5 July 2023 4:49 PM IST
Summary
- തുടര്‍ച്ചയായ അഞ്ച് ദിവസത്തെ റാലിക്ക് വിരാമം
- സര്‍വീസ് പിഎംഐ ഡാറ്റ നിക്ഷേപകരെ ചെറുതായി ബാധിച്ചു
- ഏഷ്യന്‍ വിപണികളില്‍ പൊതുവേ നഷ്ടം
ആഭ്യന്തര ഓഹരി വിപണി സൂചികകൾ ബുധനാഴ്ച സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ട്രേഡിംഗ് സെഷനുകളിലെ റെക്കോർഡ് ബ്രേക്കിംഗ് റാലിക്ക് ശേഷം സെൻസെക്സില്‍ ഇന്ന് 33 പോയിന്‍റ് ഇടിവുണ്ടായപ്പോള്‍ നിഫ്റ്റി 9 പോയിന്‍റ് നേട്ടമുണ്ടായി. ആഗോള വിപണികളിലെ ദുർബലമായ പ്രവണതകളും എച്ച്‌ഡിഎഫ്‌സി ഇരട്ടകളില്‍ ഉണ്ടായ ഇടിവും അഞ്ചുദിവസം നീണ്ട മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 33.01 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 65,446.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്‍റെ ഭൂരിഭാഗം സമയത്തും സൂചിക നെഗറ്റിവ് മേഖലയില്‍ തന്നെയാണ് നിലയുറപ്പിച്ചത്. ഇൻട്രാ-ഡേയിൽ 222.56 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 65,256.49 ലെത്തി. എൻഎസ്ഇ നിഫ്റ്റി 9.50 പോയിൻറ് അഥവാ 0.05 ശതമാനം ഉയർന്ന് 19,398.50 എന്ന റെക്കോഡിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്‍ട്രാ ഡേയില്‍ , ഇത് 19,421.60 എന്ന ഉയർന്ന നിലയിലും 19,339.60 എന്ന താഴ്ന്ന നിലയിലും എത്തിയിരുന്നു.
സെൻസെക്‌സില്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക് 3 ശതമാനത്തിലധികം ഇടിഞ്ഞു, എച്ച്‌ഡിഎഫ്‌സി ഏകദേശം 3 ശതമാനത്തോളം ഇടിഞ്ഞു. ബജാജ് ഫിൻസെർവ്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, എൻടിപിസി, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമന്റ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍. എന്നിരുന്നാലും, മാരുതി, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഐസിഐസിഐ ബാങ്ക്, പവർ ഗ്രിഡ്, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾക്ക് അവധിയായിരുന്നു
ഇന്ത്യയുടെ സേവന മേഖലയുടെ വളർച്ച ജൂണിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞുവെങ്കിലും ആവശ്യകത ഉയര്‍ന്നു തന്നെ നില്‍ക്കുന്നതായി സേവന ദാതാക്കൾ സൂചിപ്പിക്കുന്നുവെന്ന് എസ് & പി ഗ്ലോബല്‍ തയാറാക്കിയ പ്രതിമാസ പിഎംഐ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. "സർവീസസ് പിഎംഐ മിതമായതും ആഗോള ആശങ്കകളും ആഭ്യന്തര വിപണിയുടെ റാലിയെ ചെറുതായി ബാധിച്ചു. യുഎസിനും ചൈനയ്ക്കും ഇടയിലെ വ്യാപാര പിരിമുറുക്കങ്ങളും ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) മിനിറ്റ്സ് പുറത്തുവരുന്നതിനുള്ള കാത്തിരിപ്പും നിക്ഷേപകരെ ജാഗ്രതാപൂര്‍ണമായ സമീപനത്തിലേക്ക് മാറ്റി. എന്നിരുന്നാലും, സെഷന്‍റെ അവസാന ഘട്ടത്തില്‍ പ്രകടമായ വിശാലമായ വീണ്ടെടുക്കൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുള്ള നിക്ഷേപകരുടെ വിശ്വാസത്തിന്റെ സൂചനയാണ്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.43 ശതമാനം ഇടിഞ്ഞ് ബാരലിന് 75.92 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ 2,134.33 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര വിപണിയില്‍ നിന്ന് വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ഇന്നലെ തുടർച്ചയായ അഞ്ചാം സെഷനിലെ റാലിയില്‍, ബിഎസ്ഇ ബെഞ്ച്മാർക്ക് 274 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 65,479.05 എന്ന റെക്കോഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 66.45 പോയിൻറ് അഥവാ 0.34 ശതമാനം ഉയർന്ന് 19,389 എന്ന റെക്കോർഡ് ഉയരത്തിൽ വ്യാപാരം അവസാനിച്ചു. കഴിഞ്ഞ തുടര്‍ച്ചയായ നാലു വ്യാപാര സെഷനുകളിലും സെന്‍സെക്സും നിഫ്റ്റിയും പുതിയ സര്‍വകാര ഉയരങ്ങളും കുറിച്ചിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
