20 Feb 2026 8:26 PM IST
മാരുതി സുസൂക്കിയുടെ ജനപ്രിയ സബ്-4 മീറ്റര്‍ എസ്യുവിയായ മാരുതി സുസൂക്കി ബ്രെസയുടെ 2026 പതിപ്പ് വിപണിയിലെത്താന്‍ ഒരുങ്ങുന്നു. പുറം രൂപത്തില്‍ വലിയ മാറ്റങ്ങളില്ലെങ്കിലും, ഇന്റീരിയറും എഞ്ചിന്‍ വകഭേദങ്ങളും ഉള്‍പ്പെടെ ശ്രദ്ധേയമായ അപ്‌ഡേറ്റുകളോടെയായിരിക്കും പുതിയ മോഡല്‍ എത്തുക.
ഡിസൈനില്‍ വലിയ മാറ്റമില്ല
നിലവിലെ ബ്രെസയുടെ ഫ്രണ്ട് ഫാസിയ, പിന്‍ഭാഗം, അലോയ് വീല്‍ ഡിസൈന്‍, ബോഡി ക്ലാഡിംഗ്, ലൈറ്റിംഗ് ഘടകങ്ങള്‍ എന്നിവയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നില്ല. ടെസ്റ്റ് വാഹനങ്ങള്‍ പലതവണ റോഡുകളില്‍ കണ്ടതോടെ ലോഞ്ച് അടുത്തുതന്നെയെന്ന് സൂചന ലഭിക്കുന്നു. പ്രതിമാസം ശരാശരി 14,000 യൂണിറ്റുകള്‍ വരെ വില്‍പ്പന നടത്തുന്ന ബ്രെസയ്ക്ക് രാജ്യത്ത് മികച്ച സ്വീകാര്യതയുണ്ട്.
ഇൻ്റീരിയറില്‍ വലിയ അപ്‌ഡേറ്റുകള്‍
പുതിയ പതിപ്പില്‍ 9 ഇഞ്ച് യൂണിറ്റിന് പകരം വലിയ 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം ലഭിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അണ്ടര്‍-ബോഡി സിഎന്‍ജി സിലിണ്ടര്‍ ക്രമീകരണം വഴി ബൂട്ട്‌സ്‌പേസ് കൂടുതലായി സംരക്ഷിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഈ സംവിധാനത്തില്‍ സ്‌പെയര്‍ വീല്‍ ലഭിക്കില്ലെന്നാണ് സൂചന.
എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതുമ
നിലവില്‍ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ബ്രെസയില്‍ ലഭ്യമാകുന്നത്. പുതുക്കിയ പതിപ്പില്‍ 1.0 ലിറ്റര്‍ 3-സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍ എഞ്ചിനും പരിഗണനയില്‍ ഉണ്ട്. കൂടാതെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തിരിച്ചെത്താനും സാധ്യതയുണ്ട്.
വിലയില്‍ ആകര്‍ഷകത പ്രതീക്ഷ
നിലവിലെ മോഡലിന് 8.26 ലക്ഷം മുതല്‍ 13.01 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. പുതിയ ചെറിയ എഞ്ചിന്‍ ഓപ്ഷനുകള്‍ വഴി ബി-സെഗ്മെന്റ് നികുതി ആനുകൂല്യം നേടാനും അതിലൂടെ കൂടുതല്‍ മത്സരാധിഷ്ഠിതമായ വില ഉറപ്പാക്കാനും കമ്പനിയുടെ ലക്ഷ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home