image

17 Jan 2022 3:37 AM GMT

Personal Identification

വ്യക്തിഗത വിവരങ്ങള്‍ ഒരു കുടക്കീഴിലാക്കി യു ഐ ഡി എ ഐ

MyFin Desk

വ്യക്തിഗത വിവരങ്ങള്‍ ഒരു കുടക്കീഴിലാക്കി യു ഐ ഡി എ ഐ
X

Summary

രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ വിശദാംശങ്ങള്‍ പുതുക്കുക, വിവരങ്ങള്‍ തിരുത്തുക, അപേക്ഷകളുടെ നിലവിലെ സ്ഥിതി പരിശോധിക്കുക തുടങ്ങി ഇത്തരം രേഖകള്‍ ബന്ധിപ്പിക്കുന്നതടക്കമുള്ള സേവനങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്.


ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച സ്റ്റാറ്റു്യൂട്ടറി സ്ഥാപനമാണ്...

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപിച്ച സ്റ്റാറ്റു്യൂട്ടറി സ്ഥാപനമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ).

ഇന്ത്യക്കാരുടെ തിരിച്ചറിയല്‍ രേഖകളെല്ലാം തന്നെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് യു ഐ ഡി എ ഐ യുണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അഥവാ ആധാര്‍ നമ്പര്‍ അവതരിപ്പിച്ചത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് ആധാര്‍ അംഗത്വം ഉറപ്പാക്കുന്നത് യു ഐ ഡി എ ഐയാണ്.

ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് തുടങ്ങിയ എല്ലാ തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും സര്‍ക്കാര്‍ ഘട്ടം ഘട്ടമായി ആധാറുമായി ബന്ധിപ്പിക്കുകയാണ്.

നിലവില്‍ പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ വിശദാംശങ്ങള്‍ പുതുക്കുക, വിവരങ്ങള്‍ തിരുത്തുക, അപേക്ഷകളുടെ നിലവിലെ സ്ഥിതി പരിശോധിക്കുക തുടങ്ങി ഇത്തരം രേഖകള്‍ ബന്ധിപ്പിക്കുന്നതടക്കമുള്ള സേവനങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്.

ആവശ്യമായ രേഖകളുമായി ഒരു ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ചു കൊണ്ട് ഓഫ്‌ലൈനായും യു ഐ ഡി എ ഐ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായും ഈ സേവനങ്ങള്‍ ലഭ്യമാണ്.

യു ഐ ഡി എ ഐയുടെ കര്‍ത്തവ്യം

ഇന്ന് വിവിധ ആവശ്യങ്ങള്‍ക്ക് യുഐഡിഎഐയുടെ യുണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ അതിലെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ശ്രദ്ധ ചെലുത്തുന്നു.

ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ശേഖരിച്ച് ആധാര്‍ നമ്പര്‍ നല്‍കുന്നതിനുള്ള നയവും നടപടിക്രമവും സംവിധാനവും ആധാര്‍ അംഗത്വ പ്രക്രിയയിലൂടെ നടപ്പാക്കുന്നത് യു ഐ ഡി എ ഐയാണ്.

ദൗത്യം

രാജ്യത്തെ പൗരന്‍മാരെ ഇത്തരത്തില്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിലൂടെ പദ്ധതികള്‍, സബ്സിഡികള്‍, ആനുകൂല്യങ്ങള്‍, മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ കൃത്യമായി നല്‍കാന്‍ കഴിയും.

പരാതികള്‍ പരിഹരിക്കാം

നിങ്ങളുടെ യൂണീക് ഐഡന്റിഫിക്കേഷന്‍ നമ്പറുമായി ബന്ധപ്പെട്ട പരാതികള്‍ നാല് വിധത്തില്‍ സമര്‍പ്പിക്കാം. ബന്ധപ്പെട്ട പരാതികള്‍ യുഐഡിഎഐയുടെ കോണ്ടാക്ട് സെന്ററുകളില്‍ സമര്‍പ്പിക്കാം.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വിലാസത്തില്‍ തപാല്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം. മാത്രമല്ല സര്‍ക്കാരിന്റെ pgportal.gov.in എന്ന വെബ്സൈറ്റിലൂടെയും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഇ-മെയിലൂടെയും പരാതികള്‍ നല്‍കാം. ലഭിച്ച പരാതികള്‍ കൃത്യമായി പരിശോധിച്ച ശേഷം യു ഐ ഡി എ ഐ അവ പരിഹരിക്കും.