image

14 July 2022 7:07 AM IST

Stock Market Updates

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സും, നിഫ്റ്റിയും നേരിയ നേട്ടത്തിൽ

MyFin Desk

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; സെന്‍സെക്‌സും, നിഫ്റ്റിയും നേരിയ നേട്ടത്തിൽ
X

Summary

മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 239.3 പോയിന്റ് ഉയര്‍ന്ന് 53,753.45 ലും, നിഫ്റ്റി 74.7 പോയിന്റ് ഉയര്‍ന്ന് 16,041.35 ലും എത്തി. രാവിലെ 10.45 ഓടെ, മുന്നേറ്റം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്‌സ് 179.08 പോയിന്റ് ഉയര്‍ന്ന് 53,693.23 ലേക്കും, നിഫ്റ്റി 54.85 പോയിന്റ് നേട്ടത്തിൽ 16,021.50 ലേക്കും എത്തി. ഉച്ചയ്ക്ക് 12 മണിയോടെ വിപണിയിൽ ചാഞ്ചാട്ടം ആരംഭിച്ചു. 12.20 ഓടെ സെന്‍സെക്‌സ് വെറും […]


മുംബൈ: ആഗോള വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ വിപണികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 239.3 പോയിന്റ് ഉയര്‍ന്ന് 53,753.45 ലും, നിഫ്റ്റി 74.7 പോയിന്റ് ഉയര്‍ന്ന് 16,041.35 ലും എത്തി.

രാവിലെ 10.45 ഓടെ, മുന്നേറ്റം കുറയുന്ന കാഴ്ചയാണ് കാണുന്നത്. സെന്‍സെക്‌സ് 179.08 പോയിന്റ് ഉയര്‍ന്ന് 53,693.23 ലേക്കും, നിഫ്റ്റി 54.85 പോയിന്റ് നേട്ടത്തിൽ 16,021.50 ലേക്കും എത്തി. ഉച്ചയ്ക്ക് 12 മണിയോടെ വിപണിയിൽ ചാഞ്ചാട്ടം ആരംഭിച്ചു. 12.20 ഓടെ സെന്‍സെക്‌സ് വെറും 27 പോയിന്റ് മാത്രം ഉയര്‍ന്ന് 53,540.94 ലേക്കും, നിഫ്റ്റി 5.50 പോയിന്റ് ഉയര്‍ന്ന് 16,000 ത്തിന് താഴേക്കു പോയി.

സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ജൂണിലെ പണപ്പെരുപ്പം പ്രതീക്ഷിച്ച 8.8 ശതമാനത്തേക്കാള്‍ ഉയര്‍ന്ന് 9.1 ശതമാനമായെന്നാണ് ഇന്നലെ പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനെത്തുടര്‍ന്ന്, യുഎസ് വിപണി ഒരു ശതമാനത്തില്‍ താഴെ മാത്രമേ നഷ്ടം രേഖപ്പെടുത്തിയുള്ളൂ. ശ്രദ്ധിക്കേണ്ട കാര്യം, കോര്‍ ഇന്‍ഫ്‌ളേഷന്‍ (ഭക്ഷണ-ഊര്‍ജ്ജ വിലകളിലെ പണപ്പെരുപ്പം ഒഴിവാക്കിയതിന് ശേഷമുള്ള കണക്ക്) അമേരിക്കയില്‍ കുറഞ്ഞു വരികയാണ്. അതിനാല്‍, മുന്നോട്ടു പോകുമ്പോള്‍, ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും കുറയും. ക്രൂഡ് വിലകളില്‍ കുത്തനെയുള്ള ഇടിവ് സംഭവിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന യുഎസ് പണപ്പെരുപ്പം അര്‍ത്ഥമാക്കുന്നത് ജൂലൈയില്‍ മറ്റൊരു 75 ബേസിസ് പോയിന്റ് വര്‍ദ്ധനയോടെ (ഒരു പക്ഷേ 100 ബേസിസ് പോയിന്റ് വര്‍ദ്ധനയോടെ) ഫെഡ് അതിന്റെ നിരക്കുയര്‍ത്തലിലെ കാര്‍ക്കശ്യം തുടരുമെന്നാണ്."

"ജൂലൈ ആദ്യം വില്‍പ്പനയില്‍ കുറവ് പ്രകടമായതിന് ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വില്‍പ്പന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ 2,840 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന ശക്തിപ്പെടുന്നത് കരടികളെ ശക്തിപ്പെടുത്തിയേക്കാം. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമായതിനാലും, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍ക്കുന്ന ഓഹരികളുടെ മൂല്യനിര്‍ണ്ണയം ആകര്‍ഷകമായതിനാലും അവ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും, റീട്ടെയില്‍ നിക്ഷേപകരും വാങ്ങാൻ സാധ്യതയുണ്ട്," വിജയകുമാര്‍ കൂട്ടിച്ചേർത്തു.

ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ഹോംകോംഗ്, ടോക്കിയോ, സിയോള്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണി ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.