image

12 Dec 2022 2:22 AM GMT

Stock Market Updates

ഡാറ്റയുടെ അഭാവത്തിൽ വ്യാപാരം സിംഗപ്പൂർ നിഫ്റ്റിയെ ആശ്രയിക്കാൻ സാധ്യത

Mohan Kakanadan

Stock Market
X

Summary

  • ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10 കോടി കവിഞ്ഞത് നല്ല പ്രവണതയായി തോന്നാമെങ്കിലും ഡേ ട്രേഡിംഗിലും ഡെറിവേറ്റീവ് ട്രേഡിംഗിലും ഏർപ്പെട്ട് പുതിയ നിക്ഷേപകർക്ക് പണം നഷ്‌ടപ്പെടുന്നുത് അഭികാമ്യമല്ല.
  • സുല വൈൻയാർഡ്‌സ്, അബാൻസ് ഹോൾഡിങ്‌സ് എന്നിവയുടെ പ്രാരംഭ ഓഹരി വില്പന ഇന്ന് ആരംഭിക്കും.


കൊച്ചി: ഇന്ന് വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ തക്ക വർത്തമാനങ്ങളൊന്നുമില്ല. ലോകമെമ്പാടും പണപ്പെരുപ്പമാണ് ചർച്ചാ വിഷയം. ഇതിനെതിരെ പോരാട്ടം തുടരുന്ന ഫെഡറൽ റിസർവ് ബുധനാഴ്ചത്തെ മീറ്റിംഗിൽ പലിശ നിരക്കിൽ 0.50 ബേസിസ് പോയിന്റ് വർദ്ധനവ് നടത്തുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും വ്യാഴാഴ്ച യോഗം ചേരുമ്പോൾ അതുപോലെ തന്നെ 0.50 ബേസിസ് പോയിന്റ് നിരക്കുകൾ വര്ധിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, ആ നീക്കം ആൽമഹത്യാപരമായിരിക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. പലിശ നിരക്ക് കൂടുന്നതോടെ ഓഹരി വിപണിയെക്കാൾ കടപ്പത്രങ്ങൾ ആകർഷകമാവും.

ഫെഡറൽ റിസർവ് നിരക്ക് വീണ്ടും ഉയർത്തുകയാണെങ്കിൽ, അത് മാന്ദ്യം വളരെയധികം വർധിപ്പിക്കുമെന്ന് ഇലോൺ മസ്‌ക് ഒരു ട്വീറ്റിൽ പറഞ്ഞു.

നവംബറിൽ എസ്‌ ഐ പി-കൾ 13307 കോടി രൂപയുടെ പുതിയ റെക്കോർഡിലെത്തിയതാണ് ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും ആരോഗ്യകരമായ പ്രവണതയെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി കെ വിജയകുമാർ പറയുന്നു.

മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 10 കോടി കവിഞ്ഞത് നല്ല പ്രവണതയായി തോന്നാമെങ്കിലും ഡേ ട്രേഡിംഗിലും ഡെറിവേറ്റീവ് ട്രേഡിംഗിലും ഏർപ്പെട്ട് പുതിയ നിക്ഷേപകർക്ക് പണം നഷ്‌ടപ്പെടുന്നുത് അഭികാമ്യമല്ല എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

രാവിലെ 7.30-ന് -41.50 പോയിന്റ് താഴ്ന്ന് ആരംഭിച്ച സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ത്യൻ വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനാണ് കളമൊരുക്കുന്നത്.

നാളെ നവംബറിലെ യുഎസ് ഉപഭോക്തൃ വിലപ്പെരുപ്പ ഡാറ്റയും പുറത്തു വരാനുണ്ട്. വാർഷിക പണപ്പെരുപ്പ നിരക്ക് മുൻ മാസത്തെ 7.7 ശതമാനത്തിൽ നിന്ന് 7.3 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന ഡാറ്റയും റീട്ടെയിൽ പണപ്പെരുപ്പ നിരക്കും തിങ്കളാഴ്ച പ്രഖ്യാപിക്കും. കൂടാതെ, മൊത്തവിലപ്പെരുപ്പ കണക്കുകൾ ബുധനാഴ്ച പുറത്തുവരും.

വെള്ളിയാഴ്ച സെന്‍സെക്‌സ് 389.01പോയിന്റ് ഇടിഞ്ഞു 62,181.67-ലവസാനിച്ചപ്പോൾ നിഫ്റ്റി 112.75 പോയിന്റ് താഴ്ന്ന് 18,495.60 ൽ ക്ലോസ് ചെയ്തു. എന്നാൽ, ബാങ്ക് നിഫ്റ്റി 36.60 പോയിന്റ് ഉയർന്ന് 43,633.45 ൽ അവസാനിച്ചു. എഫ് എം സി ജി, ഫാർമ മേഖല സൂചികകൾ ലാഭത്തിലായപ്പോൾ ബാക്കി എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ച ഒരു ദിവസമായിരുന്നു അത്. നിഫ്റ്റി ഐ ടി 3.14 ശതമാനമാണ് ഇടിഞ്ഞത്.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ഫെഡറൽ ബാങ്കും, ആസ്റ്റർ ഡി എമ്മും, ധനലക്ഷ്മി ബാങ്കും, മണപ്പുറവും, മുത്തൂറ്റ് ഫൈനാൻസും,മുതൂറ് ക്യാപിറ്റലും, സിഎസ്‌ബി ബാങ്കും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. എന്നാൽ, കല്യാൺ ജൂവല്ലേഴ്‌സം, വി ഗാർഡും, ലാഭത്തിലായിരുന്നു. ഭവന നിർമാണ മേഖലയിൽ പുറവങ്കരയും പി എൻ സി ഇൻഫ്രായും താഴ്ചയിലേക്ക് നീങ്ങി; ശോഭ നേട്ടത്തിൽ അവസാനിച്ചു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ഡിസംബർ 9) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 501.63 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -158.01 കോടി രൂപയ്ക്ക് അധികം വിറ്റു.

വിദഗ്ധാഭിപ്രായം

ഡോ.വി കെ വിജയകുമാർ, ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്‌: എൻ എസ്‌ ഡി എൽ കണക്കു പ്രകാരം നവംബറിൽ എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ 36,238 കോടി രൂപ നിക്ഷേപിച്ചു. സാമ്പത്തിക സേവന മേഖലയിൽ അവർ ധാരാളം വാങ്ങി. മൂലധന സാധനങ്ങൾ, ഓട്ടോകൾ, ഓട്ടോ ഘടകങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലും വാങ്ങലുകൾ നടന്നു. എന്നാൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ടെക്സ്റ്റൈൽസ്, പവർ, ടെലികോം എന്നിവയിൽ അവർ വിൽപ്പനക്കാരായിരുന്നു; ടെലികോം മേഖലയിൽ ഡിസംബറിന്റെ തുടക്കത്തിൽ എഫ്പിഐകൾ വാങ്ങുന്നത് തുടർന്നുവെങ്കിലും അടുത്ത ദിവസങ്ങളിൽ അവർ വിൽപ്പനക്കാരായി മാറി.ഡോളർ സൂചിക 105-ൽ താഴെയെത്തിയതാണ് നിക്ഷേപത്ത പ്രേരിപ്പിച്ച പ്രധാന ഘടകം. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ വിലകുറഞ്ഞ വിപണികളിലേക്ക് പണം മാറുന്ന പ്രവണതയുണ്ട്. ഇന്ത്യ വിദേശ മൂലധനം ആകർഷിക്കുന്നത് തുടരുമെങ്കിലും, ഇന്ത്യയിലെ ഉയർന്ന മൂല്യനിർണ്ണയം ഒരു തടസ്സമാകും. സമീപകാലത്ത്, എഫ്പിഐകൾ മിതമായ വാങ്ങലുകൾ മാത്രമേ നടത്താനിടയുള്ളു. വലിയ ലാഭത്തിലുള്ള മേഖലകളിൽ അവർ വിറ്റ് ലാഭം കൊയ്യുന്നത് തുടരാം. വിലകുറഞ്ഞ വിപണികളിലേക്ക് കൂടുതൽ പണം നീങ്ങാൻ സാധ്യതയുണ്ട്.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് സമ്മിശ്രമായാണ് കാണുന്നത്. ഹാങ്‌സെങ് (+450.64), ഷാങ്ഹായ് (+9.60) എന്നിവ പച്ചയിൽ തുടക്കം കുറിച്ചപ്പോൾ, ജപ്പാൻ നിക്കേ (-72.50), സൗത്ത് കൊറിയൻ കോസ്‌പി (+12.06), തായ്‌വാൻ (-149.22), ജക്കാർത്ത കോമ്പസിറ്റ് (-89.11) എന്നിവ നഷ്ടത്തിലാണ്.

വെള്ളിയാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+106.16), പാരീസ് യുറോനെക്സ്റ്റ് (+30.33), ലണ്ടൻ ഫുട്‍സീ (+4.46) എന്നിവ നേട്ടത്തിൽ അവസാനിച്ചു.

എന്നാൽ, അമേരിക്കന്‍ വിപണികളിൽ ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-305.02), എസ് ആൻഡ് പി 500 (-29.13), നസ്‌ഡേക് കോമ്പസിറ്റ് (-77.39) എന്നിവയെല്ലാം താഴ്ചയിലായിരുന്നു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് (ഓഹരി വില 512.90 രൂപ) തങ്ങളുടെ റീട്ടെയിൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ശനിയാഴ്ച അറിയിച്ചു.

2020 ജനുവരിയിൽ ഇഷ്യൂ ചെയ്ത വിദേശ ഡെറ്റ് ബോണ്ടുകൾ കൈവശമുള്ളവർക്ക് ഏകദേശം 71 കോടി രൂപയുടെ മൂല്യമുള്ള ഇക്വിറ്റി അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി ഭാരതി എയർടെൽ (ഓഹരി വില 834.90 രൂപ) അറിയിച്ചു. 2025-ൽ ലഭിക്കേണ്ട 1 ബില്യൺ ഡോളർ 1.5 ശതമാനം വിദേശ കറൻസി കൺവെർട്ടിബിൾ ബോണ്ടുകൾ കമ്പനി ഇഷ്യൂ ചെയ്തിരുന്നു.

പി‌ടി‌സി ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ഓഹരി വില 16.90 രൂപ) കടം വാങ്ങുന്നവർക്ക് 800 കോടി രൂപ വായ്പയായി അനുവദിക്കാനുള്ള നിർദ്ദേശത്തിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി അറിയിച്ചു. പിടിസി ഇന്ത്യ ലിമിറ്റഡ് പ്രമോട്ട് ചെയ്യുന്ന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് പിഎഫ്എസ്‌.

തമിഴ്‌നാട്ടിലെ എട്ടയപുരത്ത് 162.27 മെഗാവാട്ട് സോളാർ പവർ കപ്പാസിറ്റി കമ്മീഷൻ ചെയ്തതായി സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി ഭീമനായ എൻടിപിസി (ഓഹരി വില 169.50 രൂപ) ശനിയാഴ്ച അറിയിച്ചു.

തങ്ങളുടെ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഗ്ലാക്‌സോ സ്മിത്ത് ക്ലൈനിനും (ഓഹരി വില 1331.70 രൂപ) നാപ്‌ടോളിനും 10 ലക്ഷം രൂപ വീതം പിഴ ചുമത്തി.

മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് (ഓഹരി വില 285.15 രൂപ) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1,500 കോടി രൂപ വരെ വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി കമ്പനി എംഡിയും സിഇഒയുമായ കവിന്ദർ സിംഗ് പറഞ്ഞു.

ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ ചികിത്സയിൽ ഉപയോഗിക്കുന്ന സിലോഡോസിൻ ക്യാപ്‌സ്യൂളുകൾ അമേരിക്കയിൽ വിപണനം ചെയ്യാൻ യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് (ഓഹരി വില 407.75 രൂപ) ശനിയാഴ്ച അറിയിച്ചു. കൂടാതെ പ്രെഗബാലിൻ ക്യാപ്‌സ്യൂളുകൾ ഒന്നിലധികം ശക്തികളിൽ വിപണനം ചെയ്യുന്നതിനും കമ്പനിക്ക് ലഭിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,990 രൂപ.

യുഎസ് ഡോളർ = 82.28 രൂപ (+10 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 76.36 ഡോളർ (+0.34%)

ബിറ്റ് കോയിൻ = 14,45,434 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.34% ശതമാനം ഉയർന്ന് 104.83 ആയി.

ഐപിഓ

ഇന്ത്യയിലെ ഏറ്റവും വലിയ വൈൻ നിർമ്മാതാവും വിൽപനക്കാരുമായ സുല വൈൻയാർഡ്‌സ് ലിമിറ്റഡ് 2,69,00,530 ഇക്വിറ്റി ഷെയറുകൾ വിൽക്കുന്നു. ഒരു ഷെയറിന് 340-357 രൂപ പ്രൈസ് ബാൻഡുള്ള ഇഷ്യൂ ഇന്ന് ആരംഭിച്ച് ഡിസംബർ 14-ന് അവസാനിക്കും. 960 കോടി രൂപ സമാഹരിക്കാനാണ് ലക്‌ഷ്യം.

അബാൻസ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് 38 ലക്ഷം ഓഹരികൾ വിൽക്കാനുള്ള പദ്ധതിയുമായാണ് വിപണിയിൽ എത്തുന്നത്. 256-270 രൂപ പ്രൈസ് ബാൻഡിലുള്ള ഇഷ്യു ഇന്ന് ആരംഭിച്ച് ഡിസംബർ 15 ന് അവസാനിക്കും.