image

1 July 2023 12:57 PM IST

Stock Market Updates

സ്വര്‍ണവിലയില്‍ ഇന്നും ഉയര്‍ച്ച

MyFin Desk

സ്വര്‍ണവിലയില്‍ ഇന്നും ഉയര്‍ച്ച
X

Summary

  • ജൂണില്‍ വലിയ വിലയിടിവ് ഉണ്ടായിരുന്നു
  • ഔണ്‍സിന് 1920 ഡോളര്‍ എന്ന നിലയില്‍ ആഗോള വില്‍പ്പന
  • വെള്ളിവിലയിലും വര്‍ധന


സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനത്തിലും സ്വര്‍ണ വില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 20 രൂപ വര്‍ധിച്ച് 5415 രൂപയായി. പവന് 43,320 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 160 രൂപയുടെ വര്‍ധന. ജൂണില്‍ വലിയ ഇടിവ് പ്രകടമാക്കിയ സ്വര്‍ണവില കഴിഞ്ഞ ഒരാഴ്ചയായി ചാഞ്ചാട്ടമാണ് പ്രകടമായിട്ടുള്ളത്. തുടര്‍‌ച്ചയായ അഞ്ചു ദിവസങ്ങളിലെ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ തിങ്കളാഴ്ച വീണ്ടും വില നേരിയ തോതില്‍ ഉയര്‍ന്നു. ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. പിന്നീട് ബുധനും വ്യാഴവും ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ 10 രൂപയുടെ വര്‍ധനയാണ് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ രേഖപ്പെടുത്തിയിരുന്നത്.

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഇന്ന് ഗ്രാമിന് 22 രൂപയുടെ വര്‍ധനയോടെ 5907 രൂപയിലെത്തി. 24 കാരറ്റ് പവന്‍ 176 രൂപയുടെ വര്‍ധനയോടെ 47,256 രൂപയിലെത്തി. ആഗോള തലത്തിലും സ്വര്‍ണവില ഇന്ന് മുന്നേറുകയാണ്. ഔണ്‍സിന് 1920 ഡോളര്‍ എന്നതിന് മുകളിലേക്ക് ആഗോള തലത്തില്‍ സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്.

ജൂണ്‍ 15നാണ്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില വീണ്ടും 44,000 രൂപയ്ക്ക് താഴേക്കെത്തിയത്. ഇത് പിന്നീട് ഉയര്‍ന്നെങ്കിലും വീണ്ടും ഇടിവ് പ്രകടമാക്കി. ജൂണില്‍ കേവലം 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. വില 43,000ന് താഴേക്കെത്തുമോ എന്ന ആകാംക്ഷയും കഴിഞ്ഞയാഴ്ച നിക്ഷേകര്‍ക്കിടയില്‍ ഉടലെടുത്തിരുന്നു. ജൂണ്‍ 22 ന് മൂന്നുമാസ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ഏപ്രിലിലും മേയിലും പുതിയ ഉയരങ്ങള്‍ കുറിച്ച ശേഷമായിരുന്നു ഈ തിരിച്ചിറക്കം.



യുഎസില്‍ ശക്തമായ സാമ്പത്തിക ഫല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഓഹരി വിപണികളെ ആവേശത്തിലാക്കിയിട്ടുണ്ടെങ്കിലും പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യത ഫെഡ് റിസര്‍വ് നിലനിര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലും മറ്റ് കേന്ദ്ര ബാങ്കുകളും ഉയര്‍ന്ന പലിശ നിരക്കുകള്‍ നിലനിര്‍ത്തുന്ന സാഹചര്യത്തിലും നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നത് തുടരുന്നുണ്ട്.

ജൂലെ 25 , 26 ദിവസങ്ങളിലായി നടക്കുന്ന ഫെഡ് റിസര്‍വ് യോഗങ്ങള്‍ക്കു ശേഷം അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്താനുള്ള സാധ്യതകള്‍ ഇപ്പോഴും ശക്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് കോണ്‍ഗ്രസിനു മുമ്പാകെ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ നടത്തിയ പ്രസ്താവനകളാണ് പലിശ സംബന്ധിച്ച ആശങ്കകളെ പിന്നെയും തലക്കെട്ടുകളിലേക്ക് എത്തിച്ചത്. പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരമുണ്ടെന്ന് വിലയിരുത്തുന്ന പവ്വല്‍ നിരക്ക് വര്‍ധനയുടെ ചക്രം പുനരാരംഭിക്കുമെന്ന സൂചനകളും യുഎസ് കോണ്‍ഗ്രസില്‍ നല്‍കിയിട്ടുണ്ട്.

യുഎസിലെ വായ്പാ പരിധി ഉയര്‍ത്തിയതും വിവിധ കേന്ദ്ര ബാങ്കുകള്‍ ഡോളറിലെ ആശ്രതത്വം കുറച്ച് സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണ ഉല്‍പ്പാദനത്തിലെ പരിമിതമായ വളര്‍ച്ചയും സ്വർണവിലയെ വലിയ ഇറക്കത്തില്‍ നിന്നും സംരക്ഷിക്കുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

വെള്ളി വില പൊതുവില്‍ സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പ്രകടമാക്കുന്നത്. ഇന്ന് വെള്ളിവില ഗ്രാമിന് 90 പൈസയുടെ വര്‍ധനയോടെ 75.70 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 605.60 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 7.20 രൂപയുടെ വര്‍ധനയാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം 1 ഡോളറിന് 82.10 രൂപ എന്ന നിലയിലാണ്.