image

26 July 2022 4:01 AM IST

Stock Market Updates

ഫെഡ് തീരുമാനം വരും വരെ വിപണികളിലെ ചാഞ്ചാട്ടം തുടരും

Suresh Varghese

ഫെഡ് തീരുമാനം വരും വരെ വിപണികളിലെ ചാഞ്ചാട്ടം തുടരും
X

Summary

ഇന്ന് ആഗോള വിപണികളുടെയെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുഎസ് ഫെഡിന്റെ തീരുമാനത്തിലാണ്. ഫെഡ് മീറ്റിംഗ് ഇന്ന് ആരംഭിക്കുമെങ്കിലും ഇന്ത്യന്‍ സമയം നാളെ വൈകിട്ടോടെ മാത്രമേ തീരുമാനം പുറത്തു വരികയുള്ളൂ. നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം വരുന്നത് വരെ ഓഹരി വിപണികളെല്ലാം അനിശ്ചിതത്വത്തിലായിരിക്കും. 75 ബേസിസ് പോയിന്റ് വരെയുള്ള വര്‍ധനവ് വിപണികള്‍ കണക്കിലെടുത്ത് കഴിഞ്ഞു. നിരക്ക് വര്‍ധന ഇതിലും ഉയര്‍ന്നാല്‍ മാത്രമേ വിപണികളില്‍ തകര്‍ച്ചയ്ക്ക് സാധ്യതയുള്ളൂ. രാവിലെ പ്രമുഖ ഏഷ്യന്‍ വിപണികള്‍ ലാഭത്തിലാണ്. എന്നാല്‍ തായ്വാന്‍ വെയ്റ്റഡും സിംഗപ്പൂര്‍ […]


ഇന്ന് ആഗോള വിപണികളുടെയെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുഎസ് ഫെഡിന്റെ തീരുമാനത്തിലാണ്. ഫെഡ് മീറ്റിംഗ് ഇന്ന് ആരംഭിക്കുമെങ്കിലും ഇന്ത്യന്‍ സമയം നാളെ വൈകിട്ടോടെ മാത്രമേ തീരുമാനം പുറത്തു വരികയുള്ളൂ. നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം വരുന്നത് വരെ ഓഹരി വിപണികളെല്ലാം അനിശ്ചിതത്വത്തിലായിരിക്കും. 75 ബേസിസ് പോയിന്റ് വരെയുള്ള വര്‍ധനവ് വിപണികള്‍ കണക്കിലെടുത്ത് കഴിഞ്ഞു. നിരക്ക് വര്‍ധന ഇതിലും ഉയര്‍ന്നാല്‍ മാത്രമേ വിപണികളില്‍ തകര്‍ച്ചയ്ക്ക് സാധ്യതയുള്ളൂ. രാവിലെ പ്രമുഖ ഏഷ്യന്‍ വിപണികള്‍ ലാഭത്തിലാണ്. എന്നാല്‍ തായ്വാന്‍ വെയ്റ്റഡും സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റിയും നേരിയ നഷ്ടം കാണിയ്ക്കുന്നു. രാവിലെ 8.30ന് എസ്ജിഎക്‌സ് നിഫ്റ്റി 0.01% നഷ്ടത്തിലാണ്.

അമേരിക്കന്‍ വിപണി

അമേരിക്കന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ഡൗജോണ്‍സ്, എസ് ആന്‍ഡ് പി 500 എന്നിവ ലാഭത്തില്‍ അവസാനിച്ചപ്പോള്‍ നാസ്ഡാക്ക് നേരിയ നഷ്ടം കാണിച്ചു. അമേരിക്കന്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് അതിന്റെ ലാഭ പ്രവചനത്തില്‍ കുറവ് വരുത്തിയതാണ് വിപണിയ്ക്ക് തിരിച്ചടി ഉണ്ടാക്കിയ മറ്റൊരു ഘടകം. ഇതുവരെ പുറത്ത് വന്ന അമേരിക്കന്‍ കോര്‍പ്പറേറ്റ് ഫലങ്ങള്‍ അത്ര ആശാവഹമല്ല. അമേരിക്കയിലെ ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് ഇന്ത്യന്‍ സമയം ഇന്ന് രാത്രിയോടെ പുറത്ത് വരും. റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ ആരോഗ്യം അളക്കാനുള്ള മറ്റൊരു സൂചകം കൂടിയാകും ഇത്.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില നേരിയ ഉയര്‍ച്ചയിലാണ്. റഷ്യയുടെ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണത്തില്‍ കുറവ് വന്നേക്കാമെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിപണി നേട്ടത്തിലായി. എന്നാല്‍ ആഗോള മാന്ദ്യ ഭീതിയും ആസന്നമായിരിക്കുന്ന ഫെഡ് റേറ്റ് തീരുമാനവും വില വര്‍ധനവിനെ ഒരു പരിധി വരെ തടഞ്ഞു. രാവിലെ 8.30 ഓടെ 105 ഡോളറിനടുത്താണ് ബ്രെന്റ് ക്രൂഡ് സെപ്റ്റംബര്‍ ഫ്യൂച്ചേഴ്‌സ് വില.

വിദേശ നിക്ഷേപം

ആഭ്യന്തര വിപണിയില്‍ ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഒരുപോലെ അറ്റ വില്‍പനക്കാരായി മാറി. വിപണിയുടെ വീഴ്ച്ചയ്ക്ക് ഇതൊരു പ്രധാന കാരണമായി. എന്നാല്‍ വില്‍പനയുടെ അളവ് നേര്‍ത്തതായിരുന്നു. 844 കോടി രൂപ വിലയുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ അറ്റവില്‍പന നടത്തിയത്. ആഭ്യന്തര നിക്ഷേപകര്‍ 72 കോടി രൂപ വിലയുള്ള ഓഹരികളും അധികമായി വിറ്റു. ഫെഡ് നിരക്ക് വര്‍ധന വ്യക്തമാകുന്നത് വരെ വിദേശ നിക്ഷേപകര്‍ അറ്റവില്‍പനക്കാരായി തുടരാനാണ് സാധ്യത.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണിയില്‍ ഇന്ന് നിര്‍ണായകമാവുക കമ്പനി ഫലങ്ങളാണ്. റിലയന്‍സിന്റെ ഓഹരിയിലുണ്ടായ ഇടിവ് ഇന്നലെ സെന്‍സെക്‌സിന് തിരിച്ചടിയായിരുന്നു. ഇന്ന് പുറത്ത് വരാനുള്ള പ്രധാന കമ്പനി ഫലങ്ങള്‍: ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ആദിത്യ ബിര്‍ല സണ്‍ലൈഫ്, യുടിഐ എഎംസി, സനോഫി ഇന്ത്യ, ടാറ്റാ പവര്‍, ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പ്, ടിടികെ ഹെല്‍ത്ത് കെയര്‍, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയാണ്.

വിദഗ്ധാഭിപ്രായം

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറയുന്നു: "ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന കാര്‍മേഘങ്ങള്‍ക്ക് കാരണം അമേരിക്കയില്‍ ഒരു മാന്ദ്യം അനിവാര്യമാണ് എന്ന വിലയിരുത്തലാണ്. മാന്ദ്യം സംഭവിക്കുമോ എന്ന കാര്യത്തില്‍ വിദഗ്ധാഭിപ്രായം ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ആഗോള വളര്‍ച്ചയില്‍ കുറവുണ്ടാകും എന്നത് ഏറെക്കുറേ തീര്‍ച്ചയാണ്. വാള്‍മാര്‍ട്ടിന്റെ ലാഭം കുറയുമെന്നുള്ള പ്രവചനം കോര്‍പ്പറേറ്റ് ഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇടയില്ല എന്നതിന്റെ സൂചനയാണ്. യൂറോപ്പിലെ വളര്‍ച്ചയാണ് ഏറ്റവും ദുര്‍ബലമായി കാണപ്പെടുന്നത്. ചൈന ഇപ്പോഴും പ്രതിസന്ധിയില്‍ നിന്നും കരകയറിയിട്ടില്ല. ഇന്ത്യന്‍ സമ്പദ് രംഗം താരതമ്യേന സുരക്ഷിതമാണെങ്കിലും ആഗോള മാന്ദ്യം ഇന്ത്യയേയും ബാധിക്കും. ഇതിന്റെ അര്‍ത്ഥം വിപണിയുടെ ഉയര്‍ച്ചയ്ക്ക് പരിമിതികളുണ്ടെന്നാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും അറ്റവില്‍പനക്കാരായി മാറിയേക്കാം."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,690 രൂപ (ജൂലൈ 26)
ഒരു ഡോളറിന് 79.74 രൂപ (ജൂലൈ 26, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 106.9 ഡോളര്‍ (ജൂലൈ 26, 9.00 am)
ഒരു ബിറ്റ് കൊയ്ന്റെ വില 21,139.27 ഡോളര്‍ (ജൂലൈ 26, 8.30 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)