image

10 Dec 2025 3:38 PM IST

NRI

India-US trade talks:ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

MyFin Desk

ഇന്ത്യയും യുഎസുമായുള്ള നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ന്യൂഡല്‍ഹിയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാര കരാര്‍ അധികം വൈകാതെ ഉണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു.

ഡെപ്യൂട്ടി യുഎസ് ട്രേഡ് പ്രതിനിധി (യുഎസ്ടിആര്‍) റിക്ക് സ്വിറ്റ്സറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യന്‍ പ്രതിനിധി രാജേഷ് അഗര്‍വാളുമായി വ്യാപാര ചര്‍ച്ച നടത്തും. ദക്ഷിണ, മധ്യേഷ്യയുടെ അസിസ്റ്റന്റ് യുഎസ് ട്രേഡ് പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച്, ഇന്ത്യന്‍ വാണിജ്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി ദര്‍പ്പണ്‍ ജെയിനുമായും ചര്‍ച്ച നടത്തും. ഇന്ത്യയും യുഎസും കരാറിന്റെ ആദ്യ ഘട്ടം അന്തിമമാക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഈ സന്ദര്‍ശനം നിര്‍ണായകമാണ്.

റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങല്‍ മൂലം അമേരിക്കന്‍ വിപണിയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫും 25 ശതമാനം അധിക പിഴയും ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള യുഎസ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. സെപ്റ്റംബര്‍ 16 നാണ് യുഎസ് ഉദ്യോഗസ്ഥര്‍ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്.

സെപ്റ്റംബര്‍ 22 ന്, വ്യാപാര ചര്‍ച്ചകള്‍ക്കായി ഗോയല്‍ യുഎസിലേക്ക് ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെയും നയിച്ചു. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ താരിഫ് പ്രശ്‌നം പരിഹരിക്കേണ്ട ഒരു ചട്ടക്കൂട് വ്യാപാര കരാറില്‍ ഇന്ത്യ ഈ വര്‍ഷം തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയ അഗര്‍വാള്‍, ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നേരിടുന്ന പരസ്പര താരിഫ് വെല്ലുവിളി പരിഹരിക്കുന്ന ഒരു ചട്ടക്കൂട് നിര്‍മ്മിക്കുമെന്നും പറഞ്ഞു.