image

5 Sept 2022 3:48 AM IST

Stock Market Updates

ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം; മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല

Suresh Varghese

ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം; മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല
X

Summary

വെള്ളിയാഴ്ച്ചത്തെ ദുര്‍ബലമായ വ്യാപാരത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകള്‍ അത്ര ആശാവഹമല്ല. ഏഷ്യന്‍ വിപണികളെല്ലാം ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.22 ന് 0.19 ശതമാനം താഴ്ച്ചയിലാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍ വിപണികൾ ഏഷ്യന്‍ ഓഹരികള്‍ക്ക് തിരിച്ചടിയാവുന്നത് ആഗോള മാന്ദ്യ ഭീതി തന്നെയാണ്. ഓഗസ്റ്റില്‍ ചൈനയുടെ സര്‍വീസ് സെക്ടര്‍ പ്രതീക്ഷിച്ചതിലേറെ വളര്‍ന്നുവെന്ന് ഒരു സ്വകാര്യ സര്‍വേ ഇന്നു രാവിലെ പ്രസ്താവിച്ചു. എന്നാല്‍ […]


വെള്ളിയാഴ്ച്ചത്തെ ദുര്‍ബലമായ വ്യാപാരത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകള്‍ അത്ര ആശാവഹമല്ല. ഏഷ്യന്‍ വിപണികളെല്ലാം ഒരു ശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.22 ന് 0.19 ശതമാനം താഴ്ച്ചയിലാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ വിപണികൾ

ഏഷ്യന്‍ ഓഹരികള്‍ക്ക് തിരിച്ചടിയാവുന്നത് ആഗോള മാന്ദ്യ ഭീതി തന്നെയാണ്. ഓഗസ്റ്റില്‍ ചൈനയുടെ സര്‍വീസ് സെക്ടര്‍ പ്രതീക്ഷിച്ചതിലേറെ വളര്‍ന്നുവെന്ന് ഒരു സ്വകാര്യ സര്‍വേ ഇന്നു രാവിലെ പ്രസ്താവിച്ചു. എന്നാല്‍ ഈ വാര്‍ത്തയ്ക്കും ചൈനീസ് വിപണിയെ ഉണര്‍ത്താനായില്ല. ചൈനയുടെ ഉപഭോക്തൃ ചെലവഴിക്കല്‍ സ്ഥിരമായി മെച്ചപ്പെട്ട നിലയില്‍ തുടരുന്നുവെന്നാണ് സര്‍വേ പറയുന്നത്. അതേസമയം രണ്ടാം പാദത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല എന്ന വാര്‍ത്ത ഇതിന് വിരുദ്ധമാണ്.

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ നേരിയ ഉയര്‍ച്ചയിലാണ്. റഷ്യയില്‍ നിന്ന് യൂറോപ്പിലേയ്ക്കുള്ള വാതക വിതരണം വീണ്ടും തടസ്സപ്പെട്ടതാണ് ആഗോള ഊര്‍ജ്ജ വിലകളില്‍ ഉയര്‍ച്ചയുണ്ടാക്കുന്നത്. പ്രകൃതി വാതകത്തിന്റെ വില ഉയരുന്നത് ക്രൂഡ് ഓയിലിനും അനുകൂലമാകും. ഒക്ടോബറിലെ ഉത്പാദന ക്വോട്ട നിശ്ചയിക്കുവാന്‍ ഒപെക്ക് രാജ്യങ്ങളുടെ മീറ്റിംഗ് ഇന്നുണ്ടാവും. ഔദ്യോഗികമായി സ്ഥിരീകരണം ഇല്ലെങ്കിലും അവര്‍ ഉത്പാദനം നേരിയ തോതില്‍ കുറച്ചേക്കാമെന്ന് വാര്‍ത്തകളുണ്ട്. സാമ്പത്തിക മാന്ദ്യ ഭീതിയില്‍ എണ്ണയുടെ ഉപഭോഗം കുറയുന്നത് വിലകളെ തളര്‍ത്താതിരിക്കാനാണിത്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, വെള്ളിയാഴ്ച്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 9 കോടി രൂപ വിലയുള്ള ഓഹരികള്‍ അറ്റ വില്‍പ്പന നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും 669 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ജൂലൈയിലും ഓഗസ്റ്റിലും വിദേശ നിക്ഷേപകര്‍ അറ്റ വാങ്ങലുകാരായിരുന്നെങ്കിലും ഈ മാസത്തിന്റെ തുടക്കത്തില്‍ അവര്‍ അത്ര താല്‍പ്പര്യം കാണിക്കുന്നില്ല. ഓഗസ്റ്റില്‍ 54,000 കോടി രൂപയുടെ ഓഹരികളാണ് അവര്‍ അധികമായി വാങ്ങിയത്. ഈ മാസം ഒടുവില്‍ അമേരിക്കന്‍ ഫെഡിന്റെ നയ തീരുമാനം വരുന്നത് വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വന്‍തോതിലുള്ള ഓഹരി വാങ്ങലുകളില്‍ നിന്ന് വിട്ടുനിന്നേക്കാം. ഇത് വിപണിയ്ക്ക് തിരിച്ചടിയാകും.

ആഭ്യന്തര വിപണി

ഇന്ന് വിപണിയില്‍ ഏറെ നിര്‍ണ്ണായകമായേക്കാവുന്നത് സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് കണക്കുകളായിരിക്കും. സേവന മേഖലയിലെ പ്രകടനം വിലയിരുത്തുവാന്‍ ഇത് ഏറെ സഹായകരമാകും. മറ്റ് ആഭ്യന്തര വാര്‍ത്തകളൊന്നും ഈ ആഴ്ച്ച പുറത്തുവരാനില്ല. വ്യാഴാഴ്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പണനയ അവലോകന പ്രഖ്യാപനമുണ്ടാകും. അവര്‍ നിരക്ക് ഉയര്‍ത്താനാണ് സാധ്യത. അതിന്റെ തോത് മാത്രമേ ഇനി വ്യക്തമാകാനുള്ളു. ആഗോള സൂചനകളാകും ഏറെക്കുറേ വരും ദിവസങ്ങളില്‍ ഓഹരി വിപണിയെ സ്വാധീനിക്കുക.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,665 രൂപ (സെപ്റ്റംബര്‍ 5)
ഒരു ഡോളറിന് 79.65 രൂപ (സെപ്റ്റംബര്‍ 5)
ബ്രെന്റ് ക്രൂഡ് ബാരലിന് 93.28 ഡോളര്‍ (സെപ്റ്റംബര്‍ 5, 8.15 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,42,000 രൂപ (സെപ്റ്റംബര്‍ 5, 8.15 am, വസീര്‍എക്‌സ്)