image

8 Jan 2026 12:49 PM IST

Business and Trade

Venezuela 's Oil Market : വെനിസ്വേലിയൻ എണ്ണ വിപണി; ഒടുവിൽ ട്രംപിന് കാലിടറുമോ?

MyFin Desk

വെനിസ്വേലിയൻ എണ്ണ വിപണിയിലേക്ക് യുഎസ് പ്രവേശിക്കാനൊരങ്ങുമ്പോൾ ട്രംപ് വിചാരിക്കുന്നത് പോലെ എണ്ണ വിൽപ്പനയിൽ നിന്ന് വലിയ നേട്ടമില്ലെന്ന സൂചനകളും ഉയരുന്നുണ്ട്. ട്രംപ് വെനിസ്വേലിയൻ എണ്ണ പാടങ്ങളിലേക്ക് കണ്ണെറിയുമ്പോൾ വെനിസ്വേലയുടെ എണ്ണ വിൽപ്പന അത്ര എളുപ്പമാവില്ലെന്ന് എണ്ണ മുതലാളിമാർ കരുതുന്നത് എന്തുകൊണ്ടാണ്?

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വെനിസ്വേല കൈവശം വച്ചിട്ടുണ്ടെങ്കിലും, ആഗോള ഉൽപാദനം കണക്കാക്കിയാൽ വളരെ കുറവാണ്. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഉൽപാദനം. രാജ്യത്തെ എണ്ണ ഉൽപാദനം കയ്യാളാനും വികസിപ്പിക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികൾക്ക് കുറെയധികം തടസ്സങ്ങളുണ്ട്. യുഎസ് എണ്ണക്കമ്പനികൾ പലതും ഈ സാധ്യതകളിൽ അത്ര വാചാലരാകാത്തതിന് പിന്നിൽ പല കാരണങ്ങളുണ്ട്.

വെനിസ്വേലയുടെ എണ്ണ വിൽപ്പന മേഖല നിയന്ത്രിച്ച് 30 - 50 ദശലക്ഷം ബാരൽ വിൽപ്പനയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഏകദേശം 280 കോടി ഡോളർ വരെ സമാഹരിക്കാമെന്നാണ് കണക്കാക്കുന്നതെന്ന് യുഎസ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു .എണ്ണ വിൽപ്പന ആരംഭിക്കാൻ ട്രംപ് ഭരണകൂടം ബാങ്കുകളുമായും പെട്രോളിയം കമ്പനികളുമായുമൊക്കെ ചർച്ചകൾ നടത്തി തുടങ്ങിയതായാണ് റിപ്പോ‍ർട്ടുകൾ. പതിറ്റാണ്ടുകളായി വെനിസ്വേലിയൻ ക്രൂഡ് വിൽപ്പനക്ക് ഏ‍ർപ്പെടുത്തിയിരുന്ന പ്രതിരോധങ്ങൾ പിൻവലിക്കാനും യുഎസ് തയ്യാറാവുകയാണ്. എന്നാൽ വൻകിട കമ്പനികളുടേത് പലതും തണുപ്പൻ പ്രതികരണമാണ്. "ഭ്രാന്ത്" എന്ന് വിശേഷിപ്പിച്ച് ഡെമോക്രാറ്റുകൾ ഉൾപ്പെടെ ട്രംപിൻ്റെ നടപടിക്കെതിരെ രം​ഗത്തു വരാൻ മറ്റ് ചില കാരണങ്ങൾ കൂടെയുണ്ട്.

കുറഞ്ഞ ഉൽപാദനം

എണ്ണ കമ്പനികളുടെ ഓഹരി വിറ്റഴിക്കലും ഭരണത്തിലെ കെടുകാര്യസ്ഥതയും യുഎസ് ഉപരോധങ്ങളുമൊക്കെ മൂലം പ്രതിദിനം ഒരു ദശലക്ഷം ബാരൽ മാത്രമൊക്കെയേ ഇപ്പോൾ വെനസ്വേലയിൽ എണ്ണ ഉൽപ്പാദിപ്പിക്കുന്നുള്ളൂ . ചൈനക്ക് എണ്ണ നൽകിയാണ് വെനിസ്വേലൻ സർക്കാ‍ർ കൂടുതലും പണം കണ്ടെത്തിയിരുന്നത്. എന്നാൽ വെനിസ്വേലൻ ടാങ്കറുകൾ ഉപരോധിച്ചതും മഡുറോക്കെതിരെയുള്ള യുഎസിൻ്റെ ആക്രമണങ്ങളുമൊക്കെ മൂലം സമീപ മാസങ്ങളിൽ എണ്ണ വിതരണം പാടേ തടസ്സപ്പെട്ടിരുന്നു.

ദീർഘകാല നേട്ടത്തിന് വേണ്ടത് ശതകോടികൾ

വെനിസ്വേലയുടെ ഉൽപാദനത്തിന്റെ സവിശേഷതയായ ഹെവി ക്രൂഡ് ഓയിൽ സംസ്കരിച്ച്ഹ്രസ്വകാലത്തേക്ക് യുഎസ് എണ്ണ കമ്പനിയായ ഷെവ്‌റോൺ ഉൾപ്പെടെ നേട്ടമുണ്ടാക്കിയേക്കുമെങ്കിലും പല കമ്പനികൾക്കും ദീർഘകാല നേട്ടം എളുപ്പമാകില്ലെന്ന് വിലയിരുത്തലുകളുണ്ട്.വെനിസ്വേലൻ എണ്ണ പൂ‍ർണമായി യുഎസിലേക്ക് തിരിച്ചുവിടുന്നത് മെക്സിക്കോയെയും കാനഡയെയുമൊക്കെ സമ്മർദ്ദത്തിലാക്കും. വലിയ ക്രൂഡ് ഓയിൽ ഉൽപാദനമുള്ള കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കാൻ നി‍ർബന്ധിക്കപ്പെടും.സ്ഥിരമായ വിതരണവും മങ്ങിയ ആവശ്യകതയും മൂലം ഇതിനകം തന്നെ എണ്ണ വില ഇപ്പോൾ താരതമ്യേന താഴ്ന്ന നിലയിലാണ്.

വെനസ്വേലയുടെ എണ്ണ ഉൽപ്പാദനത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കണമെങ്കിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വേണം. കൂടുതൽ വ‍ർഷങ്ങളും കാത്തിരിക്കേണ്ടി വരും. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്ന യുഎസിൽ നിന്ന് എത്ര കമ്പനികൾ നിക്ഷേപം നടത്താൻ തയ്യാറാകുമെന്ന് കണ്ടറിയണമെന്ന് നിരീക്ഷക‍ർ പറയുന്നതും അതുകൊണ്ടാണ്.