 12 മാസത്തിനുള്ളില്‍ ലഭിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുന്നത്. ഈ ഭേദഗതി 2020 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വന്നിരുന്നു.