image

5 Jan 2023 7:43 AM GMT

More

'കുടുംബ നാഥന്‍' വഴി ആധാര്‍ അഡ്രസ് മാറ്റാം, നടപടിക്രമങ്ങള്‍ ലളിതമാക്കി യുഐഡിഎഐ

MyFin Desk

Aadhaar
X

Summary

ഏത് അഡ്രസാണോ പുതിയതായി ആധാറില്‍ അപ്ഡേറ്റ് ചെയ്യേണ്ടത്, ആ അഡ്രസിലുള്ള 18 വയസ് പൂര്‍ത്തിയായ ഒരാള്‍ക്ക് ഒടിപി വഴി ഇതിന് അനുമതി നല്‍കാം.



ഡെല്‍ഹി: ഒരു വ്യക്തിയുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. പക്ഷേ, അതില്‍ ഒരു തിരിത്തുല്‍ വരുത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ നിരവധിയുണ്ട്. വിവാഹം കഴിഞ്ഞെത്തുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അഡ്രസിലേക്ക് ആധാര്‍ മാറ്റണമെങ്കില്‍ അവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ അല്ലെങ്കില്‍ പുതിയ അഡ്രസിലേക്ക് താമസം മാറിയിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖ ഇവ എന്തെങ്കിലും നല്‍കണം. അത് റേഷന്‍ കാര്‍ഡോ, വിവാഹ സര്‍ട്ടിഫിക്കറ്റോ, മാര്‍ക്ക ഷീറ്റോ, പാസ്പോര്‍ട്ടോ അങ്ങനെ എന്തെങ്കിലുമാകാം. പക്ഷേ, ഈ രേഖകള്‍ തയ്യാറാക്കാനും ഏറെ പാടുപെടേണ്ടതുണ്ട്. എന്നാല്‍, ആധാറിലെ വിലാസം തിരുത്താന്‍ ഇനി അധികം പാടുപെടേണ്ടതില്ലെന്നാണ് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ നിര്‍ദ്ദേശം.


ഏത് അഡ്രസാണോ പുതിയതായി ആധാറില്‍ അപ്ഡേറ്റ് ചെയ്യേണ്ടത്, ആ അഡ്രസിലുള്ള 18 വയസ് പൂര്‍ത്തിയായ ഒരാള്‍ക്ക് ഒടിപി വഴി ഇതിന് അനുമതി നല്‍കാം. ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഒരു രേഖ കൂടി അപ് ലോഡ് ചെയ്യണം. ബന്ധം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്ക് അഡ്രസ് പങ്കുവെയ്ക്കാന്‍ താല്‍പര്യപ്പെടുന്നു എന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ അപ് ലോഡ് ചെയ്താലും മതി. ഏത് അഡ്രസിലേക്കാണോ ആധാര്‍ കാര്‍ഡ് മാറ്റേണ്ടത്, ആ അഡ്രസിലുള്ള 18 വയസ് പൂര്‍ത്തിയായ വ്യക്തിയെ കുടുംബ നാഥനായി (ഹെഡ് ഓഫ് ദി ഫാമിലി) പരിഗണിച്ചാണ് അഡ്രസ് മാറ്റാന്‍ അനുമതി നല്‍കുന്നത്.

എങ്ങനെ ആധാര്‍ കാര്‍ഡിലെ അഡ്രസ് മാറ്റാം

https://myaadhaar.uidai.gov.in എന്ന പോര്‍ട്ടലില്‍ കയറി അപ്ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. കുടുംബ നാഥന്റെ (ഹെഡ് ഓഫ് ദി ഫാമിലി) ആധാര്‍ നമ്പര്‍ നല്‍കണം. നല്‍കിയ ആധാര്‍ നമ്പര്‍ സാധുവാണോയെന്ന് പരിശോധിക്കും. ഈ സമയത്ത് കുടുംബ നാഥന്റെ മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തില്ല. ആധാര്‍ നമ്പര്‍ സാധുവാണോയെന്ന് പരിശോധിച്ചതിനുശേഷം കുടുംബ നാഥനുമായുള്ള ബന്ധം വെളിവാക്കുന്ന രേഖ അപ് ലോഡ് ചെയ്യണം. അതിനുശേഷം സര്‍വീസ് ചാര്‍ജായി 50 രൂപ നല്‍കണം. പേമെന്റ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഒരു സര്‍വീസ് റിക്വസ്റ്റ് നമ്പര്‍ (എസ്ആര്‍എന്‍) എസ്എംഎസ് ആയി കുടുംബ നാഥന്റെ മൊബൈലില്‍ ലഭിക്കും.

ഇത് ലഭിച്ചതിനുശേഷം ഒരുമാസത്തിനുള്ളില്‍ കുടുംബനാഥന്‍ മൈ ആധാര്‍ പോര്‍ട്ടലില്‍ കയറി ഈ റിക്വസ്റ്റ് പ്രോസസ് ചെയ്യണം. കുടുംബനാഥന്‍ അഡ്രസ് പങ്കുവെയ്ക്കാന്‍ വിസമ്മതിക്കുകയോ, റിക്വസ്റ്റ് 30 ദിവസത്തിനുള്ളില്‍ പ്രോസസ് ചെയ്യാതിരിക്കുകയോ ചെയ്താല്‍ റിക്വസ്റ്റ് സ്വമേധയാ ക്ലോസ് ചെയ്യും. റിക്വസ്റ്റ് ക്ലോസ് ചെയ്യുന്നതായി അപേക്ഷകന് എസ്എംഎസ് ആയി വിവരം ലഭിക്കും. ഇങ്ങനെ റിക്വസ്റ്റ് ക്ലോസ് ആയാല്‍ നല്‍കിയ തുക തിരികെ ലഭിക്കില്ല.