image

18 Dec 2025 7:51 PM IST

Startup

ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ധനസമാഹരണത്തില്‍ ഇടിവ്; നേടിയത് 10.5 ബില്യണ്‍ ഡോളര്‍

MyFin Desk

ഈ വര്‍ഷം ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ധനസമാഹരണത്തില്‍ ഇടിവ്. 10.5 ബില്യണ്‍ ഡോളറാണ് ഈ മേഖലയിലെ കമ്പനികള്‍ സമാഹരിച്ചത്. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം കുറവാണ്. എങ്കിലും ഫണ്ടിംഗ് നേടുന്നതില്‍ ആഗോള വിപണിയില്‍ ചൈനയെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടര്‍ന്നു. യുഎസും യുകെയുമാണ് ഇന്ത്യക്കുമുന്നില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്ക്സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

2025-ല്‍ സീഡ്-സ്റ്റേജില്‍ ആകെ 1.1 ബില്യണ്‍ യുഎസ് ഡോളറിന്റെ ഫണ്ടിംഗ് ലഭിച്ചു. ഇത് 2024-ലെ ലെവലില്‍ നിന്ന് 30 ശതമാനം കുറവാണ് കാണിക്കുന്നത്.

എങ്കിലും, പ്രാരംഭ ഘട്ട ഫണ്ടിംഗ്, 2025-ല്‍ 3.9 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. 2024-ലെ 3.7 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 7 ശതമാനം വര്‍ധനയുണ്ടായി. അവസാന ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ 5.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ഫണ്ടിംഗ് നേടി. 2024-ല്‍ ഇത് 7.5 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

വളര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രധാന മേഖലകളില്‍ എന്റര്‍പ്രൈസ് ആപ്പുകള്‍, റീട്ടെയില്‍, ഫിന്‍ടെക് എന്നിവ ഉള്‍പ്പെടുന്നു. ഈ മേഖലകളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം ശക്തമായി തുടരുകയാണ്. ആഗോളതലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് രംഗം ഇപ്പോഴും ശക്തവും ആകര്‍ഷകവുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബെംഗളൂരുവും മുംബൈയുമാണ് ഏറ്റവും കൂടുതല്‍ ധനസഹായം ലഭിക്കുന്ന നഗരങ്ങള്‍.

അതേസമയം വലിയ ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത് ഗതാഗത, ലോജിസ്റ്റിക്‌സ് ടെക്, പരിസ്ഥിതി ടെക്, ഓട്ടോ ടെക് മേഖലകളാണ്.

ഇന്ത്യയില്‍ സ്ത്രീകള്‍ സഹസ്ഥാപിച്ച ടെക് സ്റ്റാര്‍ട്ടപ്പുകള്‍ 2025-ല്‍ 1 ബില്യണ്‍ യുഎസ് ഡോളറിന്റെ ഫണ്ടിംഗ് നേടി. അതില്‍ GIVA യുടെ 62 മില്യണ്‍ യുഎസ് ഡോളറിന്റെ സീരീസ് സി, AMNEX ന്റെ 52 മില്യണ്‍ യുഎസ് ഡോളറിന്റെ സീരീസ് എ എന്നിവ ഉള്‍പ്പെടുന്നു.

ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളിലാണ് സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലുള്ളത്.