6 July 2023 10:50 AM IST
Summary
- ആഗോള വിപണികളില്‍ നെഗറ്റിവ് പ്രവണത
- ഫെഡ് റിസര്‍വ് വീണ്ടും പലിശ നിരക്ക് വര്‍ധനയിലേക്കെന്ന് നിരീക്ഷണം
- ആഭ്യന്തര വിപണികളില്‍ പ്രകടമാകുന്നത് ചാഞ്ചാട്ടം
വിദേശ ഫണ്ട് ഒഴുക്ക് തുടരുന്നതിനിടെ ഇന്ത്യന്‍ ആഭ്യന്തര ഓഹപി വിപണി സൂചികകള്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ മുന്നേറ്റം പ്രകടമാക്കി. എന്നാൽ കഴിഞ്ഞ കുറച്ച് ട്രേഡിംഗ് സെഷനുകളിലെ റെക്കോർഡ് ബ്രേക്കിംഗ് റാലിക്ക് ശേഷം ഇന്നലെ മുതല്‍ പ്രകടമായ ചാഞ്ചാട്ട പ്രവണതകള്‍ ഇന്നത്തെ വ്യാപാര സെഷനിലും തുടരുകയാണ്. ദുർബലമായ ആഗോള വിപണി പ്രവണതകളും ഇക്വിറ്റികളിലെ ഉയര്‍ന്ന നിലയും കണക്കിലെടുത്ത് ജാഗ്രതാപൂര്‍ണമായ സമീപനമാണ് നിക്ഷേപകര്‍ കൈകൊള്ളുന്നത്.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് തുടക്ക വ്യാപാരത്തില്‍ 54.09 പോയിന്റ് ഉയർന്ന് 65,500.13ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 21.15 പോയിന്റ് ഉയർന്ന് 19,419.65ല്‍ എത്തി. പിന്നീട്, രണ്ട് ബെഞ്ച്മാർക്ക് സൂചികകളും അസ്ഥിര പ്രവണതകളെ അഭിമുഖീകരിക്കുകയും നേരിയ തോതിലെ ഉയര്‍ച്ചയോടെ വ്യാപാരം തുടരുകയും ചെയ്തു.
സെൻസെക്‌സ് പാക്കിൽ നെസ്‌ലെ, പവർ ഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ടൂബ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇൻഡസ്‌ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മാരുതി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവയില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.21 ശതമാനം ഇടിഞ്ഞ് ബാരലിന് 76.49 ഡോളറിലെത്തി.
"ആഗോള ഇക്വിറ്റികളില്‍ ഉടനീളം പ്രകടമാകുന്ന നെഗറ്റീവ് വികാരത്തിനിടയില്‍, വ്യാഴാഴ്ച ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികളില്‍ സമ്മര്‍ദം കാണാനിടയുണ്ട്, ഇന്നലെ പുറത്തുവന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) മിനിറ്റ്സ് ജൂലൈയിൽ മറ്റൊരു നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന നൽകിയിട്ടുണ്ട്. റാലിക്കു ശേഷമുള്ള ലാഭമെടുക്കല്‍ നിക്ഷേപകര്‍ ഇന്നും തുടരുമെന്നാണ് കണക്കാക്കുന്നത്," മെഹ്‍ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയർ വിപി (ഗവേഷണം) പ്രശാന്ത് തപ്‌സെ പറഞ്ഞു.
"യുഎസ്-ചൈന പിരിമുറുക്കങ്ങൾ, ജൂണിൽ ചൈനയിലെ വ്യാവസായിക പ്രവർത്തനത്തില്‍ ഉണ്ടായിട്ടുള്ള ഇടിവ്, കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായ അമിതമായ വാങ്ങല്‍ എന്നിവയാണ് ഇപ്പോള്‍ നിക്ഷേപക വികാരത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച 1,603.15 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിക്കൊണ്ട് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ വാങ്ങൽ പ്രവർത്തനം തുടരുകയാണ്.
"എസ് ആന്റ് പി 500 മൂന്ന് ദിവസം വിജയകരമായി മുന്നേറിയതിനു ശേഷം ബുധനാഴ്ച യുഎസ് ഓഹരി വിപണികള്‍ നഷ്ടത്തിലേക്ക് നീങ്ങി. ഫെഡറൽ റിസർവിന്റെ അവസാന പോളിസി മീറ്റിംഗിന്റെ മിനിറ്റ്സ് പുറത്തുവന്നതിനു പിന്നിലെയാണിത്. നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ ജൂണിൽ ഏകകണ്ഠമായി തീരുമാനിച്ച ഫെഡ് റിസര്‍വിലെ മിക്കവാറും എല്ലാ അംഗങ്ങളും അധികം വൈകാതെ പലിശനിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കിയിട്ടുള്ളത്," എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.
ബിഎസ്ഇ ബെഞ്ച്മാർക്ക് 33.01 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 65,446.04 എന്ന തലത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്, അഞ്ചു ദിവസങ്ങളോളം നീണ്ട റാലിക്ക് ശേഷമായിരുന്നു ഇത്. നിഫ്റ്റി 9.50 പോയിന്റിന്റെ അഥവാ 0.05 ശതമാനത്തിന്‍റെ നേരിയ നേട്ടം കൈവരിച്ച് 19,398.50 എന്ന പുതിയ റെക്കോർഡിൽ വ്യാപാരം അവസാനിപ്പിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
