13 Jan 2026 8:54 PM IST
പുതിയ ലുക്കും കൂടുതൽ ഫീച്ചറുകളും കരുത്തൻ എഞ്ചിൻ ഓപ്ഷനുകളുമായി ടാറ്റ മോട്ടോർസ് പരിഷ്‌ക്കരിച്ച പഞ്ചിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5.59 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിലുള്ള ഈ മൈക്രോ എസ്‌യുവി, വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. ഹ്യുണ്ടായ് എക്സ്റ്റർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV 3XO എന്നിവയാണ് പ്രധാന എതിരാളികൾ. വാഹനത്തിൻ്റെ ബുക്കിങ് ചൊവ്വാഴ്ച മുതൽ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
കൂടുതൽ ഷാർപ്പായ എക്സ്റ്റീരിയർ ഡിസൈൻ
സിഗ്നേച്ചർ ബോക്സി ഡിസൈൻ നിലനിർത്തിക്കൊണ്ട് കൂടുതൽ ഷാർപ്പും സ്പോർട്ടിയുമായ ലുക്കിലാണ് പുതിയ പഞ്ച് എത്തിയിരിക്കുന്നത്. ഇലക്ട്രിക് പഞ്ചിനോട് സമാനതകളുള്ള ഡിസൈനിലാണ് മാറ്റങ്ങൾ. റീഡിസൈൻ ചെയ്ത എൽഇഡി ഡിആർഎൽസ്, ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രിൽ, സ്‌പോർട്ടി ബമ്പർ, ഫ്രഷ് അലോയ് വീൽ ഡിസൈൻ, എൽഇഡി ടെയിൽലാമ്പ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന എക്സ്റ്റീരിയർ മാറ്റങ്ങൾ. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിൻ സെൻസിംഗ് വൈപ്പർ, റിയർ വാഷർ-വൈപ്പർ തുടങ്ങിയ ഫീച്ചറുകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിറങ്ങളും വേരിയൻ്റുകളും
സിയാന്റാഫിക്, കാരമൽ, ബംഗാൾ റൂജ്, കൂർഗ് ക്ലൗഡ്സ് എന്നീ നാല് പുതിയ നിറങ്ങളിൽ പരിഷ്‌ക്കരിച്ച പഞ്ച് ലഭ്യമാകും. വിവിധ ഉപഭോക്തൃ ആവശ്യങ്ങൾ കണക്കിലെടുത്ത് നിരവധി വേരിയന്റുകളിലും വാഹനം വിപണിയിലെത്തിച്ചിട്ടുണ്ട്.
പ്രീമിയം ഇൻ്റീരിയർ അനുഭവം
ഇന്റീരിയറിൽ വലിയ പരിഷ്‌ക്കാരങ്ങളാണ് ടാറ്റ വരുത്തിയിരിക്കുന്നത്. 17.8 സെന്റിമീറ്റർ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 26.03 സെന്റിമീറ്റർ വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്യൂവൽ ടോൺ കാബിൻ എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയം ഫീൽ നൽകുന്നു. 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
സുരക്ഷയാണ് ടാറ്റയുടെ പ്രധാന മുൻഗണനയെന്ന് വീണ്ടും ഉറപ്പുനൽകിയാണ് പുതിയ പഞ്ച് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹിൽ ഡീസന്റ് കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച്-സ്റ്റാർ സുരക്ഷയാണ് കമ്പനി പഞ്ചിന് വാഗ്ദാനം ചെയ്യുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home