image

4 Dec 2025 10:43 AM IST

Business News

RBI Monetary Policy : രൂപ തകര്‍ച്ചയില്‍: റിസര്‍വ് ബാങ്ക് നിരക്ക് കുറയ്ക്കുമോ?

MyFin Desk

ഡോളറിനെതിരേ 90 നിലവാരത്തിലേക്ക് ഇടിഞ്ഞ് രൂപ. റിസര്‍വ് ബാങ്കിന്റെ ധനനയ തീരുമാനങ്ങളെ മൂല്യ തകര്‍ച്ച സ്വാധീനിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്കിന്റെ ധനനയ പ്രഖ്യാപനം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് രൂപയുടെ കനത്ത മൂല്യ തകര്‍ച്ചയുണ്ടായിരിക്കുന്നത്. എന്നാല്‍ രൂപയ്ക്കായുള്ള ഇടപെടല്‍ റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്താനാണ് സാധ്യതയെന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അസാധാരണമായ ചാഞ്ചാട്ടം തടയാന്‍ മാത്രമേ ഇടപെടു, രുപയ്ക്കായി പ്രത്യേക സപ്പോര്‍ട്ട്, റസിസ്റ്റന്റ് ലെവലുകള്‍ റിസര്‍വ് ബാങ്ക് വച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടിയാണ് വിദഗ്ധരുടെ വിശദീകരണം വന്നിരിക്കുന്നത്.ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണവും റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യത്തിലുള്ള ഇടപെടല്‍ കുറച്ചതാണെന്ന് ഇന്ത്യ ഫോറെക്സ് അസറ്റ് മാനേജ്‌മെന്റ് സ്ഥാപകന്‍ അഭിഷേക് ഗോയങ്ക വ്യക്തമാക്കി.

അതേസമയം ഓഹരി വിപണിയില്‍ നിന്നുള്ള തുടര്‍ച്ചയായ നിക്ഷേപ പിന്‍മാറ്റവും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വവുമാണ് ഈ കനത്ത മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന് വിപി റിസര്‍ച്ച് അനലിസ്റ്റ് ജതീന്‍ ത്രിവേദി പറഞ്ഞു. കൂടാതെ ഇത്തവണ മോണിറ്ററി പോളിസിയില്‍ നയം ന്യൂട്രലില്‍ തന്നെ നില നിര്‍ത്തി റിപോ നിരക്ക് 5.50 ശതമാനത്തില്‍ തന്നെ കൊണ്ടുപോകാനാണ് റിസര്‍വ് ബാങ്ക് തയ്യാറുവുകയെന്നാണ് വിലയിരുത്തലുകള്‍. ജിഡിപി വലിയ മുന്നേറ്റം നടത്തുകയും പണപ്പെരുപ്പം എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തുകയും ചെയ്തിട്ടുണ്ട്. ഈ അസാധാരണ സാഹചര്യമാണ് ഇത്തരമൊരു നീക്കത്തിന് കാരണമായതെന്നും അവര്‍ വ്യക്തമാക്കുന്നു