image

4 Feb 2022 6:31 AM GMT

Savings

പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകളെ അറിയാം

MyFin Desk

പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകളെ അറിയാം
X

Summary

ബാങ്കുകളില്‍ സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അതുപോലെത്തന്നെയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളും. സുരക്ഷിതവും ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകള്‍. നിങ്ങളുടെ പണം അവിടെ സുരക്ഷിതമായിരിക്കും കൂടാതെ ആകര്‍ഷകമായ പലിശയും ലഭിക്കും. സുരക്ഷിതത്വത്തിനു പുറമെ കൃത്യതയും പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റു സമ്പാദ്യ പദ്ധതികളെ അപേക്ഷിച്ച് ഇവയ്ക്ക് നഷ്ട സാധ്യത വളരെയധികം കുറവായിരിക്കും . പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 4% മുതല്‍ പലിശ […]


ബാങ്കുകളില്‍ സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അതുപോലെത്തന്നെയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളും. സുരക്ഷിതവും...

ബാങ്കുകളില്‍ സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അതുപോലെത്തന്നെയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളും. സുരക്ഷിതവും ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകള്‍.
നിങ്ങളുടെ പണം അവിടെ സുരക്ഷിതമായിരിക്കും കൂടാതെ ആകര്‍ഷകമായ പലിശയും ലഭിക്കും. സുരക്ഷിതത്വത്തിനു പുറമെ കൃത്യതയും പോസ്റ്റ് ഓഫീസ് സേവിംഗ്സ് പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റു സമ്പാദ്യ പദ്ധതികളെ അപേക്ഷിച്ച് ഇവയ്ക്ക് നഷ്ട സാധ്യത വളരെയധികം കുറവായിരിക്കും .
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളില്‍ നിന്ന് പ്രതിവര്‍ഷം ഏകദേശം 4% മുതല്‍ പലിശ ലഭിക്കും. ഒരോ മാസവും 10 ാം തീയതിയ്കും മാസാവസാനത്തിനും ഇടയില്‍ അക്കൗണ്ടിലുള്ള മിനിമം ബാലന്‍സ് തുകയെ അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്.
കൂടാതെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പലിശ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമില്‍ നിക്ഷേപത്തിനായുള്ള കുറഞ്ഞ തുക 100 രൂപയാണ്. പരമാവധി എത്രരൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാം. ഒരു വ്യക്തിയ്ക്ക് സിംഗിള്‍ അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ തുറക്കാന്‍ സാധിക്കും.
പ്രായപൂര്‍ത്തിയാകാത്തവരുടെയും മാനസിക വൈകല്യങ്ങളുള്ളവരുടെയും രക്ഷിതാക്കള്‍ക്ക് അവരുടെ പേരില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. കൂടാതെ 10 വയസിനു മുകളിലുള്ള പ്രായ പൂര്‍ത്തിയാകാത്തവര്‍ക്കും അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും.
അക്കൗണ്ടില്‍ 500 രൂപയെങ്കിലും മിനിമം ബാലന്‍സായി നിലനിര്‍ത്തണം. ഇതില്‍ നിന്നും പിന്‍വലിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണ്. അക്കൗണ്ട് ബാലന്‍സ് പൂജ്യമായാല്‍ അക്കൗണ്ട് ക്ലോസ് ആവുകയും ചെയ്യും.
പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളൊന്നും ഇല്ല. മാത്രമല്ല, അക്കൗണ്ട് ഉടമകളുടെ ആദായനികുതി സ്ലാബ് നിരക്കുകള്‍ അനുസരിച്ച് പലിശ വരുമാനത്തിന് നികുതി നല്‍കണം. എന്നാല്‍ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി അനുസരിച്ച്, 10,000 രൂപ വരെയുള്ള പലിശ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (പി ഒ ടി ഡി)
ഏറ്റവും ജനപ്രിയമായ പോസ്റ്റ് ഓഫീസ് സ്‌കീമുകളില്‍ ഒന്നാണ് ടി ഡി അക്കൗണ്ടുകള്‍. മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്സ് സ്‌കീമാണ് ഇത്. 6 മാസത്തെ പണനിക്ഷേപത്തിനു ശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാം എന്നതാണ് ഇത്തരം നിക്ഷേപങ്ങളെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.
ഓരോ മൂന്നുമാസം കൂടുമ്പോഴും ഇതിന്റെ പലിശനിരക്ക് കണക്കാക്കും. എന്നാല്‍ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നത് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ്.
ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നീ കാലയളവുകളിലേക്ക് ഒരാള്‍ക്ക് ടി ഡി അക്കൗണ്ട് ആരംഭിക്കാം. നിക്ഷേപകര്‍ക്ക് പലിശ ഇതില്‍ത്തന്നെ പുനര്‍നിക്ഷേപം നടത്താനും സാധിക്കും.
എന്നാല്‍ ഒരു വര്‍ഷത്തെ ടൈം ഡിപ്പോസിറ്റുകള്‍ക്ക് റീ ഇന്‍വെസ്റ്റ്മെന്റ് ഓപ്ഷന്‍ ലഭ്യമല്ല. കൂടാതെ ഒരാള്‍ക്ക് അഞ്ച് വര്‍ഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് (ആര്‍ ഡി) സ്‌കീമിലേക്ക് ഈ പലിശ റീഡയറക്ട് ചെയ്യാന്‍ കഴിയും. ടി ഡി സ്‌കീമില്‍ ആറ് മാസത്തിനു ശേഷം എപ്പോള്‍ വേണമെങ്കിലും നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാം. ആറു മാസത്തിനു മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല.
ഒരു പോസ്റ്റ് ഓഫീസ് ബ്രാഞ്ചില്‍ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലേക്ക് ഈ പദ്ധതിയിലൂടെ അക്കൗണ്ട് മാറ്റാന്‍ സാധിക്കും. കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപിച്ച തുക പിന്‍വലിക്കുന്നില്ലെങ്കില്‍ പുതിയ പലിശനിരക്കില്‍ പണം വീണ്ടും ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്നതാണ്.
കൂടാതെ ആദായനികുതി നിയമം 1961 ലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവിനും അര്‍ഹതയുണ്ട്. നിക്ഷേപകര്‍ക്ക് പ്രതിവര്‍ഷം 1,50,000 രൂപ വരെയുള്ള നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാം.
റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്
കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് (ആര്‍ ഡി). പ്രതിമാസ അടിസ്ഥാനത്തില്‍ ഇതില്‍ നിക്ഷേപിക്കാന്‍ സാധിക്കും.
പലിശ മൂന്നുമാസത്തിലൊരിക്കലാണ് ഇതില്‍ കൂട്ടിച്ചേര്‍ക്കുന്നത്. 60 മാസഗഡുക്കളാണ് ഈ പദ്ധതിയിലുള്ളത്. പ്രതിവര്‍ഷം 5.8% ആണ് ആര്‍ ഡിയുടെ പലിശ നിരക്ക്. ഒരാള്‍ക്ക് സ്‌ക്രിപ് ബോക്സിന്റെ ആര്‍ ഡി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കണക്കാക്കാം.
ആര്‍ ഡി സ്‌കീമില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 10 രൂപയാണ്. പരമാവധി എത്ര രൂപ വരെ വേണമെങ്കിലും നിക്ഷേപിക്കാം. പ്രായപൂര്‍ത്തിയായ എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
പത്തു വയസും അതിനു മുകളിലുമുള്ള പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് രക്ഷിതാവിനൊപ്പം അക്കൗണ്ട് ആരംഭിക്കാം. കൂടാതെ മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പേരില്‍ ആര്‍ ഡി അക്കൗണ്ട് തുറക്കാം. ആര്‍ ഡി അക്കൗണ്ടുകള്‍ക്ക് മൂന്ന് മാസത്തെ ലോക്ക് ഇന്‍ കാലയളവുണ്ട്. മൂന്നു മാസത്തിനു മുന്‍പ് പണം പിന്‍വലിച്ചാല്‍ പലിശ ലഭിക്കില്ല.
മന്ത്ലി ഇന്‍കം സ്‌കീം (എം ഐ എസ്)
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള പ്രതിമാസ ലഘുസമ്പാദ്യ പദ്ധതിയാണ്. ഇതിന്റെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,500 രൂപയാണ്. ഒരു വ്യക്തിയ്ക്ക് പരമാവധി 4,50,000 രൂപ വരെ നിക്ഷേപിക്കാം.
എന്നാല്‍ സംയുക്തമായുള്ള നിക്ഷേപങ്ങള്‍ക്കുള്ള പരമാവധി പരിധി 9,00,000 രൂപയാണ്. ഓരോ മൂന്നു മാസത്തിനും ഇതിന്റെ പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുന്നു. നിലവിലെ പലിശ നിരക്ക് 6.60% ആണ്.
അഞ്ച് വര്‍ഷത്തെ കാലയളവിലാണ് ഈ സമ്പാദ്യ പദ്ധതി വരുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് മുഴുവന്‍ തുകയും പിന്‍വലിക്കുകയോ പുനര്‍ നിക്ഷേപം നടത്തുകയോ ചെയ്യാം.
എം ഐ എസ് അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. അക്കൗണ്ട് തുറന്ന് ഒരു വര്‍ഷത്തിനു ശേഷം നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ സാധിക്കും. പക്ഷേ ഇങ്ങനെ പിന്‍വലിച്ചാല്‍ ഒരു നിശ്ചിത തുക പിഴയായി ഈടാക്കും.