2 Feb 2026 12:00 PM IST
‘Gymkhana’ Rider Training Program : റോയൽ എൻഫീൽഡിന്റെ ‘ജിംഖാന’ റൈഡർ ട്രെയിനിങ് പ്രോഗ്രാമിന് തുടക്കം
MyFin Desk
റൈഡിങ് കൂടുതൽ പ്രൊഫഷണലാക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘ജിംഖാന’ എന്ന പേരിൽ പുതിയ റൈഡർ ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ച് റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് ഉടമകൾക്ക് മാത്രമല്ല, ഏത് ബ്രാൻഡിലെ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാം.
ബെംഗളുരുവിൽ ജനുവരി 27നാണ് ജിംഖാനയുടെ ആദ്യ സെഷൻ ആരംഭിച്ചത്. വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രോഗ്രാമിൽ തിയറി സെഷനുകൾ, അനുഭവ പങ്കുവെക്കൽ, പ്രത്യേകമായി ഒരുക്കിയ ട്രാക്കുകളിലെ പ്രായോഗിക പരിശീലനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആറ് വ്യത്യസ്ത ട്രാക്കുകളിലായി നാല് മോട്ടോർസൈക്കിൾ മോഡലുകൾ റൈഡർമാർക്ക് ഓടിച്ച് പരിചയപ്പെടാം. ഡ്രിഫ്റ്റിങ്, ഡ്രാഗിങ് പരിശീലനങ്ങൾക്ക് ഗറില്ല 450 ഉപയോഗിക്കുന്നു. ഓഫ്-റോഡ് റൈഡിങ്ങിനായി ഹിമാലയൻ 450 എത്തുമ്പോൾ, തിരക്കേറിയ നഗര ട്രാഫിക്കും ഇടുങ്ങിയ വഴികളും കൈകാര്യം ചെയ്യാൻ ഹണ്ടർ 350 ഉപയോഗിച്ചാണ് പരിശീലനം. നഗരത്തിലെ ദുര്‍ഘടമായ റോഡ് സാഹചര്യങ്ങൾ മറികടക്കാനുള്ള പരിശീലനം സ്‌ക്രാം 440 വഴിയാണ് നൽകുന്നത്.
വെല്ലുവിളികളുള്ള ഓഫ്-റോഡ് ട്രാക്കുകളിലും മിനുസമുള്ള ടാർമാക്ക് ട്രാക്കുകളിലും പരിശീലനം നൽകുന്ന ജിംഖാന, റൈഡർമാരുടെ കഴിവുകൾ ഘട്ടംഘട്ടമായി വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
പൊതു ഇടങ്ങളിൽ അനാവശ്യ സാഹസികത കാണിച്ച് അപകടം സൃഷ്ടിക്കുന്ന പ്രവണത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള നിയന്ത്രിത പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കി. സുരക്ഷാ മുൻകരുതലുകളോടെ, പരിചയസമ്പന്നരായ വിദഗ്ധരുടെ സഹായത്തോടെ റൈഡിങ് കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരമാണ് ജിംഖാന റൈഡർ ട്രെയിനിങ് പ്രോഗ്രാം നൽകുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home