16 Jun 2023 3:05 PM IST
16 മാസത്തിനിടെ 240 ശതമാനം നേട്ടം; വിപണിയില്‍ കുതിച്ചുചാടിയ കേരള കമ്പനിയെ അറിയുമോ?
MyFin Desk
Summary
- 2022 ജനുവരിയില്‍ 35 രൂപയായിരുന്നു ഓഹരി വില
- സിസ്റ്റ360 ഘട്ടംഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കിംഗ്‌സ് ഇന്‍ഫ്ര
- അറ്റാദായം 2.09 കോടിയായി ഉയര്‍ന്നു
16 മാസം മുമ്പ് ഓഹരി വിപണിയില്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 24 ലക്ഷമായി തിരികെ ലഭിച്ചാലോ...? ഒരൊന്നൊന്നര നേട്ടമായിരിക്കുമല്ലേ! അത്തരത്തില്‍ നേട്ടം സമ്മാനിച്ച കമ്പനിയേതാണെന്ന് ആലോചിക്കുകയാണെങ്കില്‍ എങ്ങും പോവേണ്ട, അത് നമ്മുടെ കേരളത്തില്‍നിന്നുള്ള കമ്പനി തന്നെയാണ്. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡ്.
കഴിഞ്ഞ 16 മാസത്തിനിടെ 240 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, 2022 ജനുവരിയില്‍ 35 രൂപയായിരുന്നു അക്വാകള്‍ച്ചര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഓഹരിവിലയെങ്കില്‍ ഇന്ന് അത് എത്തിനില്‍ക്കുന്നത് 119 രൂപയിലാണ്. അതിനിടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്നനിലയായ 126 രൂപയിലും എത്തിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 63 ശതമാനത്തിന്റെ നേട്ടമാണ് ഈ കേരള കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 22 ശതമാനം മാത്രം ഉയര്‍ന്നപ്പോഴാണ് കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സിന്റെ മുന്നേറ്റം. കഴിഞ്ഞ ആറ് മാസത്തിനിടെ 19.5 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 9.5 ശതമാനത്തിന്റെ ഉയര്‍ച്ചയും ഈ ഓഹരിയിലുണ്ടായി. നിലവില്‍ 278 കോടി രൂപയാണ് കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സിന്റെ വിപണി മൂല്യം.
വ്യത്യസ്തതയിലെ വിജയം
അക്വാകള്‍ച്ചര്‍ രംഗത്ത് വിവിധ കമ്പനികളുണ്ടെങ്കിലും കിംഗ്‌സ് ഇന്‍ഫ്രയുടെ വിജയം വ്യത്യസ്തതയാണ്. ഇന്ത്യന്‍ ചെമ്മീന്‍ കെട്ടുകളില്‍ ലോകത്തെ തന്നെ വലിയ ചെമ്മീന്‍ വളര്‍ത്തുകയാണ് അക്വാകള്‍ച്ചകര്‍. ഇതിനായി തൂത്തുകുടിയിലെ കുളത്തില്‍ കിംഗ്‌സ് ഇന്‍ഫ്രയുടെ സ്വന്തം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം നൂതന വിദ്യ വികസിപ്പിച്ചെടുത്തു, ഇതിലൂടെ സിസ്റ്റ360 എന്ന പ്രോട്ടോക്കോള്‍ പിറവിയെടുക്കുകയും ചെയ്തു.
ചെമ്മീനുള്ള തീറ്റ ബാക്കി വരുന്നതും, മാലിന്യങ്ങളും പുനരുപയോഗത്തിനായി മാറ്റിയെടുക്കുന്നതടക്കം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ അക്വ കൃഷി സംവിധാനമാണ് സിസ്റ്റ360. സിംബിയോട്ടിക് ആയ കൃഷി രീതിയാണിത്. സിസ്റ്റ360 ഘട്ടംഘട്ടമായി രാജ്യത്തുടനീളം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കിംഗ്‌സ് ഇന്‍ഫ്ര. തമിഴ്‌നാട്ടിന്റെ തീരദേശങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനകം 10,000 അക്വപ്രെണേഴ്‌സിന്റെ (അക്വ എന്റര്‍പ്രെണേഴ്‌സ്) നെറ്റ്വര്‍ക്ക് ഉണ്ടാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി കിംഗ്‌സ് ഇന്‍ഫ്രായുടെ സബ്‌സിഡിയറിയായി കിംഗ്‌സ് സിസ്റ്റ360 പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചിട്ടുണ്ട്.
അക്വാകള്‍ച്ചര്‍ ഫാമിംഗ് കൂടാതെ, സീ ഫുഡ് പ്രോസസിംഗ്, സമുദ്രോല്‍പ്പന്നങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം, അക്വാകള്‍ച്ചര്‍ കണ്‍സള്‍ട്ടന്‍സി, അടിസ്ഥാനസൗകര്യ വികസനം, സമുദ്രോല്‍പ്പന്നങ്ങളുടെ റീട്ടെയില്‍ സപ്ലൈ തുടങ്ങിയ രംഗത്തും കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം അവസാനത്തില്‍ റെഡി ടു ഈറ്റ് മത്സ്യവിഭവങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറില്‍ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സും കേന്ദ്രകാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും ഒപ്പുവെച്ചിരുന്നു. രാസവസ്തുക്കളുടെയും പ്രിസര്‍വേറ്റവീവ്‌സിന്റെയും സഹായമില്ലാതെ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള നൂതനമായ സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
മികച്ചപാദഫലം
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് കമ്പനി രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ കാലയളവില്‍ 12.32 കോടി രൂപയായിരുന്നു അറ്റവില്‍പ്പനയെങ്കില്‍ അവലോകന കാലയളവില്‍ 20.44 കോടി രൂപയായി ഉയര്‍ന്നു. അറ്റാദായാവും 0.78 കോടി രൂപയില്‍നിന്ന് 2.09 കോടിയായി ഉയര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
