10 Nov 2022 11:04 AM IST
Stock market pre opening analysis
Summary
ആക്‌സിസ് ബാങ്കാണ് നഷ്ടം നേരിട്ട ഓഹരികളില്‍ മുന്നില്‍. ഇത് 2.21 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, മാരുതി, ഇന്‍ഫോസിസ് എന്നിവയെല്ലാം ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ്.
മുംബൈ: ആഗോള വിപണിയിലെ നെഗറ്റീവ് പ്രവണതകള്‍, ഓട്ടോ, ഐടി, ബാങ്കിംഗ് ഓഹരികളിലെ കനത്ത നഷ്ടം എന്നിവ മൂലം വിപണിക്ക് ഇന്ന് നഷ്ടത്തില്‍ തുടക്കം. രണ്ട് ദിവസത്തെ നേട്ടത്തിനുശേഷം രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞതും ആഭ്യന്തര വിപണിയെ ബാധിച്ചു. സെന്‍സെക്‌സ് 280.36 പോയിന്റ് താഴ്ന്ന് 60,753.19 ലും, നിഫ്റ്റി 87.35 പോയിന്റ് ഇടിഞ്ഞ് 18,069.65 ലും ആദ്യഘട്ട വ്യാപാരത്തിലെത്തി.
രാവിലെ 10.45ന് സെന്‍സെക്‌സ് 391.12 പോയിന്റ് താഴ്ന്ന് 60,642.43 ലും, നിഫ്റ്റി 112.10 പോയിന്റ് ഇടിഞ്ഞ് 18,044.90 ലുമാണ് വ്യാപാരം നടത്തുന്നത്.
ആക്‌സിസ് ബാങ്കാണ് നഷ്ടം നേരിട്ട ഓഹരികളില്‍ മുന്നില്‍. ഇത് 2.21 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, മാരുതി, ഇന്‍ഫോസിസ് എന്നിവയെല്ലാം ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ്.
ഡോ റെഡ്ഡീസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഇന്നലെ സെന്‍സെക്‌സ് 151.60 പോയിന്റ് താഴ്ന്ന് 61,033.55 ലും, നിഫ്റ്റി 45.80 പോയിന്റ് ഇടിഞ്ഞ് 18,157 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, സിയോള്‍, ഹോങ്കോംഗ് വിപണികള്‍ താരതമ്യേന നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
രൂപയുടെ മൂല്യം ഡോളറിനെതിരെ 17 പൈസ ഇടിഞ്ഞ് 81.64 ലെത്തി.
ആഭ്യന്തര വിപണിയില്‍ നിക്ഷേപകരായി തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 386.83 കോടി രൂപ വിലയുള്ള ഓഹരികളിലാണ് അധികം നിക്ഷേപം നടത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.06 ശതമാനം താഴ്ന്ന് 92.71 ഡോളറിലെത്തി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റി വി കെ വിജയകുമാര്‍ അഭിപ്രായപ്പെടുന്നു, 'വിപണി സൂക്ഷമതയോടെ കാത്തിരിക്കുന്നത് ഇന്ന് പുറത്തു വരുന്ന നിര്‍ണായകമായ യുഎസ് പണപ്പെരുപ്പ കണക്കുകള്‍ക്ക് വേണ്ടിയാണ്. പ്രതീക്ഷിക്കുന്നതിനെക്കാള്‍ കുറവാണ് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ (സിപിഐ) മെങ്കില്‍ അത് ആഗോള വിപണികള്‍ക്ക് മുന്നേറ്റത്തിനുള്ള ഉത്തേജനമാകും. എന്നാല്‍, പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷകള്‍ക്കും മുകളിലാണെങ്കില്‍ അത് വിപണിയില്‍ പുതിയൊരു റിസ്‌ക്-ഓഫിന് (റിസ്‌കുള്ള ഓഹരികള്‍ വിറ്റൊഴിവാക്കല്‍) കാരണമാകും. അതുകൊണ്ട് നിക്ഷേപകര്‍ തീര്‍ച്ചയായും ഈ നിര്‍ണായക കണക്കുകള്‍ ശ്രദ്ധിക്കും.
"വിപണിയെ സംബന്ധിച്ച് മറ്റൊരു പ്രധാനപ്പെട്ട കാര്യം, ചില നവ-യുഗ ടെക് കമ്പനികളുടെ ലോക്ക് ഇന്‍ പിരീഡ് അവസാനിക്കുന്നു എന്നുള്ളതാണ്. ഇത്തരം പ്രമുഖ സ്റ്റാര്‍ട്ടപ്പുകളില്‍ ആദ്യകാലങ്ങളില്‍ കുറഞ്ഞ വിലയില്‍ നിക്ഷേപിച്ചവര്‍ ഇതില്‍ നിന്നും പുറത്തുകടക്കാന്‍ തീരുമാനിച്ചേക്കാം. ഇതിനെ തുടര്‍ന്നുള്ള ഉയര്‍ന്ന ചാഞ്ചാട്ടം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ പ്രദാനം ചെയ്യും. ഈ ഓഹരികളില്‍ പലതിന്റെയും മൂല്യനിര്‍ണയം നടത്തുക പ്രയാസമാണെങ്കിലും, അവയ്ക്ക് വളര്‍ച്ചയുടെ ഒരു നീണ്ട റണ്‍വേ ഉണ്ട്, വിജയിച്ച കമ്പനികള്‍ വലിയ സമ്പത്ത് സൃഷ്ടാക്കളായും മാറും. അതിനാല്‍, ഈ അവസരത്തില്‍ നിക്ഷപേകര്‍ ശ്രദ്ധിക്കുക," അദ്ദേഹം പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
