6 Dec 2025 2:27 PM IST
ഹ്യുണ്ടേയുടെ പുത്തന്‍ വെന്യുവിന്റെ ബുക്കിങ് 32,000 കടന്നു. പുറത്തിറങ്ങി ഒരു മാസം കൊണ്ട് ഈ നേട്ടം കൈവരിക്കുന്നത്. അടിമുടി മാറ്റങ്ങളോടെ എത്തിയ കോംപാക്ട് എസ്‌യുവി വെന്യുവിന്റെ ബുക്കിങ് ഒക്ടോബര്‍ 24 മുതലാണ് ഹ്യുണ്ടേയ് ആരംഭിച്ചത്. നവംബര്‍ നാലിന് വില പ്രഖ്യാപിക്കുകയും ചെയ്തു. രൂപഭാവങ്ങളില്‍ പുതു തലമുറയിലേക്ക് മാറിയ ഹ്യുണ്ടേയ് വെന്യുവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മോഡലിന് ലഭിക്കുന്ന ബുക്കിങുകള്‍ വ്യക്തമാക്കുന്നു.
പുത്തന്‍ വെന്യുവിന് 3995എംഎം നീളവും 1800എംഎം വീതിയും 1665 എംഎം ഉയരവുമാണുള്ളത്. പഴയ മോഡലിനേക്കാള്‍ 48എംഎം ഉയരവും 30എംഎം വീതിയും കൂടും. വീല്‍ ബേസും 20എംഎം കൂടുതലുണ്ട്(2,520എംഎം). വീല്‍ബേസും ഉയരവും വീതിയും കൂടിയതോടെ സ്വാഭാവികമായും വാഹനത്തിന് കൂടുതല്‍ ഇന്റീരിയര്‍ സ്‌പേസ് ലഭിക്കുന്നു. ബൂട്ട് സ്‌പേസ് 350 ലീറ്ററില്‍ നിന്നും 375 ലീറ്ററിലേക്ക് വര്‍ധിച്ചിട്ടുണ്ട്.
അടിമുടി മാറിയ മുന്‍ഭാഗത്ത് ബോണറ്റില്‍ എല്‍ഇഡി സ്ട്രിപ്പും പ്രധാന ഹെഡ്‌ലൈറ്റുകളിലേക്കു നീളുന്ന L രൂപത്തിലുള്ള ഡിആര്‍എല്ലുകളും കാണാം. നേരത്തെ ഗ്രില്ലിലായിരുന്ന ഹ്യുണ്ടേയ് എംബ്ലം ബോണറ്റിലേക്ക് മാറ്റിയിട്ടുണ്ട്. വലിയ സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകളും ദീര്‍ഘചതുരാകൃതിയിലുള്ള ഗ്രില്ലുകളും ഡിസൈനില്‍ പുതുമ നല്‍കുന്നുണ്ട്. കട്ടിയേറിയ ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിങ്, കൂടുതല്‍ വലിയ റൂഫ് റെയിലുകള്‍, ഡി പില്ലറില്‍ സാറ്റിന്‍ സില്‍വര്‍ നിറം, മെലിഞ്ഞ ഒആര്‍വിഎമ്മുകള്‍, പുതിയ 16 ഇഞ്ച് അലോയ് വീല്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. പിന്നില്‍ പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകളും ബ്ലാക്ക് പാനലുകളും മെലിഞ്ഞ ലുക്കിന് യോജിച്ചതാണ്.
സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ വെന്യു എന്‍ ലൈനില്‍ പല വ്യത്യാസങ്ങളുമുണ്ട്. ചുവപ്പ് ഹെഡ് ലൈറ്റുകളുള്ള ബംപര്‍, ഡാര്‍ക്ക് ക്രോം റേഡിയേറ്റര്‍ ഗ്രില്‍, ബോഡി കളേഡ് വീല്‍ ആര്‍ക്ക് ക്ലാഡിങ്, N എംബ്ലമുള്ള 17 ഇഞ്ച് അലോയ് വീല്‍, ചുവപ്പ് കാലിപ്പറുള്ള ഡിസ്‌ക്ക് ബ്രേക്കുകള്‍, ട്വിന്‍ ടിപ്പ് എക്‌സ്‌ഹോസ്റ്റ്, എന്‍ ലൈനിന് പ്രത്യേകമായുള്ള വിങ് ടൈപ്പ് സ്‌പോയിലറുകള്‍ എന്നിങ്ങനെ പോവുന്നു എന്‍ ലൈനിലെ വ്യത്യാസങ്ങള്‍.
ഡ്യുവല്‍ ടോണ്‍(ഡാര്‍ക്ക് നേവി, ഡോവ് ഗ്രേ) ഇന്റീരിയറും കോഫി ടേബിള്‍ സ്റ്റൈല്‍ സെന്റര്‍ കണ്‍സോളുമാണ് പുതു ഹ്യുണ്ടേയ് വെന്യുവിലുള്ളത്. സ്റ്റിയറിങ് വീല്‍ അയോണിക് 5, ക്രേറ്റ ഇലക്ട്രിക്ക് എന്നിവയിലേതു പോലുള്ള രൂപത്തിലേക്ക് റീ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഹ്യുണ്ടേയ് ലോഗോക്ക് പകരം നാല് ഡോട്ടുകള്‍(Hന്റെ മോഴ്‌സ് കോഡ്) നല്‍കിയിരിക്കുന്നു. ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ചിന്റെയാണ്. 4 വേ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, റീക്ലൈനിങ് പിന്‍ സീറ്റുകള്‍, പിന്നില്‍ എസി വെന്റുകള്‍, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ടോടു കൂടിയ സ്മാര്‍ട്ട് കീ, 8 സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം, സണ്‍റൂഫ് എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍.
പഠിക്കാം & സമ്പാദിക്കാം
Home