image

3 Dec 2025 12:09 PM IST

Auto

ഡിസംബറിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് പുത്തൻ വാഹനങ്ങൾ

MyFin Desk

ഈ വർഷത്തിലെ അവസാന മാസമായ ഡിസംബറിലും ചില പുത്തൻ വാഹനങ്ങൾ ഇന്ത്യൻ വാഹന വിപണിയിലേക്കെത്തുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോവ്‌സ്, എംജി, കിയ, മിനി എന്നിങ്ങനെയുള്ള കമ്പനികൾ അവരുടെ പുതിയ മോഡലുകൾ എത്തിക്കുന്നത്.

ടാറ്റ ഹാരിയർ, സഫാരി

ടാറ്റയുടെ ജനപ്രിയ എസ് യുവികളായ ഹാരിയറിന്റേയും സഫാരിയുടേയും ടർബോ പെട്രോൾ മോഡലുകൾ ഡിസംബർ ഒമ്പതിന് എത്തും. നിലവിൽ 170എച്ച്പി, 350എൻഎം 2 ലീറ്റർ ഡീസൽ എൻജിനുമായാണ് ഈ മോഡലുകൾ എത്തുന്നത്. അധികമായി 1.5 ലീറ്റർ 4 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ ഓപ്ഷൻ ലഭിക്കും. 160എച്ച്പി കരുത്തും 255എൻഎം ടോർക്കും പുറത്തെടുക്കുന്ന ഈ എൻജിൻ 2025 സിയേറയിലാണ് ടാറ്റ ആദ്യമായി പുറത്തിറക്കിയത്. 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ.

മുഖം മിനുക്കി എംജി ഹെക്ടർ

ഹെക്ടറിന്റെ രണ്ടാമത്തെ മുഖം മിനുക്കിയ മോഡൽ ഈ മാസം എത്തും. രൂപത്തിലുള്ള മാറ്റത്തിനൊപ്പം അധിക ഫീച്ചറുകളും ഹെക്ടറിനായി എംജി നൽകിയിട്ടുണ്ട്. 2019ൽ പുറത്തിറക്കിയ എംജി ഹെക്ടറിന്റെ ആദ്യ മുഖം മിനുക്കിയ മോഡൽ 2023ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. നിലവിൽ 143എച്ച്പി, 250എൻഎം, 1.5 ലീറ്റർ ടർബോ പെട്രോൾ, 170എച്ച്പി, 350 എൻഎം 2 ലീറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകളാണുള്ളത്. ഹാരിയറിലും സഫാരിയിലും ഇതേ പ്രകടനമുള്ള ഡീസൽ എൻജിനാണ്. മാനുവൽ/ഓട്ടമാറ്റിക് ഗിയർബോക്‌സുകൾ 2025 ഹെക്ടർ ഫേസ്‌ലിഫ്റ്റിലും തുടർന്നേക്കും. ഡിസംബർ പകുതിയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മിനി കൂപ്പർ കൺവർട്ടബിൾ

നവംബർ 19 മുതൽ 2025 മിനി കൂപ്പർ കൺവർട്ടബിളിന്റെ ബുക്കിങ് കമ്പനി വെബ് സൈറ്റിൽ ആരംഭിച്ചിരുന്നു. ടു ഡോർ കൂപ്പർ എസ് ഹാച്ച്ബാക്ക് അടിസ്ഥാനമാക്കിയാണ് മിനി കൂപ്പർ കൺവർട്ടബിളിന്റെ വരവ്. 204എച്ച്പി കരുത്തും 300എൻഎം ടോർക്കും പുറത്തെടുക്കുന്ന 2 ലീറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക്ക് ഗിയർബോക്‌സാണ് എൻജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിക്കുന്ന വില 50 ലക്ഷം രൂപ.

കിയ സെൽറ്റോസ്

മിഡ് സൈസ് എസ്‌യുവി കിയ സെൽറ്റോസിന്റെ പുതുതലമുറ മോഡൽ ഡിസംബർ പത്തിനെത്തും. വാഹനത്തിന്റെ ടീസർ കിയ ഇന്ത്യ പുറത്തുവിട്ടിരുന്നു. കുത്തനെയുള്ള എൽഇഡി ലൈറ്റിങും C രൂപത്തിലുള്ള ഡിആർഎല്ലുകളും ഹെഡ്‌ലാംപുകളുമെല്ലാം ടീസറിൽ തെളിഞ്ഞു കാണാം. ഇന്റീരിയർ ഫീച്ചറുകൾ ഇപ്പോഴും കിയ പുറത്തുവിട്ടിട്ടില്ല. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾ തുടരാനാണ് സാധ്യത. മാനുവൽ, ഐഎംടി, ഓട്ടമാറ്റിക് എന്നിങ്ങനെയുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകൾ തുടരും.