image

6 Dec 2022 9:08 AM GMT

Mutual Funds

ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എങ്ങനെ വ്യത്യസ്തമാകുന്നു

MyFin Bureau

ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എങ്ങനെ വ്യത്യസ്തമാകുന്നു
X

Summary

ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ സവിശേഷതകള്‍ അറിയാം


റിസ്‌ക് കുറഞ്ഞ ഓഹരി വിപണി നിക്ഷേപം ആഗ്രഹിക്കുന്ന മിക്കവരും തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. വീട്, വാഹനം, കല്യാണം,...

റിസ്‌ക് കുറഞ്ഞ ഓഹരി വിപണി നിക്ഷേപം ആഗ്രഹിക്കുന്ന മിക്കവരും തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. വീട്, വാഹനം, കല്യാണം, വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിക്ഷേപകര്‍ ദീര്‍ഘകാലത്തേക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപകരില്‍നിന്ന് സ്വരൂപിക്കുന്ന പണം ഓഹരി വിപണിയിലെ വിദഗ്ധനായ പ്രൊഫഷണല്‍ ഫണ്ട് മാനേജരായിരിക്കും മാനേജ് ചെയ്യുക. അതിനാല്‍ തന്നെ ഓഹരി വിപണിയെ കുറിച്ച് കൂടുതല്‍ അറിവില്ലാത്തവര്‍ക്ക് പോലും നല്ല സ്‌കീമുകള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാവുന്നതാണ്. ഓഹരികളിലും കടപ്പത്രങ്ങളിലും മറ്റ് സെക്യൂരിറ്റികളിലുമായിരിക്കും ഫണ്ട് നിക്ഷേപിക്കുക. നിക്ഷേപം യൂണിറ്റുകളായി അടയാളപ്പെടുത്തും.

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ സ്വഭാവ രീതിയനുസരിച്ച് പ്രധാനമായും മൂന്ന് തരം മ്യൂച്വല്‍ ഫണ്ടുകളാണുള്ളത്.

ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ് ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ട് അഥവാ ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ട്. സെബി മ്യൂച്വല്‍ ഫണ്ട് റെഗുലേഷന്‍സ് അനുസരിച്ച്, ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്, സ്‌കീമിന്റെ ആസ്തിയുടെ 65 ശതമാനമെങ്കിലും ഓഹരികളിലോ അതുമായി ബന്ധപ്പെട്ടവയിലോ നിക്ഷേപിച്ചിരിക്കണം. നിക്ഷേപം ഓഹരികളിലായതിനാല്‍ തന്നെ ഇക്വിറ്റി ടാക്‌സേഷനായിരിക്കും ഉണ്ടാവുക. കൂടാതെ, ഓഹരി വിപണി ചാഞ്ചാടുമ്പോള്‍ ഇത്തരം മ്യൂച്വല്‍ ഫണ്ടുകളെ സാരമായി തന്നെ ബാധിക്കുകയും ചെയ്യും.

കോര്‍പ്പറേറ്റ് ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് ഡെറ്റ് സെക്യൂരിറ്റികള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്ന സ്ഥിരവരുമാന മ്യൂച്വല്‍ ഫണ്ട് പദ്ധതിയാണ് ഡെബ്റ്റ് ഓറിയന്റ് മ്യൂച്വല്‍ ഫണ്ട്. ഇവ ഇന്‍കം ഫണ്ടുകള്‍ അല്ലെങ്കില്‍ ബോണ്ട് ഫണ്ടുകള്‍ എന്നും അറിയപ്പെടുന്നുണ്ട്.

ബാലന്‍സ്ഡ് ഫണ്ട്

ഓഹരികളിലും അതുമായി ബന്ധപ്പെട്ടവയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെയാണ് ബാലന്‍സ്ഡ് ഫണ്ട് അഥവാ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പറയുന്നത്. അതിന്റെ നിക്ഷേപ രീതിയനുസരിച്ച് ബാലന്‍സ്ഡ് മ്യൂച്വല്‍ ഫണ്ടിനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇക്വിറ്റി ഓറിയന്റഡ് ഡെബ്റ്റ് ഫണ്ടും ഡെബ്റ്റ് ഓറിയന്റഡ് ഇക്വിറ്റി ഫണ്ടും. 65 ശതമാനം ഓഹരികളിലും അതുമായി ബന്ധപ്പെട്ട ഇന്‍സ്ട്രുമെന്റുകളിലും ബാക്കി 35 ശതമാനം ഡെബ്റ്റിലും നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇക്വിറ്റി ഓറിയന്റഡ് ഡെബ്റ്റ് ഫണ്ട്. 65 ശതമാനം ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഇവ ഏകദേശം ഇക്വിറ്റി ഫണ്ടിന്റെ സ്വഭാവം കാണിക്കും. കടപ്പത്ര നിക്ഷേപമുള്ളതിനാല്‍ റിസ്‌കും കുറവായിരിക്കും. ഇത്തരം ഫണ്ടുകള്‍ക്ക് ഇക്വിറ്റി ടാക്‌സേഷനായിരിക്കും ബാധകമാവുക. 65 ശതമാനത്തില്‍ താഴെ ഓഹരികളിലും ബാക്കി കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഡെബ്റ്റ് ഓറിയന്റഡ് ഇക്വിറ്റി ഫണ്ട്. കടപ്പത്രങ്ങളില്‍ നിക്ഷേപം കൂടുതലായതിനാല്‍ ഡെബ്റ്റ് ടാക്‌സേഷനായിരിക്കും നല്‍കേണ്ടി വരിക.

ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് വ്യത്യസ്തമാകുന്നത് ഇങ്ങനെ

ബാലന്‍സ്ഡ് ഫണ്ടില്‍ ഇക്വിറ്റി നിക്ഷേപവും ഡെബ്റ്റ് നിക്ഷേപവും നിശ്ചിതമാണ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റത്തിനനുസരിച്ച് ഇക്വിറ്റിയിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപത്തിലും മാറ്റമുണ്ടാകും. ഉദാഹരണത്തിന്, ഓഹരി വിപണി ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ ലാഭമെടുത്ത് ഓഹരികളിലെ നിക്ഷേപം കുറച്ച് ആ തുക ഡെബ്റ്റിലേക്ക് മാറ്റും. സമാനമായി ഓഹരി വിപണി താഴെ നിലയിലെത്തുമ്പോള്‍ ഡെബ്റ്റിലെ നിക്ഷേപം കുറച്ച് ഓഹരികളിലെ നിക്ഷേപം വര്‍ധിപ്പിക്കും. പിന്നീട് ഓഹരി വിപണി തിരിച്ചുകയറുമ്പോള്‍ നല്ല രീതിയിലുള്ള നേട്ടമായിരിക്കും മ്യൂച്വല്‍ ഫണ്ടിന് ലഭിക്കുക. ഓഹരി വിപണിയുടെ സ്വഭാവത്തിനനുസരിച്ച് നിക്ഷേപം മാറ്റുന്നതിനാല്‍ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം റിസ്‌ക് കുറവായിരിക്കുമെന്നതാണ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന്റെ സവിശേഷത. കൂടാതെ, റിസ്‌ക് കുറവാണെന്നതിന് പുറമെ ഇക്വിറ്റി ടാക്‌സേഷനാണെന്നതും ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിനെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നു.

അടുത്തിടെയായി വിവിധ ഫണ്ട് ഹൗസുകള്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ മ്യൂച്വല്‍ ഫണ്ട് വിഭാഗം കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ അവതരിപ്പിച്ച ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു വര്‍ഷത്തിനിടെ 1200 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഫണ്ട് നേടിയത്.