image

15 Sep 2022 10:16 PM GMT

Stock Market Updates

ആഗോള കാലാവസ്ഥ പ്രതികൂലം; വിപണി നഷ്ടത്തില്‍ തുടര്‍ന്നേക്കും

Suresh Varghese

ആഗോള കാലാവസ്ഥ പ്രതികൂലം; വിപണി നഷ്ടത്തില്‍ തുടര്‍ന്നേക്കും
X

Summary

രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. ഫിച്ച് റേറ്റിംഗ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതും, ആഗോള സാഹചര്യത്തില്‍ ഐടി-ഫാര്‍മ ഓഹരികളില്‍ ഇടിവുണ്ടായതും, ലാഭമെടുപ്പുമാണ് ഇന്നലെ വിപണിയ്ക്ക് തിരിച്ചടിയായതെങ്കില്‍ ഇന്ന് ആഗോള സാഹചര്യം അതിലേറെ മോശമാണ്. ഏഷ്യന്‍ വിപണികള്‍ ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇന്ന് രാവിലെ വന്‍ തകര്‍ച്ചയാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.13 ന് 0.16 ശതമാനം താഴ്ച്ചയിലാണ്. ഫെഡ് നിരക്കുയര്‍ത്തല്‍ ഭീതി തന്നെയാണ് വിപണികള്‍ക്ക് തിരിച്ചടിയാകുന്നത്. […]


രണ്ടു ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി വിപണിയില്‍ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. ഫിച്ച് റേറ്റിംഗ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതും, ആഗോള സാഹചര്യത്തില്‍ ഐടി-ഫാര്‍മ ഓഹരികളില്‍ ഇടിവുണ്ടായതും, ലാഭമെടുപ്പുമാണ് ഇന്നലെ വിപണിയ്ക്ക് തിരിച്ചടിയായതെങ്കില്‍ ഇന്ന് ആഗോള സാഹചര്യം അതിലേറെ മോശമാണ്.

ഏഷ്യന്‍ വിപണികള്‍

ഏഷ്യന്‍ ഓഹരി വിപണികളില്‍ ഇന്ന് രാവിലെ വന്‍ തകര്‍ച്ചയാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.13 ന് 0.16 ശതമാനം താഴ്ച്ചയിലാണ്. ഫെഡ് നിരക്കുയര്‍ത്തല്‍ ഭീതി തന്നെയാണ് വിപണികള്‍ക്ക് തിരിച്ചടിയാകുന്നത്. ചൈനയിലെ വ്യവസായ ഉത്പാദനവും, റീട്ടെയ്ല്‍ വില്‍പ്പനയും ഓഗസ്റ്റില്‍ പ്രതീക്ഷിച്ചിതിനേക്കാള്‍ ഉയര്‍ന്നു. എന്നാല്‍ ഈ കണക്കുകള്‍ വിപണിയ്ക്ക് സ്വീകാര്യമായില്ല. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് രംഗം ഓഗസ്റ്റില്‍ ചുരുങ്ങുകയാണ്. ഇത് മറ്റൊരു നെഗറ്റീവ് ഘടകമായിട്ടുണ്ട്.

അമേരിക്കന്‍ വിപണി

ഇന്ന് വെളുപ്പിനെ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയും നഷ്ടത്തിലാണ്. ഇന്നലെ പുറത്തുവന്ന സമ്പദ് ഘടനയിലെ സൂചകങ്ങളൊക്കെ നല്ല നിലയിലാണ്. തുടര്‍ച്ചയായ തൊഴിലില്ലായ്മ വേതനത്തിനുള്ള അപേക്ഷകളുടെ എണ്ണം കുറയുകയാണ്. ആദ്യമായുള്ള അപേക്ഷകളിലും കുറവുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ വ്യവസായ ഉത്പാദനം ഓഗസ്റ്റില്‍ മെച്ചപ്പെട്ടു. റീട്ടെയ്ല്‍ വില്‍പ്പന കണക്കുകളും മികച്ച മുന്നേറ്റം കാണിക്കുന്നു. പക്ഷെ ഈ കണക്കുകളൊന്നും വിപണിയെ ഉത്തേജിപ്പിച്ചില്ല. ഇവ കൂടുതല്‍ കടുത്ത നടപടികളെടുക്കാന്‍ യുഎസ് ഫെഡിനെ പ്രേരിപ്പിക്കുമെന്നതിനാല്‍ വിപണികളില്‍ നെഗറ്റീവ് റിസള്‍ട്ടാണ് സൃഷ്ടിച്ചത്.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. രാവിലെ 92 ഡോളറിനടുത്താണ് വ്യാപാരം. അമേരിക്കയില്‍ ഇന്നലെ പുറത്തു വന്ന കണക്കുകളനുസരിച്ച്, ഗ്യാസൊലിന്‍ ശേഖരം ഉയര്‍ന്നു നില്‍ക്കുന്നത് എണ്ണ വിപണിയ്ക്ക് തിരിച്ചടിയായി. കൂടാതെ എണ്ണ വില നിയന്ത്രിക്കാന്‍ അമേരിക്ക വിപണിയിലേക്കൊഴുക്കിയ സ്ട്രാറ്റജിക് റിസര്‍വ് ഉടനടി നിറയ്ക്കാന്‍ പദ്ധതിയില്ല എന്ന് എനര്‍ജി ഡിപ്പാര്‍ട്ടമെന്റ് ഇന്നലെ പ്രഖ്യാപിച്ചത് വിപണിയ്ക്ക് തിരിച്ചടിയായി. ആഗോള മാന്ദ്യ ഭീതിയും ഇതിനെല്ലാമുപരി എണ്ണ വിപണിയെ തളര്‍ത്തുകയാണ്.

വിദേശ നിക്ഷേപം

എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,271 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഇന്നലെ 929 കോടി രൂപയുടെ ഓഹരികള്‍ അധിക വില്‍പ്പന നടത്തി. ഫെഡ് നിരക്കു വര്‍ധനയുടെ കാര്യത്തില്‍ കൃത്യമായ സൂചന ലഭിക്കുന്നത് വരെ വിദേശ നിക്ഷേപകര്‍ ഏഷ്യന്‍ വിപണികളില്‍ സ്ഥിരമായ നിക്ഷേപ രീതി പിന്തുടരില്ല. ഇതാണ് ഇന്ത്യന്‍ വിപണിയ്ക്കും തിരിച്ചടിയാവുന്നത്. വിപണിയെ സ്വാധീനിക്കത്തക്ക ആഭ്യന്തര വാര്‍ത്തകളൊന്നും ഇന്ന് പുറത്തുവരാനില്ല. വിദേശ നാണ്യ ശേഖത്തിന്റെ കണക്കുകള്‍ ഇന്ന് റിസര്‍വ് ബാങ്ക് പുറത്ത് വിടും.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,620 രൂപ (സെപ്റ്റംബര്‍ 16)
ഒരു ഡോളറിന് 79.51 രൂപ (സെപ്റ്റംബര്‍ 16)
ബ്രെന്റ് ക്രൂഡ് ബാരലിന് 91.16 ഡോളര്‍ (സെപ്റ്റംബര്‍ 16, 8.20 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 16,73,001 രൂപ (സെപ്റ്റംബര്‍ 16, 8.20 am, വസീര്‍എക്‌സ്)