16 Dec 2025 12:52 PM IST
Toyota Hilux Safety Rating:സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ ; ക്രാഷ് ടെസ്റ്റിൽ പാസായി ടൊയോട്ട ഹൈലക്സ്
MyFin Desk
പിക് അപ് ട്രക്കായ ടൊയോട്ട ഹൈലക്സ് സുരക്ഷയിൽ മുന്നിൽ. ഓസ്ട്രേലിയൻ ക്രാഷ് ടെസ്റ്റിൽ മോഡലിന് മികച്ച മുന്നേറ്റം. 2025 ലെ എഎന്‍സിഎപി(ഓസ്ട്രേലിയന്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിൽ ഹൈലക്സ് 5 സ്റ്റാര്‍ നേടി. കുട്ടികളുടേയും ഡ്രൈവറിന്റേയും റോഡ് യാത്രികരുടേയും അടക്കമുള്ള സുരക്ഷയിൽ മികച്ച പോയിൻ്റ് ലഭിച്ചു.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 40ല്‍ 33.96 പോയിന്റുകളാണ് ഹൈലക്സ് നേടിയത്. 84 ശതമാനം റേറ്റിങ് ലഭിച്ചു. ഫ്രണ്ടല്‍ ഓഫ്സെറ്റ്, റെസ്ക്യു ആന്റ് എക്സ്ട്രാക്ഷന്‍, ഫുള്‍ വിഡ്ത് ഫ്രണ്ടല്‍, വിപ്ളാഷ് പ്രൊട്ടക്ഷന്‍, എന്നീ വിഭാഗങ്ങളിലെ പരിശോധനക്ക് ശേഷമാണ് മുതിര്‍ന്നവരുടെ ഹൈലക്സിലെ സുരക്ഷ റേറ്റ് ചെയ്യപ്പെട്ടത്.
കുട്ടികൾക്കും മികച്ച സുരക്ഷ
മുതിര്‍ന്നവരുടെ സുരക്ഷയേക്കാള്‍ മികച്ച പ്രകടനമാണ് കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും ഈ പിക് അപ് ട്രക്ക് നടത്തിയത്. 49 പോയിന്റില്‍ 44ഉം നേടിക്കൊണ്ട് 89 ശതമാനം സ്കോര്‍ ഉറപ്പിക്കാന്‍ ഹൈലക്സിനായി. വാഹനത്തിന്റെ മുന്നിലേയും വശങ്ങളിലേയും ആഘാത പരിശോധന, വാഹനത്തിലുള്ളിലിരിക്കുമ്പോഴുള്ള കുട്ടികളുടെ സുരക്ഷ എന്നിവയെല്ലാം പരിശോധിക്കപ്പെട്ടു.
മികച്ച സീറ്റ് ഡിസൈന്‍ ഉൾപ്പെടെയുള്ള ഫീച്ചറുകളിൽ കുട്ടികളുടെ സുരക്ഷ മികച്ച രീതിയില്‍ ഉറപ്പിക്കാന്‍ ഹൈലക്സിന് സാധിച്ചുവെന്നാണ് പരിശോധ തെളിയിക്കുന്നത്. റോഡിലെ യാത്രികര്‍ക്ക് എത്രത്തോളം സുരക്ഷയൊരുക്കുന്നു എന്ന പരീക്ഷയിലും മികച്ച ഫലമാണ് ഹൈലക്സ് നേടിയിരിക്കുന്നത്. 63 പോയിന്റില്‍ 52.16 പോയിന്റുകള്‍ ഹൈലക്സ് നേടി. കാല്‍നടയാത്രക്കാരുടെ സുരക്ഷയും സൈക്കിള്‍ യാത്രികരുടെ സുരക്ഷയുമെല്ലാം പരീക്ഷിച്ചു.
ഹൈലക്സിൻ്റെ അധിക സുരക്ഷയൊരുക്കുന്ന ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് സിസ്റ്റവും മികവ് തെളിയിച്ചു. ടൊയോട്ടയുടെ ആധുനിക സെന്‍സര്‍ സ്യൂട്ടും ഡിറ്റക്ഷന്‍ അല്‍ഗരിതങ്ങളും ഈ സുരക്ഷാ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടാന്‍ സഹായിച്ചു. ഹൈലക്സിലെ ഡ്രൈവര്‍ അസിസ്റ്റ് സാങ്കേതികവിദ്യകളും എഎന്സിഎപിയില് പരീക്ഷിക്കപ്പെട്ടു. 18 പോയിന്റില്‍ 14.83 പോയിന്റുകളാണ് ഹൈലക്സ് നേടിയത്. 82 ശതമാനം. സീറ്റ്ബെല്‍റ്റ് മുന്നറിയിപ്പ്, ലൈന്‍ സപ്പോര്‍ട്ട് സിസ്റ്റം, സ്പീഡ് അസിസ്റ്റന്‍സ്, ഡ്രൈവര്‍ മോണിറ്ററിങ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിന്റെ പ്രവര്‍ത്തനം എന്നിവയെല്ലാം പരീക്ഷിക്കപ്പെട്ടു.
പഠിക്കാം & സമ്പാദിക്കാം
Home