image

29 Nov 2022 4:53 AM GMT

Learn & Earn

രാജ്യത്ത് ഡിജിറ്റൽ വായ്പ ഉയരുന്നു, 24 ശതമാനം വർധന

MyFin Desk

രാജ്യത്ത് ഡിജിറ്റൽ വായ്പ ഉയരുന്നു, 24 ശതമാനം വർധന
X


സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ ഡിജിറ്റൽ വായ്പാദാതാക്കൾക്ക് ശക്തമായ വായ്പ വളർച്ചയാണ് ഉണ്ടായത്. വായ്പകളുടെ എണ്ണത്തിലും നൽകുന്ന തുകയിലും കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായതിനേക്കാൾ വർധനയുണ്ടായെന്ന് 'ഫിൻടെക്ക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവേർമെൻറ്(ഫേസ്)' പുറത്തു വിട്ട കണക്കിൽ പറയുന്നു. ചെറുകിട കച്ചവടം ഉൾപ്പെടെ ബിസിനസുകൾക്കും, വ്യക്തികൾക്കും വായ്പകൾ നൽകുന്ന 21 ഫിൻ ടെക്ക് കമ്പനികളുടെ കൂട്ടായ്മയാണ് ഫേസ്.

കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 65.56 ലക്ഷം രൂപ വായ്പയായി വിതരണം ചെയ്തപ്പോൾ ഇത്തവണ 149 ശതമാനം വർധിച്ച് 162.95 ലക്ഷം രൂപയായി. പാദടിസ്ഥാനത്തിൽ വായ്പ തോതും മൂല്യവും യഥാക്രമം 21 ശതമാനവും 24 ശതമാനവും വർധിച്ചു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 11,296 കോടി രൂപയുടെ 135.13 ലക്ഷം വായ്പകളാണ് വിതരണം ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വായ്പ വിപുലീകരണത്തിലൂടെ സമ്പദ് വ്യവസ്ഥയിലേക്കു സംഭാവന നൽകുന്നതിനുള്ള അവസരങ്ങൾ ഫിൻടെക്ക് കമ്പനികൾ ഉപയോഗപെടുത്തിയെന്നും ആർബിഐ ഡിജിറ്റൽ വായ്പ വിതരണം നടപ്പിലാക്കിയത് ഫിൻടെക്ക് കമ്പനികൾക്കും, ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമായെന്നു ഫേസിന്റെ സിഇഒ സുഗന്ധ സക്‌സേന പറഞ്ഞു. ഈ പാദത്തിൽ മൊത്തത്തിലുള്ള ഇടപാടുകളിലെ ശരാശരി മൂല്യം 12,368 രൂപയായി. ഇതിനു തൊട്ടു മുൻപുള്ള പാദത്തിൽ 12,451 രൂപയും, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 11,851 രൂപയുമായിരുന്നു. ഓരോ ഫിൻ ടെക്ക് കമ്പനിയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉത്പന്നങ്ങളും, ഉപഭോക്‌തൃ വിഭാഗങ്ങളും വ്യത്യസ്തമായതിനാൽ ശരാശരി മൂല്യത്തിലും വ്യത്യസമുണ്ട്.

എംഎസ്എംഇ വായ്പകൾക്കായുള്ള ഡിമാൻഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 1.6 മടങ്ങ് വർധിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം സാമ്പത്തിക പ്രവർത്തങ്ങളിലുണ്ടായ പുരോഗതിയും, എമർജെൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീം പദ്ധതിയുടെ വിപുലീകരണവുമാണ് ഇതിനു സഹായിച്ചത്. ഡിജിറ്റൽ വായ്പ നൽകുന്ന കമ്പനികളുടെ വളർച്ചയും വായ്പയുടെ ഡിമാൻഡ് വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.