19 July 2023 11:43 AM IST
മികച്ച ഫലം ബലമായി; ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 52 ആഴ്ചയിലെ ഉയരത്തില്‍
MyFin Desk
Summary
- ആദ്യ പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 30 ശതമാനം വർധന
- നിഷ്ക്രിയാസ്തി വകയിരുത്തല്‍ 3 വര്‍ഷത്തിലെ ഏറ്റവും നല്ല നിലയില്‍
- മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ മികച്ച വളര്‍ച്ച
ഏപ്രിൽ-ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ 30 ശതമാനം കുതിപ്പ് റിപ്പോർട്ട് ചെയ്തതിന്‍റെ കരുത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ക്ക് വിപണിയില്‍ മുന്നോറ്റം. ബിഎസ്ഇയിൽ ഇന്ന് തുടക്ക വ്യാപാരത്തില്‍ 3.81 ശതമാനം നേട്ടത്തോടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,443.35 രൂപയിലെത്തി. എൻഎസ്ഇയിൽ ഇത് 3.82 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,443.40 രൂപയിലെത്തി. ഇതിനു ശേഷം വിലയില്‍ ചാഞ്ചാട്ടം പ്രകടമായെങ്കിലും നേട്ടത്തില്‍ തന്നെ തുടരുകയാണ്.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് തുടക്ക വ്യാപാരത്തിൽ എക്കാലത്തെയും പുതിയ ഇൻട്രാഡേ കൊടുമുടിയായ 67,117.05ലെത്തി. എൻഎസ്ഇ നിഫ്റ്റി 92.4 പോയിന്റ് ഉയർന്ന് 19,841.65 എന്ന റെക്കോർഡ് ഇൻട്രാഡേയിൽ എത്തി.
2023 -24 ന്‍റെ ആദ്യപാദത്തില്‍ ഏകീകൃത അറ്റാദായം 30 ശതമാനം വർധന രേഖപ്പെടുത്തി 2,124.50 കോടി രൂപയിലെത്തിയെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യ വരുമാനങ്ങളിലുണ്ടായ വളര്‍ച്ചയും നിഷ്ക്രിയാസ്തിക്കായുള്ള വകയിരുത്തല്‍ കുറഞ്ഞതും മികച്ച വളര്‍ച്ചയില്‍ പങ്കുവഹിച്ചു. റിപ്പോർട്ടിംഗ് പാദത്തിൽ, ബാങ്കിന്റെ പ്രധാന അറ്റ പലിശ വരുമാനം 18 ശതമാനം വർധിച്ച് 4,867 കോടി രൂപയായി. മറ്റ് വിഭാഗങ്ങളിലെ വരുമാനം 14 ശതമാനം ഉയർന്ന് 2,210 കോടി രൂപയായപ്പോൾ മൊത്തം നിക്ഷേപം 15 ശതമാനം ഉയർന്നു.
മൊത്തത്തിലുള്ള വകയിരുത്തല്‍ 991 കോടി രൂപയായി കുറയ്ക്കാനായി. മൂന്ന് വർഷത്തെ ഏറ്റവും ആരോഗ്യകരമായ നിലയാണിത്. മുൻവർഷം സമാന പാദത്തില്‍ 1,251 കോടി രൂപയുടെ വകയിരുത്തലാണ് നടത്തിയിരുന്നത്. ജൂണ്‍ അവസാനത്തിലെ കണക്കു പ്രകാരം മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.94 ശതമാനമാണ്. മുൻ വർഷം ഇതേ കാലയളവില്‍ 2.35 ശതമാനവും മാർച്ച് പാദത്തിന്‍റെ അവസാനത്തില്‍ 1.98 ശതമാനവും ആയിരുന്നു ഇത്.
പഠിക്കാം & സമ്പാദിക്കാം
Home
