image

3 Jan 2023 5:39 AM GMT

Stock Market Updates

വിദേശ നിക്ഷേപകരുടെ പിന്‍മാറ്റത്തില്‍ അസ്ഥിരമായി വിപണി

MyFin Desk

Trading view
X


വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ പിന്‍ വാങ്ങല്‍ വിപണിയെ അസ്ഥിരമാക്കുന്നു. ഏഷ്യന്‍ വിപണികളിലും സമ്മിശ്രമായ പ്രവണതയാണ് ഉള്ളത്. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 159.01 പോയിന്റ് ഇടിഞ്ഞ് 61,008.78 ലും നിഫ്റ്റി 47.65 പോയിന്റ് നഷ്ടത്തില്‍ 18,149.80 ലുമെത്തി. എന്നാല്‍ വിപണിയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്.

10.23 ന് സെന്‍സെക്‌സ് 92.97 പോയിന്റ് വര്‍ധിച്ച് 61,260.76 ലും നിഫ്റ്റി 29.05 പോയിന്റ് നേട്ടത്തില്‍ 18,226.50 ലുമാണ് വ്യാപാരം ചെയുന്നത്. സെന്‍സെക്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, നെസ്ലെ, എച്ച്ഡി എഫ് സി എന്നിവ നഷ്ടത്തിലാണ്.

ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍ ദുര്‍ബലമായാണ് വ്യാപാരം ചെയ്യുന്നത്. ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്. തിങ്കളാഴ്ച യുഎസ് വിപണി അവധിയായിരുന്നു.

'യുഎസ് വിപണി അവധിയായിരുന്നതിനാല്‍ നിക്ഷേപകര്‍ യൂറോപ്യന്‍ വിപണികളില്‍ കൂടുതല്‍ ശ്രദ്ധിക്കും. വ്യാഴാഴ്ച യുഎസ് ഫെഡ് നടത്താനിരിക്കുന്ന മീറ്റിംഗ് ഈ ആഴ്ചയില്‍ നിര്‍ണായകമാകും,' മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ റീസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് താപ്‌സെ പറഞ്ഞു.

തിങ്കളാഴ്ച സെന്‍സെക്‌സ് 327.05 പോയിന്റ് നേട്ടത്തില്‍ 61,167.79 ലും നിഫ്റ്റി 92.15 പോയിന്റ് നേട്ടത്തില്‍ 18,197.45 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.27 ഇടിഞ്ഞ് ബാരലിന് 85.68 ഡോളറായി. വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച 212.57 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.