image

13 Jan 2022 5:33 AM IST

Market

ഗ്രേറ്റ് ഡിപ്രഷന്‍

MyFin Desk

ഗ്രേറ്റ് ഡിപ്രഷന്‍
X

Summary

1929 ലെ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ച അമേരിക്കന്‍ സമ്പദ് വ്യസ്ഥയിലെ ആത്മവിശ്വാസം തകര്‍ത്തു. അതിന്റെ ഫലമായി ചെലവുകളിലും നിക്ഷേപത്തിലും ഗണ്യമായ കുറവുണ്ടായി.


1929 ല്‍ അമേരിക്കയില്‍ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച ഗ്രേറ്റ് ഡിപ്രഷന്‍, ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനവുമായ...

1929 ല്‍ അമേരിക്കയില്‍ ആരംഭിച്ച് ലോകമെമ്പാടും വ്യാപിച്ച ഗ്രേറ്റ് ഡിപ്രഷന്‍, ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനവുമായ സാമ്പത്തിക മാന്ദ്യമായിരുന്നു. വ്യാവസായിക ഉത്പാദനത്തിലും വിലയിലും കുത്തനെയുള്ള ഇടിവ്, വന്‍തോതിലുള്ള തൊഴിലില്ലായ്മ, ബാങ്കിംഗ് ഇടപാടുകളിലെ തകര്‍ച്ച, ദാരിദ്ര്യം ഭവനരഹിത നിരക്കുകളിലെ വര്‍ധനവ് എന്നിവയായിരുന്നു ഇതിന്റെ ഫലം.

ആഗോള സാമ്പത്തിക മാന്ദ്യം, 1929 ല്‍ ആരംഭിച്ച് ഏകദേശം 1939 വരെ നീണ്ടുനിന്നു. സാമ്പത്തിക സ്ഥാപനങ്ങളിലും സാമ്പത്തിക നയങ്ങളിലും സാമ്പത്തിക സിദ്ധാന്തത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് കാരണമായ, പാശ്ചാത്യ വ്യാവസായിക ലോകം നേരിട്ട, ഏറ്റവും കഠിനമായ മാന്ദ്യമാണിത്. അമേരിക്കയില്‍ നിന്നാണ് ഇത് ആരംഭിച്ചതെങ്കിലും ഇതിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പ്രത്യാഘാതങ്ങള്‍ അമ്പരപ്പിക്കുന്നതായിരുന്നു. ആഭ്യന്തരയുദ്ധത്തിനു ശേഷം അമേരിക്കക്കാര്‍ നേരിടുന്ന കഠിനമായ പ്രതികൂല സാഹചര്യമായാണ് മഹാമാന്ദ്യത്തെ കണക്കാക്കുന്നത്.

ഗ്രേറ്റ് ഡിപ്രഷന്റെ സമയവും തീവ്രതയും വ്യത്യസ്തമായിരുന്നു. അമേരിക്കയിലും യൂറോപ്പിലും ഇത് അതികഠിനമായിരുന്നു. എന്നാല്‍ ജപ്പാനിലും ലാറ്റിനമേരിക്കയിലും ഇത് അത്ര തീവ്രമല്ലായിരുന്നു. ലോക സമ്പദ് വ്യവസ്ഥ അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ ഈ സാഹചര്യത്തിന് അനവധി കാരണങ്ങളുണ്ട്. ഡിമാന്‍ഡിലെ ഇടിവ്, സാമ്പത്തിക തകര്‍ച്ച, തെറ്റായ സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളെയും നിശ്ചിത നാണയ വിനിമയ നിരക്കിന്റെ ശൃംഖലയില്‍ ബന്ധിപ്പിച്ച സ്വര്‍ണ്ണ നിലവാരവും ഇതില്‍ ഉള്‍പ്പെടുന്നു.

1929 ലെ സ്റ്റോക്ക് മാര്‍ക്കറ്റ് തകര്‍ച്ച അമേരിക്കന്‍ സമ്പദ് വ്യസ്ഥയിലെ ആത്മവിശ്വാസം തകര്‍ത്തു. അതിന്റെ ഫലമായി ചെലവുകളിലും നിക്ഷേപത്തിലും ഗണ്യമായ കുറവുണ്ടായി. പല ബാങ്കുകളുടേയും പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാന്‍ കാരണമായി. വായ്പകള്‍ക്കായി ലഭ്യമായ പണത്തിന്റെ ശേഖരം കുറഞ്ഞു. സാമ്പത്തിക മാന്ദ്യം രൂക്ഷമായിരുന്ന അമേരിക്കയില്‍, 1929 നും 1933 നും ഇടയില്‍ വ്യാവസായിക ഉത്പാദനം ഏതാണ്ട് 47 ശതമാനം കുറഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 30 ശതമാനം കുറഞ്ഞു. തൊഴിലില്ലായ്മ 20 ശതമാനത്തിലേറെയായി.1930 ല്‍ നിലവിലുണ്ടായിരുന്ന 20 ശതമാനം ബാങ്കുകളും 1933 ആയപ്പോഴേക്കും പരാജയപ്പെട്ടു.