image

10 July 2023 5:16 AM GMT

Stock Market Updates

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ ബുധനാഴ്ച ആരംഭിക്കും

MyFin Desk

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്  ഐപിഒ ബുധനാഴ്ച ആരംഭിക്കും
X

Summary

  • 500കോടി സമാഹരിക്കുക ലക്ഷ്യം
  • മൂലധന അടിത്തറ മെച്ചപ്പെടുത്തുന്നതിനാണ് ഓഹരിവില്‍പ്പന
  • ഷെയറിന്റെ പ്രൈസിംഗ് ബാന്‍ഡ് 23-25 രുപ നിരക്കിലാണ്


ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഈ ആഴ്ച ആരംഭിക്കും. ഒരു ഷെയറിന് 23-25 രുപ നിരക്കിലാണ് പ്രൈസിംഗ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 500 കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഒ ജൂലൈ 12 ബുധനാഴ്ച ആരംഭിച്ച് 14 വെള്ളിയാഴ്ച അവസാനിക്കും. ജൂലൈ 11 ചൊവ്വാഴ്ച ആങ്കര്‍ നിക്ഷേപകരുടെ ലേലം ആരംഭിക്കും.

ജൂലായ് 19 ബുധനാഴ്ച അലോട്ട്മെന്റ് നടക്കുകയും ജൂലൈ 20 വ്യാഴാഴ്ച ഷെയറുകള്‍ അലോട്ട്‌മെന്റ് ലഭിച്ചവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. ജൂലൈ 24 തിങ്കളാഴ്ച, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഷെയറിന്റെ ട്രേഡിംഗ് ആരംഭിക്കും.

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ പൂര്‍ണമായും ഇക്വിറ്റി ഷെയറുകളുടെ ഒരു പുതിയ ഇഷ്യു ആണ്. ഓരോ ഇക്വിറ്റി ഷെയറിന്റെയും മുഖവില 10രൂപ ആണ്.

ബാങ്കിന്റെ ഒന്നാം നിര മൂലധന അടിത്തറ മെച്ചപ്പെടുത്തുന്നതിനും ഭാവി മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ലഭിക്കുന്ന വരുമാനം ഉപയോഗിക്കും. 2023 മാര്‍ച്ചിലെ കണക്കനുസരിച്ച് അതിന്റെ ടയര്‍-1 മൂലധന അടിത്തറ 1,844.82 കോടി രൂപ ആണ്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡും കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡുമാണ് പബ്ലിക് ഓഫറിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഇഷ്യുവിന്റെ രജിസ്ട്രാര്‍ കെഫിന്‍ ടെക്‌നോളജീസ് ലിമിറ്റഡാണ്.

ആദ്യം 1,350 കോടി രൂപ സമാഹരിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി 2021 ജൂലൈയില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇത് 2022 ല്‍ പുതുക്കി കരട് പേപ്പറുകള്‍ സെബിക്ക് സമര്‍പ്പിക്കുകയും ഐപിഒ വഴി 500 കോടി രൂപ ശേഖരിക്കുന്നതിന് ഇഷ്യു വലുപ്പം 63 ശതമാനം കുറയ്ക്കുകയും ചെയ്തു. ഐപിഒ വഴി 1,350 കോടി രൂപ സമാഹരിക്കാനാണ് സ്ഥാപനത്തിന് വായ്പ നല്‍കിയ ഉത്കര്‍ഷ് കോര്‍ ഇന്‍വെസ്റ്റ് ലിമിറ്റഡ് ഉദ്ദേശിച്ചത്.

ബാങ്കിന്റെ ഏക പ്രമോട്ടര്‍ ഉത്കര്‍ഷ് കോര്‍ ഇന്‍വെസ്റ്റ് ലിമിറ്റഡ് ആണ്. മുമ്പ് ഉത്കര്‍ഷ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു. റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസിന്റെ തീയതി വരെ പ്രൊമോട്ടറും അതിന്റെ നോമിനികളും ചേര്‍ന്ന് 759,272,222 ഇക്വിറ്റി ഷെയറുകള്‍ കൈവശം വച്ചിട്ടുണ്ട്.