image

17 July 2023 4:22 PM IST

Stock Market Updates

3 മാസത്തിനുള്ളില്‍ മള്‍ട്ടിബാഗറായത് 41 ഓഹരികള്‍

MyFin Desk

multibagger 41 stocks in 3 months
X

Summary

  • ഫോഴ്‌സ് മോട്ടോഴ്‌സ് ഏകദേശം 122 ശതമാനം റിട്ടേണാണ് നല്‍കിയത്
  • പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കു ഡിമാന്‍ഡ് ഉള്ളതിനാല്‍ നിക്ഷേപകര്‍ ഓട്ടോമൊബൈല്‍ ഓഹരികളിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്
  • സമീപകാലത്തെ ഏറ്റവും മികച്ച പാദങ്ങളിലൊന്നായിരുന്നു ജൂണ്‍ പാദം


ഇന്ത്യന്‍ ഇക്വിറ്റികളെ സംബന്ധിച്ചിടത്തോളം സമീപകാലത്തെ ഏറ്റവും മികച്ച പാദങ്ങളിലൊന്നായിരുന്നു ജൂണ്‍ പാദം. വിദേശ നിക്ഷേപകര്‍ ദലാല്‍ സ്ട്രീറ്റില്‍ പണം വാരിക്കോരി ചെലവഴിച്ചതിനാല്‍ ജൂണ്‍ പാദത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സിനും നിഫ്റ്റിക്കും ആറ് മാസത്തിനിടയിലെ പുതിയ ഉയരങ്ങളിലെത്താന്‍ സാധിച്ചു.

ഓഹരി വിപണിയിലെ റാലിയിലൂടെ ചുരുങ്ങിയത് 41 ഓഹരികള്‍ക്കെങ്കിലും മൂന്ന് മാസം കൊണ്ട് മള്‍ട്ടിബാഗറാകാന്‍ സാധിച്ചു.

100 ശതമാനത്തില്‍ കൂടുതല്‍ വരുമാനം നല്‍കുന്ന ഒരു ഇക്വിറ്റി സ്‌റ്റോക്കിനെയാണല്ലോ പൊതുവേ മള്‍ട്ടിബാഗറെന്നു വിളിക്കുന്നത്.

100 ശതമാനത്തില്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കിയ പ്രമുഖ ഓഹരികളില്‍ ചിലതാണ് ചുവടെ;

ജിന്‍ഡാല്‍ സോ (Jindal Saw)

തന്‍ല പ്ലാറ്റ്‌ഫോംസ് (Tanla Platforms)

ടെക്‌സ്മാക്കോ റെയില്‍ സിസ്റ്റംസ്(Texmaco Railsystems)

ഫോഴ്‌സ് മോട്ടോഴ്‌സ്(Force Motors)

ഓറിയന്‍പ്രോ സൊല്യൂഷന്‍സ്(Aurionpro Solutiosn)

ജെബിഎം ഓട്ടോ(JBM Auto)

മസഗന്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്(Mazagon Dock Shipbuilders)

ഇനോക്‌സ് വിന്‍ഡ് എനര്‍ജി(Inox Wind Energy)

സുസ്‌ലോണ്‍ എനര്‍ഡി ( Suzlon Energy)

പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡ് ഉള്ളതിനാല്‍ നിക്ഷേപകര്‍ ഓട്ടോമൊബൈല്‍ അനുബന്ധ ഓഹരികളിലാണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈയൊരു ഘടകം ഓട്ടോ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം കൈവരിക്കാനും സഹായിച്ചു.

2023 ഏപ്രില്‍ മുതല്‍ ഇതുവരെയായി ഫോഴ്‌സ് മോട്ടോഴ്‌സ് ഏകദേശം 122 ശതമാനം റിട്ടേണാണ് നല്‍കിയത്. സ്‌മോള്‍ ക്യാപ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വാഹന സ്റ്റോക്കാണിത്.

ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒലെക്ട്ര ഗ്രീന്‍ടെക് (Olectra Greentech) ഏപ്രിലിനു ശേഷം 120 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയ മറ്റൊരു പ്രമുഖ gainer ആണ്.

മൂന്നു മാസത്തിനിടെ ജെബിഎം ഓട്ടോ സ്‌റ്റോക്ക് മൂല്യം ഇരട്ടിയായി. ജയ് ഭാരത് മാരുതിയുടെ ഓഹരികള്‍ 127 ശതമാനത്തിലധികം ഉയര്‍ന്നു.

ദലാല്‍ സ്ട്രീറ്റ് നിക്ഷേപകരുടെ ഏറ്റവും പ്രിയങ്കരമായ സ്‌റ്റോക്ക് ആണ് മസഗന്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ 2023 ഏപ്രില്‍ മുതല്‍ ഇതുവരെയായി 159 ശതമാനം റിട്ടേണ്‍ നല്‍കി.

വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാതാക്കളായ സുസ്‌ലോണ്‍ എനര്‍ജി സ്റ്റോക്കും നിക്ഷേപകരുടെ താല്‍പ്പര്യം വളരെയധികം പിടിച്ചുപറ്റി. മൂന്ന് മാസത്തിനുള്ളില്‍ 122 ശതമാനം റിട്ടേണ്‍ കമ്പനി നല്‍കി.

ഈ സ്റ്റോക്കുകളില്‍ ചിലത് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ താണ്ടുമെന്നു ടെക്‌നിക്കല്‍ അനലിസ്റ്റുകള്‍ പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെ ലാഭമെടുപ്പ് (profit booking) നടത്താനുള്ള സാധ്യതകളെയും അനലിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല.

ജുലൈയില്‍ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‌ഐപികള്‍ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം) നടത്തിയത്. രാജ്യത്തെ ശക്തമായ സാമ്പത്തിക സ്ഥിതിവിശേഷങ്ങളും കോര്‍പറേറ്റ് തലങ്ങളില്‍നിന്നുള്ള മികച്ച വരുമാനവുമാണ് എഫ്‌ഐപികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.

ഈ പ്രവണത തുടരുകയാണെങ്കില്‍ ജുലൈയിലെ എഫ്‌ഐപി നിക്ഷേപം മെയ്, ജൂണ്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കും. യഥാക്രമം 43,838 കോടി രൂപയും, 47,148 കോടി രൂപയുമാണു മെയ്, ജൂണ്‍ മാസങ്ങളില്‍ എത്തിയത്.

ഈ വര്‍ഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്പിഐ നിക്ഷേപം 1.07 ലക്ഷം കോടി രൂപയിലെത്തി.

ഇന്ത്യന്‍ ഇക്വിറ്റികളിലേക്കുള്ള എഫ്‌ഐപി ഒഴുക്കിന്റെ ഭാവി വളരെ ശോഭയുള്ളതാണെന്നു മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഈ വര്‍ഷം മാര്‍ച്ച് മുതലാണ് എഫ്‌ഐപികള്‍ ഇന്ത്യന്‍ വിപണിയില്‍ വാങ്ങലിലേക്ക് തിരിഞ്ഞത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിക്ഷേപത്തിനു പുറമെ ബള്‍ക്ക് ഡീലുകളിലൂടെയും പ്രാഥമിക വിപണിയിലൂടെയും നടത്തിയ നിക്ഷേപവും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.

ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ 34,626 കോടി രൂപ പിന്‍വലിച്ചതിനു ശേഷമാണു മാര്‍ച്ചില്‍ വാങ്ങലിലേക്ക് തിരിഞ്ഞത്.