image

12 Jun 2023 11:19 AM IST

Stock Market Updates

രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് വിപണിയുടെ തുടക്കം നേട്ടത്തോടെ

MyFin Desk

after two days of decline the market started with gains today
X

Summary

  • ബ്രെന്റ് ക്രൂഡ് 1.12 ശതമാനം ഇടിഞ്ഞു
  • ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര വികാരം
  • ഈയാഴ്ച പ്രധാന സാമ്പത്തിക ഡാറ്റകള്‍ പുറത്തുവരും


രണ്ട് ദിവസങ്ങളിലെ ഇടിവിന് ശേഷം, ഇന്ന് പുതിയവാരത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യന്‍ ഓഹരിവിപണി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 10 മണിയോടെ 158.02 പോയിന്റ് ഉയർന്ന് 62,783.65 ലെത്തി. എൻഎസ്ഇ നിഫ്റ്റി 70.2 പോയിന്റ് ഉയർന്ന് 18,633.60ൽ എത്തി.

സെൻസെക്‌സിൽ ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്

ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തിലാണ്. എന്നാല്‍ സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.12 ശതമാനം ഇടിഞ്ഞ് ബാരലിന് 73.95 ഡോളറിലെത്തി.

എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 308.97 കോടി രൂപയുടെ ഇക്വിറ്റികൾ വില്‍പ്പന നടത്തി. 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 223.01 പോയിന്റ് അല്ലെങ്കിൽ 0.35 ശതമാനം ഇടിഞ്ഞ് 62,625.63 ൽ എത്തിയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.. നിഫ്റ്റി 71.15 പോയിൻറ് അഥവാ 0.38 ശതമാനം താഴ്ന്ന് 18,563.40 ൽ വ്യാപാരം അവസാനിപ്പിച്ചു.

ഈ ആഴ്‌ച, പ്രധാനപ്പെട്ട സാമ്പത്തിക വിവരങ്ങള്‍ക്കായി നിക്ഷേപകര്‍ കാതോര്‍ക്കുകയാണ്. ജൂൺ 13-ന്, ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) നിരക്ക് പ്രഖ്യാപിക്കും, 14-ന്, യൂറോപ്യൻ സെൻട്രൽ ബാങ്കിന്‍റെ (ECB) നിരക്ക് തീരുമാനം വരും, 15ന്, ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം സംബന്ധിച്ച ഡാറ്റയും മേയിലെ ഉപഭോക്തൃ വില പണപ്പെരുപ്പം സംബന്ധിച്ച ഡാറ്റയും പുറത്തുവരും. ഇത് പൊതുവിലുള്ള സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഏകദേശ ധാരണ നല്‍കും.

ബുള്ളിഷ് മാർക്കറ്റ് സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസത്തോടെയാണ് വിപണികൾ ഈ ഡാറ്റാ പോയിന്റുകളെ സമീപിക്കുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.