21 July 2023 10:30 AM IST
തുടര്‍ച്ചയായ റെക്കോർഡ് ബ്രേക്കിംഗ് റാലിക്ക് ശേഷം വെള്ളിയാഴ്ച തുടക്ക വ്യാപാരത്തിൽ ആഭ്യന്തര ഓഹരി വിപണി സൂചികകൾ ഇടിവിലേക്ക് നീങ്ങി. നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്കുള്ള തങ്ങളുടെ വളർച്ചാ വീക്ഷണം വെട്ടിക്കുറച്ചതിന് പിന്നാലെ ഐടി വമ്പനായ ഇൻഫോസിസിന്‍റെ ഓഹരികളില്‍ വലിയ ഇടിവ് പ്രകടമായി. വിപണിയിലെ ബ്ലൂചിപ്പ് കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസിന്റെയും ടാറ്റ കൺസൾട്ടൻസി സർവീസസിന്റെയും ഓഹരി വിലയിലുണ്ടായ ഇടിവും ഇക്വിറ്റികളിലെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
30-ഷെയർ ബിഎസ്ഇ സെൻസെക്സ് തുടക്ക വ്യാപാരത്തില്‍ 749.75 പോയിന്റ് ഇടിഞ്ഞ് 66,822.15 ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 203.15 പോയിന്റ് ഇടിഞ്ഞ് 19,776 എന്ന നിലയിലെത്തി. രണ്ട് ബെഞ്ച്മാർക്ക് സൂചികകളിലും ഇടിവില്‍ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്‍ഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര എന്നിവയാണ് ഇടിവു രേഖപ്പെടുത്തുന്ന പ്രധാന ഓഹരികള്‍. ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെസ്‌ലെ, പവർ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ ടോക്കിയോ താഴ്ന്നപ്പോൾ സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ മിക്കവാറും നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.78 ശതമാനം ഉയർന്ന് ബാരലിന് 80.26 ഡോളറിലെത്തി.
ബിഎസ്‌ഇ ബെഞ്ച്മാർക്ക് 474.46 പോയിന്റ് അല്ലെങ്കിൽ 0.71 ശതമാനം ഉയർന്ന് 67,571.90 എന്ന റെക്കോർഡ് ക്ലോസിംഗാണ് ഇന്നലെ രേഖപ്പെടുത്തിയത്. പകൽ സമയത്ത്, അത് 521.73 പോയിന്റ് അല്ലെങ്കിൽ 0.77 ശതമാനം ഉയർന്ന് അതിന്റെ ആജീവനാന്ത ഇൻട്രാ-ഡേ പീക്ക് 67,619.17ൽ എത്തിയിരുന്നു. നിഫ്റ്റി ഇന്നലെ 146 പോയിന്റ് അഥവാ 0.74 ശതമാനം ഉയർന്ന് 19,979.15 എന്ന റെക്കോർഡ് ക്ലോസിംഗ് രേഖപ്പെടുത്തി. വ്യാപാര സെഷനിടെ, അത് 158.7 പോയിന്റ് അല്ലെങ്കിൽ 0.80 ശതമാനം ഉയർന്ന് 19,991.85 എന്ന പുതിയ ഇന്‍ട്രാ ഡേ റെക്കോർഡിലെത്തി.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 3,370.90 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയതിനാൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ചയും ഇന്ത്യന്‍ വിപണിയിലെ വാങ്ങല്‍ തുടര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
