image

6 Jun 2023 6:25 AM GMT

Stock Market Updates

ടെക്ക് വമ്പന്മാര്‍ വീണപ്പോഴും ഒരു വര്‍ഷം 108 ശതമാനം നേട്ടം; ഈ കമ്പനിയുടെ ഓഹരിവില കുതിച്ചത് 1,100 ലേക്ക്

MyFin Desk

KPIT Tech share | KPIT Tech share price
X

Summary

  • ടെക്‌നിക്ക എഞ്ചിനീയറിംഗ് എന്ന കമ്പനിയെ കെപിഐടി ടെക്‌നോളജീസ് ഏറ്റെടുത്തു
  • ഒരു വര്‍ഷം മുമ്പ് 470 രൂപ എന്ന ഓഹരി വിലയിൽ നിന്ന് കുതിപ്പ്
  • കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം എട്ട് ശതമാനത്തോളം


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയിലെ ടെക്ക് വമ്പനായ ഇന്‍ഫോസിസിന്റെ ഓഹരിവില ഇടിഞ്ഞത് 16 ശതമാനത്തിലധികമാണ്. വിപ്രോയും 15 ശതമാനത്തോളം ഇടിവ് നേരിട്ടു. ആഗോള അനിശ്ചിതത്വങ്ങളും മാന്ദ്യഭീതിയുമൊക്കെയാണ് ഇന്ത്യന്‍ ടെക്ക് കമ്പനികളുടെ ഈ ഇടിവിന് കാരണമായത്. എന്നാല്‍ ടെക്ക് വമ്പന്മാര്‍ വീണപ്പോഴും നിക്ഷേപകര്‍ക്ക് ഒരൊന്നൊന്നര നേട്ടം സമ്മാനിച്ചൊരു കമ്പനിയുണ്ട്.

കെപിഐടി ടെക്‌നോളജീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 109 ശതമാനത്തിന്റെ നേട്ടമാണ് ഈ ഐടി കമ്പനി നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത്. അതായത്, ഒരു വര്‍ഷം മുമ്പ് 470 രൂപ മാത്രമുണ്ടായിരുന്ന ഓഹരി വില ഇന്ന് എത്തിനില്‍ക്കുന്നത് 1121 രൂപയിലാണ്. ഇക്കാലയളവില്‍ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 12.63 ശതമാനത്തോളമാണ് ഉയര്‍ന്നത്.

ആറ് മാസത്തിനിടെ 55 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 25 ശതമാനത്തിന്റെ നേട്ടവും കെപിഐടി ടെക്‌നോളജീസിന്റെ ഓഹരി വിലയിലുണ്ടായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം എട്ട് ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്. ഇന്നത്തെ ഓഹരിവില അനുസരിച്ച് നിലവില്‍ 30,708 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

നാളെയിലേക്ക് കണ്ണുതുറന്ന കമ്പനി

അടുത്ത തലമുറ മൊബിലിറ്റി സൃഷ്ടിക്കുന്നതിനാവശ്യമായ ടെക്‌നിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കെപിഐടി ടെക്‌നോളജീസ്. സോഫ്‌റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള ഓട്ടോമോട്ടീവ് മൊബിലിറ്റി ഇക്കോസിസ്റ്റം സൃഷ്ടിച്ചെടുക്കുന്നതിന് വിവിധ കമ്പനികളുമായി കെപിഐടി ടെക്‌നോളജീസ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യൂറോപ്പ്, യുഎസ്എ, ജപ്പാന്‍, ചൈന, തായ്‌ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍ എന്‍ജിനീയറിങ് സെന്ററുകളും കെപിഐടി ടെക്‌നോളജീസിന് കീഴിലുണ്ട്.

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ടെക്‌നിക്ക എഞ്ചിനീയറിംഗ് എന്ന കമ്പനിയെ കെപിഐടി ടെക്‌നോളജീസ് ഏറ്റെടുത്തിരുന്നു. പ്രൊഡക്ഷന്റെഡി സിസ്റ്റം പ്രോട്ടോടൈപ്പിംഗ്, ഓട്ടോമോട്ടീവ് ഇഥര്‍നെറ്റ് പ്രോഡക്ട് എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്ത കമ്പനിയാണ് ടെക്‌നിക്ക എഞ്ചിനീയറിംഗ്.

മികച്ച പാദഫലം

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. അറ്റ വില്‍പ്പന 2023 മാര്‍ച്ചില്‍ മുന്‍കാലയളവിലെ 651.77 കോടിയില്‍നിന്ന് 1,017.37 കോടി രൂപയായി ഉയര്‍ന്നു. 56.09 ശതമാനം വര്‍ധന. അറ്റാദായവും 78.88 കോടിയില്‍നിന്ന് 41.49 ശതമാനം വര്‍ധിച്ച് 111.60 കോടി രൂപയിലെത്തി.

നിലവില്‍ കമ്പനിയുടെ 39.49 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത്. ബാക്കി 59.13 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ്.