image

1 Feb 2023 10:21 AM GMT

Income Tax

ആദായ നികുതി സ്ലാബ് മാറ്റം: ആര്‍ക്കൊക്കെ നേട്ടം ?

Guest

ആദായ നികുതി സ്ലാബ് മാറ്റം: ആര്‍ക്കൊക്കെ നേട്ടം ?
X

Summary

  • മാറ്റങ്ങള്‍ 2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ളതാണ്
  • എന്തെല്ലാം മാറ്റങ്ങളാണ് വ്യക്തിഗത ആദായ നികുതി നിയമത്തില്‍ വരുത്തിയിട്ടുള്ളത്


CA Abraham PJ

വളരെയേറെ പ്രതീക്ഷയോടെ കാത്തിരുന്ന 2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇപ്പോഴത്തെ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ആയിരുന്നതിനാലും, ലോകം മുഴുവന്‍ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നു എന്ന ആശങ്കകള്‍ നില നില്‍ക്കുന്നതിനാലും വിലക്കയറ്റവും പണപ്പെരുപ്പവും അത്രക്ക് ആശിക്കാവുന്ന നിലയില്‍ അല്ലാത്തതിനാലും സാമ്പത്തിക വിദഗ്ധര്‍ വളരെ ആകാംക്ഷയോടെ തന്നെ കാത്തിരുന്ന ഒരു ബജറ്റ് ആയിരുന്നു ഇത്. അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ വ്യക്തിഗത ആദായ നികുതി നിയമവുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.

മാറ്റങ്ങള്‍ 2023-2024 സാമ്പത്തിക വര്‍ഷത്തേക്കുള്ളതാണ്

ഈ ബജറ്റിലൂടെ പുതിയ നികുതി ഘടനക്കാണ് ഇനി അങ്ങോട്ട് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് എന്ന വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പുതിയ ഇളവുകളെല്ലാം പുതിയ നികുതി ഘടനയുമായി ബന്ധപ്പെട്ടുള്ളതാണ്. അതിനാല്‍ തന്നെ, ആദായ നികുതി ഇളവിന് അനുവദനീയമായിരുന്ന പരിധികള്‍ ഒന്നും തന്നെ ഇത്തവണ കൂട്ടിയിട്ടില്ല.





എന്തെല്ലാം മാറ്റങ്ങളാണ് വ്യക്തിഗത ആദായ നികുതി നിയമത്തില്‍ വരുത്തിയിട്ടുള്ളത്

1. വകുപ്പ് 87A പ്രകാരം ലഭിച്ചിരുന്ന റിബേറ്റ് 5 ലക്ഷം വരെ നികുതി വിധേയ വരുമാനം ഉള്ളവര്‍ക്കായിരുന്നു. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്നവര്‍ക്ക് 7 ലക്ഷം വരെ നികുതി വിധേയ വരുമാനം ഉണ്ടെങ്കിലും ഈ കിഴിവ് അവകാശപ്പെടാവുന്നതാണ്.

2. അടുത്തതായി നികുതി നിരക്കുകളുടെ പട്ടികയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളാണ്. ഈ മാറ്റങ്ങളിലൂടെ പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്ന ആദായ നികുതി ദാതാക്കള്‍ക്ക് വലിയ നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്. അതേസമയം, പഴയ നികുതി ഘടന തിരഞ്ഞെടുക്കുന്നവര്‍ക്ക് യാതൊരു പുതിയ മെച്ചവും പ്രഖ്യാപിച്ചിട്ടില്ല. അത് പഴയത് പോലെ തന്നെ തുടരും. ഇവ തമ്മിലുള്ള ഒരു താരതമ്യ പഠനം താഴെ കൊടുത്തിരിക്കുന്നു.



3. പുതിയ നികുതി ഘടന തിരഞ്ഞെടുക്കുന്ന ശമ്പളക്കാര്‍ക്ക് അവരുടെ മൊത്ത വരുമാനം 15.5 ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ 52,500 രൂപ അടിസ്ഥാന കിഴിവായി ലഭിക്കും. നേരത്തെ, അടിസ്ഥാന കിഴിവ് പഴയ നികുതി ഘടന തിരഞ്ഞെടുത്തവര്‍ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ.

4. അവധി പണമായി വാങ്ങുമ്പോള്‍ 3 ലക്ഷം വരെ കിഴിവായി ലഭിച്ചിരുന്നത് 25 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

5. നേരത്തെ പഴയ നികുതി ഘടനയാണ് അടിസ്ഥാന നികുതി ഘടനയായി കണക്കാക്കിയിരുന്നത്. പുതിയ നികുതി ഘടന തിരഞ്ഞെടുക്കാന്‍ പ്രത്യേകം അപേക്ഷിക്കണമായിരുന്നു. ഇത്തവണത്തെ ബജറ്റിലൂടെ അത് നേരെ തിരിച്ചാക്കിയിട്ടുണ്ട്. പുതിയ നികുതി ഘടനയായിരിക്കും അടിസ്ഥാന ഘടന. പഴയത് വേണ്ടവര്‍ അത് പ്രത്യേകം തിരഞ്ഞെടുക്കണം.

ഇത്രയും കാര്യങ്ങളാണ് വ്യക്തിഗത ആദായ നികുതി ദായകരെ സംബന്ധിക്കുന്ന മാറ്റങ്ങള്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ ഉള്ളത്.

CA Abraham PJ , Chartered Accountant