image

24 Nov 2022 11:31 AM GMT

Stock Market Updates

യുഎസ് വിപണി ചലനം, ആഭ്യന്തര മുന്നേറ്റം; സെന്‍സെക്‌സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍

MyFin Desk

യുഎസ് വിപണി ചലനം, ആഭ്യന്തര മുന്നേറ്റം;  സെന്‍സെക്‌സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍
X


സെന്‍സെക്‌സ് ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ അവസാനിച്ചു. യുഎസ്‌ഫെഡ് നിരക്ക് വര്‍ധന വേഗത കുറയ്ക്കുമെന്ന് സൂചിപ്പിച്ചത് നിക്ഷേപകരുടെ താല്പര്യമുയര്‍ത്തി. ഇത് ആഗോള വിപണികളെല്ലാം മുന്നേറുന്നതിനു കാരണമായി. തുടര്‍ച്ചയായി മൂന്നാം ദിനവും മുന്നേറിയ വിപണിയില്‍ സെന്‍സെക്‌സ് 762.10 പോയിന്റ് വര്‍ധിച്ച് 62,272.68 ലാണ് അവസാനിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 901.75 പോയിന്റ് ഉയര്‍ന്ന് 62,412.33 ല്‍ എത്തിയിരുന്നു. ഇത് 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കാണ്.

നിഫ്റ്റി 216.85 പോയിന്റ് നേട്ടത്തില്‍ 18,484.10 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 262.45 പോയിന്റ് വര്‍ധിച്ച് 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. 'രണ്ട് കാര്യങ്ങളാണ് ഇന്ന് വിപണിയില്‍ വലിയൊരു മുന്നേറ്റമുണ്ടാക്കിയത്. യുഎസ് വിപണിയില്‍ ഓഹരികള്‍ മുന്നേറിയതും, ബോണ്ട് യില്‍ഡ് കുറഞ്ഞതും, ഡോളറിന്റെ മൂല്യമിടിഞ്ഞതും ആഭ്യന്തര വിപണിക്കനുകൂലമായി. രണ്ട്, വായ്പ വളര്‍ച്ചയിലും മൂലധന ചെലവിലും സ്ഥിരമായ ഉയര്‍ച്ച കാണിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ ശക്തമായ തിരിച്ചു വരവ്.

ഇതോടൊപ്പം, ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള ഇടിവും വലിയൊരു ശുഭ സൂചനയാണ്. ഇത് സെന്‍സെക്‌സിലെ എചഡി എഫ്‌സി, ഇന്‍ഫോസിസ്, ടിസിഎസ്, ആര്‍ഐഎല്‍ പോലുള്ള ലാര്‍ജ് ക്യാപ് ഓഹരികള്‍ മുന്നേറുന്നതിനു ആക്കം കൂട്ടി'- ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

സെന്‍സെക്‌സില്‍, എച് സി എല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, വിപ്രോ, പവര്‍ ഗ്രിഡ്, ടെക്ക് മഹിന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ ലാഭത്തിലായിരുന്നു. ബജാജ് ഫിന്‍സേര്‍വ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലായി.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഹോങ്കോങ് എന്നിവ നേട്ടത്തിലായപ്പോള്‍ ഷാങ്ഹായ് നഷ്ടത്തില്‍ അവസാനിച്ചു. യൂറോപ്യന്‍ വിപണികള്‍, ഉച്ചക്ക് ശേഷമുള്ള സെഷനില്‍ ലാഭത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. യുഎസ് വിപണി നേട്ടത്തിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 0.46 താഴ്ന്ന് ബാരലിന് 85.02 ഡോളറായി. ബുധനാഴ്ച വിദേശ നിക്ഷേപകര്‍ 789.86 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.