image

31 Jan 2023 6:13 AM GMT

Stock Market Updates

കോളജ് പഠനം പരാജയം, ബിര്‍ല, ടാറ്റ, അംബാനി, നിരയിലേക്ക് എത്തിയത് വളരെ വേഗം; അദാനി വന്ന വഴികൾ!

Special Reporter

adani_gfx
X

Summary

  • അഛന് ഏഴ് മക്കള്‍, പഠനമുപേക്ഷിച്ചു ജോലി തേടി അലഞ്ഞു
  • വളര്‍ച്ചക്ക് അനുസരിച്ചുള്ള മേഖലകളില്‍ ദീര്‍ഘവീഷണത്തോടെ ശ്രദ്ധ ചെലുത്തി
  • ഇതിന് അനുകൂലമായി ഓരോ കരുവും നീക്കി
  • വരുമാനത്തില്‍ ഏറെയും ഗ്രീന്‍ എനര്‍ജി ഉള്‍പ്പെടെയുള്ള മേഖലയില്‍ നിന്ന്
  • മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാത്രം ഈ രംഗത്ത് നിന്ന് 2,826 ശതമാനത്തിലേറെ വരുമാനം
  • ഗൗതം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്കായി രാജ്യത്തെ ബാങ്കുകള്‍ വായ്പയായി നല്‍കിയത് 81,234.7 കോടി രൂപ



ബിര്‍ല, ടാറ്റ, അംബാനി... ഇങ്ങനെയായിരുന്നു ഒരുകാലത്ത് ഇന്ത്യയിലെ കോടീശ്വരപട്ടിക. പിന്നീട് ആ പട്ടികയിലെ മുന്‍നിരയില്‍ ഏറെക്കാലം മുകേഷ് അംബാനി മാത്രമായി. ആ നിരയിലേക്ക് എവിടെനിന്നോ കടന്നുവന്ന് വര്‍ഷങ്ങള്‍ക്കകം അംബാനിയെ കടത്തിവെട്ടി ഇന്ത്യയിലെയും ഏഷ്യയിലെയും ഒന്നാമനായി ലോകത്തിലെ രണ്ടാം സ്ഥാനത്തെത്തിയ ഗൗതം അദാനിയുടെ വളര്‍ച്ച ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ ഗൗതം അദാനിയുടെ നിലവിലെ ആസ്തി 96.7 ബില്യണ്‍ ഡോളറാണ്(7,88,25,48,850 രൂപ). അദാനി ലോക സമ്പന്ന പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്കാണ് ഒറ്റയടിക്ക് പതിച്ചത്. ആ വീഴ്ച എവിടെ ചെന്നുനില്‍ക്കുമെന്നറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല.

ഹരിതോര്‍ജ മേഖല, ലോജിസ്റ്റിക്‌സ്, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, സിമെന്റ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ അദാനി ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഈ ബിസിനസ് സാമ്രാജ്യവുമായി ലോക സമ്പന്നരില്‍ മുന്‍നിരയിലേക്ക് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് അദാനി ഉയര്‍ന്നു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖം അദാനിയുടെ കൈവശമാണ്. കേരളത്തിലെ വിഴിഞ്ഞം തുറമുഖം സ്വന്തമാക്കാന്‍ സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് 2015ല്‍ 7,525 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും 2020ല്‍ അദാനി കൈപ്പിടിയിലാക്കി. കഴിഞ്ഞവര്‍ഷം സ്വിസ് കമ്പനിയായ ഹോള്‍സിമിന്റെ ഇന്ത്യന്‍ ആസ്തികള്‍ 1,050 കോടി ഡോളറിന് സ്വന്തമാക്കിയതോടെ രാജ്യത്തെ രണ്ടാമത്തെ പ്രമുഖ സിമെന്റ് നിര്‍മാതാവായും അദാനി മാറി. പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ 7,000 കോടി ഡോളര്‍ മുടക്കി ഹരിതോര്‍ജ രംഗത്തെ ഒന്നാമനാവുകയാണ് തന്റെ ലക്ഷ്യമെന്ന് അദാനി പറയുന്നു.

പഠനം ഉപേക്ഷിച്ച് ബിസിനസിലേക്ക്

സാമ്പത്തികമായി പിന്നോക്കം നിന്ന ഒരു കുടുംബത്തില്‍ നിന്നാണ് അദാനിയുടെ വളര്‍ച്ച. അച്ഛന്‍ ഒരു ചെറുകിട വസ്ത്ര വ്യാപാരിയായിരുന്നു. ഗൗതം അദാനിയുള്‍പ്പെടെ ഏഴ് മക്കള്‍. കോളജ് പഠനം പരാജയമായ രണ്ടാംവര്‍ഷം തന്നെ പഠനമുപേക്ഷിച്ച അദാനിക്ക് ബിസിനസിനോടായിരുന്നു പ്രിയം. കോളജ് വിട്ട് ജോലി തേടി നടന്ന അദാനി ആദ്യം ജോലി ചെയ്തത് ഒരു ഡയമണ്ട് കടയില്‍. തുടര്‍ന്ന് ഈ പരിചയം വച്ച് ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനം തുടങ്ങി.

അഹമ്മദാബാദില്‍ സഹോദരന്‍ തുടങ്ങിയ ഒരു പ്ലാസ്റ്റിക് ഫാക്ടറിയില്‍ അദാനിയും ചേര്‍ന്നു. പിന്നീട് ബിസിനസിന്റെ നേതൃത്വം ഏറ്റെടുത്ത് പി.വി.സി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു തുടങ്ങി. ആഗോള ബിസിനസ് രംഗത്തേക്കുള്ള ചുവടുവയ്പ് ഇങ്ങനെയായിരുന്നു.

അദാനി ഗ്രൂപ്പ്

ഗൗതം അദാനി 1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നത്. അദാനി എന്റര്‍പ്രൈസസ് എന്നായിരുന്നു പേര്. പ്ലാസ്റ്റിക് ഉല്‍പന്ന രംഗത്തുനിന്ന് കാര്‍ഷികോല്‍പന്ന വിപണിയിലായിലെത്തിയ അദാനി ഗ്രൂപ്പ് പിന്നീട് ഊര്‍ജ മേഖലയിലായി. ഗ്യാസ്, ലോജിസ്റ്റിക്‌സ്, പോര്‍ട്ട് മാനേജ്‌മെന്റ് തുടങ്ങിയ വളര്‍ച്ചാ സാധ്യതകളുള്ള മേഖലകളിലെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന് പണവും സ്വാധീനവും വേണ്ടപോലെ ഉപയോഗപ്പെടുത്തി. ഇന്ന് അദാനി എന്റര്‍പ്രൈസസിനു പുറമെ, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സെസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍ എന്നിങ്ങനെ ഈ ഗ്രൂപ്പിനു കീഴിലുള്ള കമ്പനികള്‍ നിരവധി. ഇതിനു പുറമെ അംബുജ സിമെന്റ്, എ.സി.സി, എന്‍.ഡി ടി.വി തുടങ്ങിയവയുടെ ഭൂരിഭാഗം ഓഹരിയും അദാനി ഗ്രൂപ്പിന്റെ കൈയിലാണ്.

ഇന്ത്യയുടെ വളര്‍ച്ചക്കും സാധ്യതകള്‍ക്കും അനുസരിച്ചുള്ള മേഖലകളില്‍ ദീര്‍ഘവീഷണത്തോടെ ശ്രദ്ധ ചെലുത്തിയതാണ് അദാനിക്ക് വിജയം നല്‍കിയത്. ഇതിന് അനുകൂലമായി ഓരോ കരുവും നീക്കി. കുതിച്ചുയര്‍ന്ന വരുമാനത്തില്‍ ഏറെയും ഇപ്പോള്‍ ഗ്രീന്‍ എനര്‍ജി ഉള്‍പ്പെടെയുള്ള മേഖലയില്‍ നിന്നാണ്. 2018 മുതല്‍ മൂന്ന് വര്‍ഷങ്ങള്‍കൊണ്ട് മാത്രം ഈ രംഗത്ത് നിന്ന് 2,826 ശതമാനത്തിലേറെ വരുമാനം.




2021ഓടെയാണ് വരുമാനം പതിന്മടങ്ങായി കുതിച്ചുയര്‍ന്നത്. ഏപ്രിലില്‍ മൂലധനം 10,000 കോടി ഡോളറിലെത്തിയ അദാനി ഗ്രൂപ്പ് 2022ല്‍ 20,000 കോടി ഡോളര്‍ മൂലധനവുമായി ലോകത്തെ അമ്പരപ്പിച്ചു. ടാറ്റ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ് എന്നിവയാണ് ഇതുവരെയും 200 ബില്യണ്‍ മൂലധനം ഉള്ള ഇന്ത്യന്‍ കമ്പനികള്‍. 2022 നവംബറില്‍ 28,000 കോടി ഡോളര്‍ (24 ലക്ഷം കോടി രൂപ) മൂലധനവുമായി ടാറ്റ ഗ്രൂപ്പിനെ മറികടന്നു. വരുമാനത്തില്‍ 60 ശതമാനവും കല്‍ക്കരി അനുബന്ധ ബിസിനസില്‍ നിന്നായിരുന്നു.

രാഷ്ട്രീയ പിന്തുണ

അദാനി ഗ്രൂപ്പിന്റെ ശരവേഗത്തിലെ വളര്‍ച്ചയത്രയും എന്‍.ഡി.എ ഭരണകാലത്താണ്. എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണം മുതല്‍ വിവിധ മേഖലകളില്‍ അദാനിക്ക് അനുകൂലമായ നയങ്ങള്‍ പ്രധാനമന്ത്രി കൈക്കൊള്ളുന്നത് തുടക്കംമുതല്‍ തന്നെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഊര്‍ജം, അടിസ്ഥാന സൗകര്യങ്ങള്‍, സൗരോര്‍ജം, കൃഷി, ഖനനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ബിസിനസ് എന്നതിനാല്‍ തന്നെ സര്‍ക്കാരിന്റെ പിന്തുണയും ഇടപെടലും എളുപ്പമായി. ആറ് പ്രധാന വിമാനത്താവളങ്ങള്‍ അദാനി എന്റര്‍പ്രൈസസിന് തന്നെയാണ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്.

ഇന്ത്യയിലെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും ഏറ്റവും കൂടുതല്‍ വരുമാനം നേടിയതും ലാഭം ഉണ്ടാക്കുന്നതും ഈ ആറ് വിമാനത്താവളങ്ങളാണ്. മറ്റ് വിമാനത്താവളങ്ങള്‍ കൂടി ഏറ്റെടുത്തതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ എന്ന നിലയിലേക്ക് അദാനി വളര്‍ന്നു. ഇനി ലാഭമത്രയും ഹരിതോര്‍ജ മേഖലയില്‍ നിന്നാണെന്ന തിരിച്ചറിവില്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഗൗതം അദാനി.

മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ എത്തിയശേഷം എല്‍.ഐ.സി, എസ്.ബി.ഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം വലിയതോതില്‍ അദാനി ഗ്രൂപ്പിലേക്ക് വഴിതിരിച്ചുവിട്ടു. ഗൗതം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്കായി രാജ്യത്തെ ബാങ്കുകള്‍ വായ്പയായി നല്‍കിയത് 81,234.7 കോടി രൂപ. ഇതില്‍ 60,000 കോടിയോളം രൂപ എസ്.ബി.ഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ വായ്പയാണ്. അദാനി ഗ്രൂപ്പിന് തകര്‍ച്ച സംഭവിച്ചാല്‍ രാജ്യത്തെ വമ്പന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി അപകടത്തിലാകുന്ന സ്ഥിതിയുണ്ട്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

ഒരു അമേരിക്കന്‍ ഇന്‍വസ്റ്റ്‌മെന്റ് റിസര്‍ച്ച് സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. ഓഹരി വിപണിയിലെ തെറ്റായ പ്രവണതകളും ചതിക്കുഴികളും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം ആരംഭിക്കുന്നതു തന്നെ. ഇതിന്റെ മെയിന്‍ വിങ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമാണ്.

അടുത്തിടെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്നാണ്.


ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരി വില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണെന്നാണ്. ഓഹരി വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനുള്ള അദാനി ഗ്രൂപ്പിന്റെ തന്ത്രമാണിത്. യഥാര്‍ത്ഥ മൂല്യത്തിന്റെ 85 ശതമാനംവരെ ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അദാനിയുടെ പല കമ്പനികളും നിലവില്‍ നഷ്ടത്തിലാണ്. ഓഹരികള്‍ പണയംവച്ച് അദാനി ഗ്രൂപ്പ് കോടിക്കണക്കിന് രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്. രണ്ട് വര്‍ഷത്തോളം ഗവേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അദാനി ഗ്രൂപ്പില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പല എക്‌സിക്യൂട്ടീവുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

ഹിന്‍ഡന്‍ബര്‍ഗിന്റെ സ്ഥാപകനായ നേതന്‍ ആന്‍ഡേഴ്‌സണ്‍ കണക്റ്റികട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദം നേടിയയാളാണ്. ഡാറ്റാ കമ്പനിയായ ഫാക്റ്റ്‌സെറ്റ് റിസര്‍ച്ച് സിസ്റ്റംസ് ഇന്‍ കോര്‍പ്പറേറ്റില്‍ ജീവനക്കാരനായി ചേര്‍ന്നാണ് നേതന്‍ ആന്‍ഡേഴ്‌സണ്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 38കാരനായ നേതന്‍ ആന്‍ഡേഴ്‌സണ്‍ 2017ലാണ് ഹിന്‍ഡന്‍ബര്‍ഗ് എന്ന കമ്പനി ആരംഭിച്ചത്.

രക്ഷകനായി എല്‍.ഐ.സി

ഓഹരിവില പെരുപ്പിച്ചുകാട്ടി അദാനി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതിനു പിന്നാലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചത് 300 കോടി രൂപ. 20,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് വെള്ളിയാഴ്ച തുടക്കമിട്ട തുടര്‍ഓഹരി വില്‍പ്പനയിലാണ് (എഫ്.പി.ഒ) എല്‍.ഐ.സി 300 കോടി മുടക്കിയത്. തകര്‍ച്ചയുടെ വക്കില്‍നില്‍ക്കുന്ന അദാനിയെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് എല്‍.ഐ.സി ജനങ്ങളുടെ പണമെടുത്ത് നല്‍കിയതെന്ന് കരുതുന്നു.

വിവിധ അദാനി ഗ്രൂപ്പുകളിലായി എല്‍.ഐ.സിക്ക് ആകെ 72,193 കോടി രൂപ നിക്ഷേപമുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രണ്ടുദിവസത്തിനിടെ അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യം നാലുലക്ഷം കോടിയിലേറെ ഇടിഞ്ഞപ്പോള്‍ എല്‍.ഐ.സിക്കുണ്ടായത് 16,500 കോടി രൂപയുടെ നഷ്ടം. ഇതോടെ അദാനി ഗ്രൂപ്പിലെ എല്‍.ഐ.സി നിക്ഷേപത്തിന്റെ മൂല്യം 55,565 കോടിയിലേക്ക് ചുരുങ്ങി. വിപണിയില്‍ ഇത്തരത്തില്‍ ഭീമമായ നഷ്ടം നേരിടുമ്പോഴാണ് 300 കോടി കൂടി എല്‍.ഐ.സി നിക്ഷേപിച്ചത്.

ഷെല്‍ കമ്പനികള്‍

ബിസിനസുകാര്‍ക്ക് നികുതി വെട്ടിക്കാനുള്ള വഴിയാണ് ഷെല്‍ കമ്പനികള്‍. മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ചെറിയ ചെറിയ രാജ്യങ്ങളില്‍ കുറെ കമ്പനികള്‍ വെറുതേ രജിസ്റ്റര്‍ ചെയ്തിടുന്നു. അവിടുത്തെ ഭരണാധികാരിക്ക് നിശ്ചിത തുക കൊടുത്താല്‍ കാര്യം സാധിക്കാം എന്നതാണ് ചെറു രാജ്യങ്ങളെ ലക്ഷ്യമിടുന്നതിനു പിന്നില്‍. കടലാസില്‍ മാത്രമുള്ള ഈ കമ്പനികളെയാണ് ഷെല്‍ കമ്പനികള്‍ (പുറംതോട് കമ്പനികള്‍) എന്ന് പറയുന്നത്. ഇവയ്ക്ക് പുറംതോട് മാത്രമേ ഉണ്ടാവൂ, ഉള്ളില്‍ ഒന്നും ഉണ്ടാവില്ല.

കമ്പനി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വരുമാനമെല്ലാം അങ്ങോട്ട് കടത്തണം. അല്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരും. അതിനു വേണ്ടി ഇല്ലാത്ത സാധനം ഇന്ത്യയിലെ മാതൃ കമ്പനി വാങ്ങി എന്ന രേഖയുണ്ടാക്കി ആ ബില്ല് അടക്കുകയാണെന്ന വ്യാജേന പണം വിദേശത്തേക്ക് കടത്തുന്നു. അതോടെ അദാനിക്ക് ലാഭവും വരുമാനവും ഇല്ലാതാവുന്നു. ലാഭമാക്കി കാണിച്ചാല്‍ അതിനു നികുതി കൊടുക്കണം. ആ ലാഭം ചെലവായി കണക്കുപുസ്തകത്തില്‍ എഴുതിവെക്കാന്‍ ഈ വ്യാജ ഇടപാടിലൂടെ സാധിക്കും. അദാനിയുടെ തന്നെ ജ്യേഷ്ടന്‍ വിനോദാണ് ഇങ്ങനെ ഉണ്ടാക്കിയ പുറംതോട് കമ്പനികള്‍ക്ക് പിന്നില്‍. 38 കമ്പനികളാണ് ഇങ്ങനെ അദ്ദേഹം ഉണ്ടാക്കിയത്.



ഈ വ്യാജ കടലാസ് കമ്പനികള്‍ അദാനിയുടെ ഷെയര്‍ വാങ്ങുന്നു. സ്വാഭാവികമായും അത് വിദേശ നിക്ഷേപമായി കണക്കാക്കും. വിദേശത്ത് നിന്നാണല്ലോ വരുന്നത്. വിദേശ നിക്ഷേപകര്‍ക്ക് പല നികുതിയിളവുകളും നല്‍കുകയും ചെയ്യും. 30% വരെ നികുതിയായി ഇന്ത്യക്കു കിട്ടേണ്ടിയിരുന്ന പണമാണ് അഞ്ച് പൈസ കൊടുക്കാതെ വീണ്ടും ഇളവുകള്‍ ആസ്വദിച്ച് സ്വന്തം നാട്ടില്‍ തന്നെ വരുന്നത്! അത്രയും പണം ചെലവായി കാണിച്ചത് മൂലം അദാനി നികുതി കൊടുക്കുകയും വേണ്ട.

ഈ പണം ഉപയോഗിച്ച് അദാനിയുടെ കമ്പനികളുടെ ഷെയറുകള്‍ ഭീമമായ തോതില്‍ വലിയ വില കൊടുത്ത് അദാനിക്ക് വേണ്ടി ജേഷ്ടന്‍ വളഞ്ഞ വഴിയിലൂടെ വാങ്ങുന്നു. ഷെയറിന്റെ വിലയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ കുതിച്ച് കയറുന്നു. അതോടെ വളര്‍ച്ചയുള്ള, ഭരണകൂട സപ്പോര്‍ട്ടുള്ള, ഒരിക്കലും തകരാത്ത കമ്പനിയുടെ ഷെയറുകള്‍ക്കായി ജനം കുതിച്ചെത്തുന്നു. വില വീണ്ടും വര്‍ധിക്കുന്നു.

ഇങ്ങനെ കൃത്രിമമായി ഊതിവീര്‍പ്പിച്ച ഷെയറുകളില്‍ കുറച്ചെണ്ണം വാരിയെടുത്ത് ബാങ്കുകളില്‍ കാണിച്ച് വന്‍ സംഖ്യ ലോണെടുത്ത് അദാനി മറ്റൊരു വന്‍ കമ്പനി കൂടി വാങ്ങുന്നു. കിട്ടുന്ന പണം മുഴുവന്‍ ഷെല്‍ കമ്പനികളിലേക്ക് വഴിതിരിച്ചുവിട്ട് പുതിയ സംരംഭത്തിന്റെ ഷെയറും ജ്യേഷ്ടന്‍ വഴി അദാനി തന്നെ വീണ്ടും വാങ്ങുന്നു. അവയുടെ വിലയും കുതിച്ചുയരുന്നു. നിക്ഷേപകര്‍ വീണ്ടും പാഞ്ഞെത്തുന്നു. വരുമാനവും ലാഭവും വീണ്ടും വ്യാജ ഇന്‍വോയിസ് വഴി ചെറു രാജ്യങ്ങളിലേക്ക് കടത്തുന്നു. അവ വീണ്ടും വിദേശ നിക്ഷേപമായി തിരിച്ചെത്തുന്നു. അദാനി വീണ്ടും ബാങ്കുകളില്‍ നിന്ന് സഹസ്ര കോടികള്‍ ലോണെടുക്കുന്നു. മറ്റൊരു മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.


ലക്ഷ്യം 20,000 കോടി; എഫ്.പി.ഒയുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഫോളോഓണ്‍ പബ്ലിക് ഓഫറിംഗിലൂടെ നടത്തുന്ന ധനസമാഹരണം തുടരുമെന്നാണ് അദാനി എന്റര്‍പ്രൈസസ് പറയുന്നത്. പ്രഖ്യാപിച്ച തുകയില്‍ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ എഫ്.പി.ഒ തുടരും.

ബാങ്കര്‍മാരും നിക്ഷേപകരും ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും എഫ്.പി.ഒയില്‍ പൂര്‍ണ വിശ്വാസമുണ്ട്. എഫ്.പി.ഒയുടെ വിജയത്തെ കുറിച്ച് അങ്ങേയറ്റം ആത്മവിശ്വാസമുണ്ട് എന്ന് കമ്പനി അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അദാനി ഓഹരികള്‍ ഇടിഞ്ഞതിനാല്‍ ബാങ്കര്‍മാര്‍ ഇഷ്യു വിലയില്‍ മാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.



ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ നേരിട്ടത്. മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്‌ഷോര്‍ നികുതി സങ്കേതങ്ങളില്‍ അദാനി ഗ്രൂപ്പ് എങ്ങനെയാണ് എന്റിറ്റികളെ ഉപയോഗിച്ചതെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചോദ്യം ചെയ്തു. അദാനി ഗ്രൂപ്പിന്റെ കടബാധ്യതയും ചോദ്യചിഹ്നത്തിലായി. ചൊവ്വാഴ്ച ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവന്നശേഷം, കമ്പനിയുടെ ഏഴ് ലിസ്റ്റഡ് കമ്പനികള്‍ക്ക് മൊത്തം 48 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെട്ടു.