image

11 May 2023 4:30 PM GMT

Insurance

പോളിസി ഉടമയെ കാണാനില്ല; ഇന്‍ഷൂറന്‍സ് തുക കിട്ടാന്‍ എന്താണ് മാര്‍ഗം?

MyFin Desk

way to get the insurance amount
X

Summary

  • മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ 7 വര്‍ഷം
  • പോളിസി തുടര്‍ന്നും അടക്കണം
  • കോടതിയെ സമീപിക്കാം


ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി എടുത്തു കഴിഞ്ഞാല്‍ ആളുടെ മരണം ശേഷം കുടുംബത്തിന് നല്ലൊരു തുക ക്ലെയിമായി കിട്ടും. ഇത് അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പോളിസി കാലയളവില്‍ എടുത്തയാള്‍ കാണാതായാലോ? പണ്ടൊരു സുകുമാരകുറുപ്പിന്റെ കഥയ്ക്ക് പിന്നിലും ഈ പോളിസി ക്ലെയിം ആയിരുന്നല്ലോ? അതുപോലെ പോളിസി എടുത്ത വേണ്ടപ്പെട്ടവര്‍ ആരെങ്കിലും കാണാതെ പോയാല്‍ അയാള്‍ കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി എടുത്ത ഇന്‍ഷൂറന്‍സ് പദ്ധതി എന്തുചെയ്യണം? ഇത് ഇന്നും പലര്‍ക്കും അറിയില്ല.

നമ്മുടെ കുടുംബനാഥനോ നാഥയോ അങ്ങിനെ ആരെങ്കിലും മരിക്കുന്നതിന് പകരം ദീര്‍ഘകാലത്തേക്ക് കാണാതായാല്‍ അയാള്‍ ആ കുടുംബത്തിനെ സംബന്ധിച്ച് മരിച്ചതിന് തുല്യമാണോ? അദ്ദേഹം നമുക്ക് വേണ്ടി എടുത്തിരുന്ന പോളിസി തുക ക്ലെയിം ചെയ്യാന്‍ എന്തുചെയ്യണമെന്നൊക്കെ ഇവിടെ പങ്കുവെക്കാം.

ഇന്ത്യന്‍ എവിഡന്‍സ് ആക്ട് സെക്ഷന്‍ 108 പ്രകാരം ഒരാളെ കാണാതായ ശേഷം എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞാല്‍ അത് മരിച്ചതിന് തുല്യമായി കണക്കാക്കാം. കുടുംബത്തില്‍ ഒരാളെ കാണാതായാല്‍ അയാള്‍ ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ ഏഴ് കൊല്ലത്തേക്ക് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുന്നത് പിടിച്ചുവെക്കും.

കൂടാതെ കാണാതായ വ്യക്തിയുടെ കുടുംബം അയാളുടെ ടേം ഇന്‍ഷൂറന്‍സ് പോളിസിയുടെ പ്രീമിയം അടക്കുന്നത് തുടരണം. പിന്നീട് മരണ സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം കോടതിയെ സമീപിക്കാം. അപ്പോഴാണ് കോടതി ഇന്‍ഷൂറന്‍സ് കമ്പനിക്ക് നിര്‍ദേശങ്ങള്‍ക്ക് നല്‍കുന്നത്. ഇന്‍ഷൂറന്‍സ് തുടര്‍ന്ന് അടക്കുന്നതിന് പോലിസിന്റെ എഫ്‌ഐആറും ആളെ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ റിപ്പോര്‍ട്ടും കോടതി ഉത്തരവുകളുടെ പകര്‍പ്പും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ സമര്‍പ്പിക്കണം.

ക്ലെയിം എങ്ങിനെ?

തട്ടിക്കൊണ്ടുപോകുകയോ നഷ്ടപ്പെടുകയോ മരിച്ച ശേഷം മൃതദേഹം ലഭിക്കാതിരിക്കുകയോ ചെയ്യുന്ന കേസുകളിലാണ് പ്രത്യേക നടപടികള്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാനുള്ളത്. ഇതിന് പലവിധ പേപ്പറുകളും തയ്യാറാക്കി നല്‍കേണ്ടതുണ്ട്.

എഫ്‌ഐആര്‍ ഫയല്‍ ചെയ്യാം

ആദ്യം തന്നെ ഒരാളെ കാണാതായാല്‍ കുടുംബം പോലിസില്‍ പരാതി നല്‍കുകയും എഫ്‌ഐആര്‍ തയ്യാറാക്കുകയും വേണം. ഈ എഫ്‌ഐആറിന്റെ പകര്‍പ്പ് നേടിയിരിക്കണം

കോടതിയുടെ വെരിഫിക്കേഷന്‍

ആളെ കാണാതായി ഏഴ് വര്‍ഷം കഴിഞ്ഞാല്‍ പോലിസ് തിരഞ്ഞ് കണ്ടുപിടിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആള്‍ മരിച്ചുപോയതായി കോടതി ഉത്തരവ് നല്‍കും. രേഖകളും കേസും എഫ്‌ഐആറുമൊക്കെ പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് നല്‍കുക. ഇതാണ് ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കേണ്ട പ്രധാന രേഖ.

ഇന്‍ഷൂറന്‍സ് കമ്പനിയെ സന്ദര്‍ശിക്കുക

മരണ സര്‍ട്ടിഫിക്കറ്റ് പോലുള്ള ആവശ്യമായ കോടതി ഡോക്യുമെന്റേഷന്‍ ലഭിച്ചതിന് ശേഷം ഗുണഭോക്താവ് കോടതിയുടെ ഡിക്ലറേഷനുമായി ഇന്‍ഷുറന്‍സ് കമ്പനിയെ ബന്ധപ്പെടണം. കമ്പനി പോളിസി എടുത്തയാള്‍ മരിച്ചതായി കണക്കാക്കി അവകാശിക്ക് ക്ലെയിം തുക നല്‍കേണ്ടി വരും.

എഫ്ഐആര്‍ ഫയല്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് (പ്രഥമ വിവര റിപ്പോര്‍ട്ട്) സെക്ഷന്‍ 108 അനുസരിച്ച് മരണത്തിന്റെ അനുമാനങ്ങള്‍ രൂപീകരിക്കാം. കാണാതായ വ്യക്തിയുടെ ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമില്‍ ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കുന്നതിന് മുമ്പ് കുടുംബം ഏഴ് വര്‍ഷം കാത്തിരിക്കണം