image

6 Dec 2022 7:10 AM GMT

Banking

പിഎഫ് അപേക്ഷ നിരസിക്കപ്പെട്ടോ? പുതിയ നിര്‍ദേശവുമായി മന്ത്രാലയം

MyFin Desk

പിഎഫ്  അപേക്ഷ നിരസിക്കപ്പെട്ടോ? പുതിയ നിര്‍ദേശവുമായി മന്ത്രാലയം
X

Summary

ആദ്യ തവണ അപേക്ഷ നിരസിക്കപ്പെട്ടതിന് ശേഷം അത് പരിഹരിച്ച് വീണ്ടും അപേക്ഷിക്കുമ്പോള്‍ മറ്റൊരു കാരണം പറഞ്ഞ് നിരസിക്കുന്നത് സാധാരണമാണ്. ഇതിന് പരഹാരമായി ആദ്യ ഘട്ടത്തില്‍ തന്നെ അപേക്ഷയിലെ എല്ലാ പിശകുകളും അപേക്ഷകനോട് വ്യക്തമാക്കണം. അതായത് ഒന്നിലധികം തവണ അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.




അത്യാവശ്യത്തിന് പിഎഫ് വിഹിതത്തില്‍ നിന്ന് തുക പിന്‍വലിക്കാൻ നിങ്ങള്‍ നല്‍കിയ ക്ലെയിം നിരസിക്കപ്പെട്ടോ? സ്വന്തം പിഎഫ് അക്കൗണ്ടിലെ പണം ലഭിക്കാന്‍ അനാവശ്യമായ കാലതാമസം ഇപിഎഫ്ഒ വരുത്തുന്നുണ്ടോ? ഇതിന് പരിഹാരമായി കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം രംഗത്തുണ്ട്. പിഎഫ് അപേക്ഷകളില്‍ അനാവശ്യമായ കാലതാമസവും നിരാസവും പതിവ് പരാതിയായി മാറിയതോടെയാണ് മന്ത്രാലയം ഇതിനനെതിരെ രംഗത്തു വന്നത്. സമയ ബന്ധിതമായി, നിയമപരമായ സേവനം നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും വീഴ്ച വരുത്തുന്നുണ്ട്. കൂടാതെ അപേക്ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിച്ച് പീഡിപ്പിക്കുന്നുമുണ്ട്. ഇതിന് പരിഹാരമായിട്ടാണ് മാര്‍ഗനിര്‍ദേശം. ഉദ്യോഗസ്ഥരുടെ അശ്രദ്ധ ഓര്‍ഗനൈസേഷന്റെ സേവന നിലവാരത്തെ ഇടിച്ചു താഴ്ത്തുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സൂക്ഷ്മ പരിശോധന ആദ്യം

എല്ലാ അപേക്ഷകളും ആദ്യ ഘട്ടത്തില്‍ തന്നെ സൂക്ഷ്മമായി പരിശോധിക്കണമെന്നും, അപേക്ഷ നിരസിക്കുന്നതിനുള്ള എല്ലാ കാരണങ്ങളും ആദ്യ ഘട്ടത്തില്‍ തന്നെ അംഗങ്ങള്‍ക്ക് വ്യക്തമാക്കി നല്‍കണമെന്നും മന്ത്രലയം നിര്‍ദേശം നല്‍കി. ഒരു അംഗത്തിന്റെ അപേക്ഷ പല തവണ നിരസിക്കപ്പെട്ടിട്ടില്ലെന്നു ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ആദ്യ തവണ അപേക്ഷ നിരസിക്കപ്പെട്ടതിന് ശേഷം അത് പരിഹരിച്ച് വീണ്ടും അപേക്ഷിക്കുമ്പോള്‍ മറ്റൊരു കാരണം പറഞ്ഞ് നിരസിക്കുന്നത് സാധാരണമാണ്. ഇതിന് പരഹാരമായി ആദ്യ ഘട്ടത്തില്‍ തന്നെ അപേക്ഷയിലെ എല്ലാ പിശകുകളും അപേക്ഷകനോട് വ്യക്തമാക്കണം. അതായത് ഒന്നിലധികം തവണ അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.

ഒന്നിലധികം തവണ നിരസിക്കപ്പെട്ട അപേക്ഷകള്‍ക്ക് റീജിണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍/അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ ഉത്തരവാദിയായിരിക്കും. നിരസിച്ച പരാതികളുടെ പ്രതിമാസ പരിശോധനയുടെ റിപ്പോര്‍ട്ട് (50 അപേക്ഷകള്‍ അല്ലെങ്കില്‍ നിരസിച്ച മൊത്തം അപേക്ഷകളുടെ ഒരു ശതമാനം, ഏതാണോ ഉയര്‍ന്നത്) റീജിണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണറുടെ നിലയില്‍ നടത്തുകയും ബന്ധപ്പെട്ട സോണല്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്യണം.

ഒരേ പിഎഫ് അപേക്ഷകള്‍ ഒന്നിലധികം തവണ നിരസിച്ചതിന്റെ റിപ്പോര്‍ട്ട് റീജിണല്‍ ഓഫീസ് അടിസ്ഥാനത്തില്‍ തയ്യാറാക്കാനും ബന്ധപ്പെട്ട സോണല്‍ ഓഫീസിലേക്ക് എത്രയും വേഗം എത്തിക്കാനും ഐ എസ് ഡിവിഷനും നിര്‍ദേശം നല്‍കി. സോണല്‍ ഓഫീസ് ഈ രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിക്കുകയും മുകളില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.