image

11 Dec 2025 7:50 PM IST

Auto

മുഖം മിനുക്കി മഹീന്ദ്ര എസ്‌യുവി; കൂടുതൽ ഫീച്ചറുകളുമായി വിപണിയിലേക്ക്

MyFin Desk

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ എക്‌സ്‌യുവി 700നെ മുഖം മിനുക്കി അവതരിപ്പിക്കാനൊരുങ്ങുന്നു . പേരു പോലും എക്‌സ്‌യുവി 7എക്‌സ്ഒ എന്നു മാറ്റിയ ഈ മോഡല്‍ ജനുവരി അഞ്ചിന് വില്‍പനക്കെത്തും. ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളുമായിട്ടാണ് പുത്തന്‍ എക്‌സ്‌യുവി 7എക്‌സ്ഒ എത്തുന്നത്.

നിലവില്‍ എക്‌സ്‌യുവി 700ന് മഹീന്ദ്ര 13.66 ലക്ഷം മുതല്‍ 23.71 ലക്ഷം രൂപ വരെയാണ്(എക്‌സ് ഷോറൂം) വിലയിട്ടിരിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായെത്തുന്ന എക്‌സ്‌യുവി 7എക്‌സ്ഒക്ക് കൂടുതല്‍ വിലയും പ്രതീക്ഷിക്കാം. ഏകദേശം 14 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് എക്‌സ്‌യുവി 7എക്‌സ്ഒയുടെ പ്രതീക്ഷിക്കുന്ന വില. എക്‌സ്‌യുവി 700ന്റെ 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരാനാണ് സാധ്യത. 200എച്ച്പി, 380എന്‍എം, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 185എച്ച്പി, 450എന്‍എം, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനിലും ഇതേ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണുള്ളത്. ഡീസലില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും സാധ്യതയുണ്ട്.

പുറംമോടിയില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് എക്‌സ്‌യുവി 7എക്‌സ്ഒയുടെ വരവെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അപ്പോഴും കൂടുതല്‍ വലിയ ഗ്രില്ലുകളും പുതു ഡിസൈനിലുള്ള ഹെഡ്‌ലൈറ്റുകളും കാണാനാവും. C രൂപത്തിലുള്ള ഡിആര്‍എല്ലുകളും പിന്‍ ഭാഗവും XEV 9Sനെ ഓര്‍മ്മിപ്പിക്കുന്നു. മുന്നിലേയും പിന്നിലേയും ബംപറുകള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനും പുത്തന്‍ അലോയ് വീലിനും സാധ്യതയുണ്ട്.

ഉള്ളിലേക്കു വന്നാല്‍ മൂന്നു സ്‌ക്രീനുകളാണ് ഉണ്ടാവുക. ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേക്കു പുറമേ നടുവിലും പാസഞ്ചര്‍ സൈഡിലും 12.3 ഇഞ്ച് വലിപ്പത്തിലുള്ള ടച്ച്‌സ്‌ക്രീനുകളുണ്ടാവും. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും പുത്തന്‍ XUV 7XOയില്‍ ഉണ്ടാവും. ബിഎന്‍സിപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിട്ടുണ്ട്. 6 സീറ്റ്, 7 സീറ്റ് ഓപ്ഷനുകളില്‍ എത്തും. ഹ്യുണ്ടേയ് അല്‍ക്കസാര്‍, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവരോടായിരിക്കും മഹീന്ദ്ര XUV 7XOയുടെ പ്രധാന മത്സരം.