24 April 2026 7:37 PM IST
ടാറ്റയും മഹീന്ദ്രയുമെല്ലാം എത്രയെത്ര കാറുകള്‍ പുറത്തിറക്കിയാലും ഈയടുത്ത കാലത്തൊന്നും മാരുതി സുസുക്കിയോട് വില്‍പ്പനയുടെ കാര്യത്തില്‍ കിടപിടിക്കാനാവില്ലെന്നതാണ് സത്യം. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ വിശ്വസിച്ച് വാങ്ങാനാവും എന്നതും കുറഞ്ഞ മെയിന്റനെന്‍സ് കോസ്റ്റും മാരുതിയുടെ പ്രത്യേകതയാണ്. 2025-26 സാമ്പത്തിക വര്‍ഷം മാരുതിയുടെ പ്ലാന്റുകളില്‍ നിന്ന് 23.47 ലക്ഷം കാറുകളാണ് നിര്‍മിച്ച് പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ഉത്പ്പാദന കണക്കാണിത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത് റെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണെന്ന് ചുരുക്കം. ഇന്ത്യയിലെ മറ്റൊരു പാസഞ്ചര്‍ വാഹന നിര്‍മാതാക്കള്‍ക്കും ഈ കണക്കുകളോട് മുട്ടിനില്‍ക്കാനാവില്ല. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള എല്ലാ ആഗോള നിര്‍മാണ പ്ലാന്റുകളിലെയും പ്രൊഡക്ഷന്റെ കാര്യത്തില്‍ മാരുതി ഒന്നാമതെത്തി എന്നതാണ് കൂടുതല്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം.
വര്‍ഷം മുഴുവനും സ്ഥിരമായ അളവില്‍ ഉത്പാദനം നിലനിര്‍ത്തുന്നതില്‍ അഞ്ച് മോഡലുകളാണ് വലിയ പങ്കുവഹിച്ചിരിക്കുന്നത്. ഡിസയര്‍, ഫ്രോങ്ക്‌സ്, സ്വിഫ്റ്റ്, എര്‍ട്ടിഗ, ബലേനോ എന്നിവ ഓരോന്നും വ്യക്തിഗതമായി രണ്ട് ലക്ഷം യൂണിറ്റ് നിര്‍മാണം മറികടന്നിട്ടുണ്ട്. സെഡാന്‍, ഹാച്ച്ബാക്കുകള്‍, കോംപാക്ട് എസ്യുവി, എംപിവി എന്നിവയെല്ലാം ഒരേസമയം ഇത്രയും വലിയ കണക്കുകള്‍ സംഭാവന ചെയ്തത് മാരുതിയില്‍ മാത്രം കാണാനാവുന്ന പ്രതിഭാസമാണ്.
ടാറ്റയെ പോലെ ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തെ ആശ്രയിച്ചല്ല മാരുതി സുസുക്കിയുടെ വില്‍പ്പന മുമ്പോട്ട് പോവുന്നത്. ഏതെങ്കിലും മാസം ഒരു കാറിന് വീഴ്ച്ച സംഭവിച്ചാല്‍ വേറൊരു മോഡല്‍ ഈ നഷ്ടം നികത്തും. പഴയ കണക്കുകളിലേക്ക് കൂടി നോക്കുകയാണെങ്കില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഉത്പ്പാദനം 19.22 ലക്ഷം യൂണിറ്റായിരുന്നു. അടുത്ത വര്‍ഷം അത് 19.84 ലക്ഷമായി നേരിയ തോതില്‍ ഉയര്‍ന്നപ്പോള്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 21.02 ലക്ഷമായി ഉയര്‍ന്നു.
നിർമാണ ശേഷി 24 ലക്ഷം യൂണിറ്റുകൾ
ഇതാണ് ഇപ്പോള്‍ 23.47 ലക്ഷം യൂണിറ്റായി ഉയർന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.66 ശതമാനം വളര്‍ച്ചയും സ്വന്തമാക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. നിലവില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് രാജ്യത്ത് പ്രധാനമായും നാല് നിര്‍മാണ പ്ലാന്റുകളാണുള്ളത്. അതില്‍ ഹരിയാനയിലെ ഗുരുഗ്രാം, മനേസര്‍, ഖാര്‍ഖോഡ എന്നിവിടങ്ങളില്‍ മൂന്നും ഗുജറാത്തിലെ ഹന്‍സല്‍പൂരില്‍ ഒരു പ്ലാന്റുമാണ് ഉള്‍പ്പെടുന്നത്.
കമ്പനിക്ക് നിലവില്‍ പ്രതിവര്‍ഷം 24 ലക്ഷം യൂണിറ്റുകളുടെ നിര്‍മാണ ശേഷിയാണുള്ളത്. ഗുജറാത്തിലെ സാനന്ദിലുള്ള ഖൊരാജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ 2026 മാര്‍ച്ചില്‍ അഞ്ചാമത്തെ പ്ലാന്റിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പ്രവര്‍ത്തനക്ഷമമായാല്‍ നിലവിലെ വാര്‍ഷിക ശേഷിക്ക് പുറമെ 10 ലക്ഷം യൂണിറ്റുകള്‍ കൂടി അധികം പണികഴിപ്പിക്കാന്‍ മാരുതി സുസുക്കിക്ക് സാധിക്കുന്നതായിരിക്കും. നിലവിലുള്ള എല്ലാ സൗകര്യങ്ങളിലൂടെയും 650-ലധികം വേരിയന്റുകളിലായി 17 മോഡലുകള്‍ മാരുതി നിര്‍മിക്കുന്നുണ്ട്.
സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പിന്തുണയോടെയും ഇന്ത്യയെ ആഗോള കയറ്റുമതി കേന്ദ്രമായി സ്ഥാപിക്കുന്നതിലുള്ള ശ്രദ്ധയോടെയും ബ്രാന്‍ഡിന്റെ മൊത്തം ഉത്പ്പാദന ശേഷി പ്രതിവര്‍ഷം 40 ലക്ഷം യൂണിറ്റായി ഉയര്‍ത്തുക എന്നതാണ് ബ്രാന്‍ഡിന്റെ ലക്ഷ്യം. പുതിയ ജിഎസ്ടി 2.0 അവതരണം പോലുള്ള നിലവിലെ സര്‍ക്കാര്‍ നയങ്ങളാണ് ഈയൊരു നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home