image

9 Nov 2022 5:57 AM GMT

Stock Market Updates

ആദ്യഘട്ട വ്യാപാരത്തിലെ മികച്ച തുടക്കത്തിനുശേഷം ചാഞ്ചാട്ടത്തില്‍ വിപണി

MyFin Desk

daily stock market news updates
X

daily stock market news updates 

Summary

ഈ വര്‍ഷം ലോകത്തിലെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന വലിയ വിപണി ഇന്ത്യയായതിനാല്‍, വിദേശ നിക്ഷേപകര്‍ക്ക് ഈ മുന്നേറ്റം ഒഴിവാക്കാനാവില്ല.




മുംബൈ:ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, എല്‍ ആന്‍ഡ് ടി എന്നീ മുന്‍നിര ഓഹരികളിലെ നിക്ഷേപം ഉയര്‍ന്നതും, ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകളും വിപണിക്ക് ആദ്യഘട്ട വ്യാപാരത്തില്‍ മികച്ച തുടക്കം നല്‍കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്പെട്ടതും, വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികളിലെ നിക്ഷേപം തുടരുന്നതും വിപണിക്ക് പിന്തുണയേകി. സെന്‍സെക്സ് 173.62 പോയിന്റ് ഉയര്‍ന്ന് 61,358.77 ലും, നിഫ്റ്റി 56.70 പോയിന്റ് നേട്ടത്തോടെ 18,259.50 ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ വിപണിയില്‍ ഇന്നും കനത്ത ചാഞ്ചാട്ടത്തിനുള്ള സാധ്യതയാണ് കാണുന്നത്. കാരണം രാവിലെ 11.00 ന് സെന്‍സെക്സ് 32.48 പോയിന്റ് താഴ്ന്ന് 61,158.59 ലും, നിഫ്റ്റി 7.9 പോയിന്റ് നഷ്ടത്തില്‍ 18,194 ലുമാണ് വ്യാപാരം നടത്തുന്നത്.

ഡോ റെഡ്ഡീസിന്റെ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇത് 1.53 ശതമാനം ഉയര്‍ന്നു. നെസ്ലേ, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഇന്നലെ ഗുരുനാനാക് ജയന്തി പ്രമാണിച്ച് ആഭ്യന്തര വിപണികള്‍ക്ക് അവധിയായിരുന്നു. തിങ്കളാഴ്ച്ച സെന്‍സെക്സ് 234.79 പോയിന്റ് ഉയര്‍ന്ന് 61,185.15 ലും, നിഫ്റ്റി 85.65 പോയിന്റ് നേട്ടത്തോടെ 18,202.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഉയര്‍ന്ന് 81.50 ലെത്തി. ആഭ്യന്തര ഓഹരികളിലെ നിക്ഷേപം തുടരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച 1,948.51 കോടി രൂപ വിലയുള്ള ഓഹരികളാണ് വാങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.14 ശതമാനം താഴ്ന്ന് 95.23 ഡോളറിലെത്തി. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ സിയോള്‍ വിപണി നേട്ടത്തിലാണ്. ഇന്നലെ അമേരിക്കന്‍ വിപണികള്‍ താരതമ്യേന നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു, 'വിപണിയിലെ ശക്തമായ മുന്നേറ്റങ്ങളും, അനുകൂലമായ ഘടകങ്ങളും നിഫ്റ്റിയെ ഉയര്‍ന്ന റെക്കോഡിലേക്ക് ഉടനെ എത്തിച്ചേക്കും. യുഎസ് മാതൃ വിപണിയില്‍ നിന്നുള്ള അനുകൂലമായ ഘടകങ്ങളും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ആഭ്യന്തര ഓഹരികളിലുള്ള നിക്ഷേപം സ്ഥിരത നേടിയതും ശക്തമായ പോസിറ്റീവ് നീക്കങ്ങളാണ്. നാളെ വരാനിരിക്കുന്ന അമേരിക്കയിലെ ഉപഭോക്തൃ വില സൂചിക കണക്കുകള്‍ (സിപിഐ) പണപ്പെരുപ്പം മയപ്പെട്ടതിന്റെ സൂചനകളാണ് നല്‍കുന്നതെങ്കില്‍ അത് വിപണിയെ മുകളിലേക്ക് നയിക്കുന്നതിനുള്ള ശക്തമായ ഉത്തേജനമായി മാറും. ഈ വര്‍ഷം ലോകത്തിലെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന വലിയ വിപണി ഇന്ത്യയായതിനാല്‍, വിദേശ നിക്ഷേപകര്‍ക്ക് ഈ മുന്നേറ്റം ഒഴിവാക്കാനാവില്ല. കഴിഞ്ഞ എട്ട് വ്യാപാര സെഷനുകളില്‍ 16670 കോടി രൂപയുടെ ഓഹരി നിക്ഷേപകരായി വിദേശ നിക്ഷപകര്‍ തുടരുന്നതിന്റെ കാരണം ഇതാണ്. ഡോളര്‍ സൂചിക 110-ല്‍ താഴെയെത്തുന്നത് കൂടുതല്‍ വാങ്ങാന്‍ എഫ്ഐഐകളെ പ്രേരിപ്പിക്കും. എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 18604 എന്ന പോയിന്റ് കടന്നതിനു ശേഷം മാത്രമേ നിഫ്റ്റി കാര്യമായ തിരുത്തല്‍ നേരിടാന്‍ സാധ്യതയുള്ളു.'