19 July 2023 3:50 PM IST
Summary
- എഫ്‍പിഐകള്‍ വാങ്ങല്‍ തുടരുന്നു
- മികച്ച നേട്ടവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
- വിപണിയെ നയിക്കുന്നത് പ്രധാനമായും യുഎസിലെ ശുഭപ്രതീക്ഷ
ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ചയും തങ്ങളുടെ ഡ്രീംറണ്‍ തുടരുകയാണ്. വിദേശ ഫണ്ടുകളുടെ ഒഴുക്കും യുഎസ് വിപണികളിലെ ശുഭാപ്തിവിശ്വാസവും മികച്ച കോര്‍പ്പറേറ്റ് ഫലങ്ങളും നിക്ഷേപകരുടെ വികാരം ഉയര്‍ത്തി. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 302.30 പോയിന്റ് അഥവാ 0.45. ശതമാനം ഉയർന്ന് 67,097.44 പുതിയ റെക്കോഡ് ക്ലോസിംഗിലാണ് അവസാനിച്ചത്. സെന്‍സെക്സ് ആദ്യമായാണ് 67,000 ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 83.90 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 19,833.15 എന്ന റെക്കോഡ് നിലയില്‍ ക്ലോസ് ചെയ്തു.
തുടര്‍ച്ചയായ അഞ്ചാം ദിവസത്തെ ദിവസത്തെ റാലിക്കിടെ സെന്‍സെക്സ് 376.24 പോയിന്റ് അഥവാ 0.56 ശതമാനം ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ഇൻട്രാ-ഡേ നിലയായ 67,171.38 ലെത്തി. നിഫ്റ്റി 102.45 പോയിന്റ് അല്ലെങ്കിൽ 0.51 ശതമാനം ഉയർന്ന് 19,851.70 എന്ന പുതിയ ഇൻട്രാ-ഡേ റെക്കോർഡ് കുറിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി എന്നിവയാണ് വിപണിയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഓഹരികള്‍.
എൻടിപിസി, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ്, ലാർസൺ ആൻഡ് ടൂബ്രോ എന്നിവയാണ് സെൻസെക്‌സ് പാക്കിൽ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 30 ശതമാനം ഉയർന്ന് 2,124.50 കോടി രൂപയായി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികള്‍ 2 ശതമാനം ഉയർന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഭാരതി എയർടെൽ, മാരുതി, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 2,115.84 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തില്‍ അവസാനിച്ചപ്പോൾ ഹോങ്കോംഗ് ഇടിവിലാണ്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നേട്ടത്തിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവിലാണ് അവസാനിച്ചത്. "നിലവിലെ ഉയർന്ന നിലയിലും, ആഭ്യന്തര നിക്ഷേപകർക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വിശ്വാസം നഷ്‌ടപ്പെട്ടിട്ടില്ല. ആഭ്യന്തര തലത്തിലെ ശക്തമായ സാമ്പത്തിക ഡാറ്റകളും എഫ്‌ഐഐകളിൽ നിന്നുള്ള സുസ്ഥിരമായ ഒഴുക്കും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിശാലാടിസ്ഥാനത്തില്‍ റാലി ശക്തമാകുകയാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു.
"ഇന്ന് തുടക്കത്തില്‍ ചില ലാഭ ബുക്കിംഗ് നടന്നെങ്കിലും, ഓട്ടോ, ഐടി ഒഴികെയുള്ള എല്ലാ പ്രധാന മേഖലകളിലും വാങ്ങൽ നിരീക്ഷിക്കപ്പെട്ടതോടെ വിപണി ആത്മവിശ്വാസം വീണ്ടെടുത്തു. കൂടാതെ, ആഗോള വിപണിയിൽ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്കുണ്ട്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.60 ശതമാനം ഉയർന്ന് ബാരലിന് 80.11 ഡോളറിലെത്തി.
ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച മുന്‍നിഗമനം നിലനിര്‍ത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിൽ 6.4 ശതമാനവും അടുത്ത സാമ്പത്തിക വർഷം 6.7 ശതമാനവും വളര്‍ച്ചയാണ് എഡിബി പ്രവചിക്കുന്നത്. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 205.21 പോയിന്റ് അല്ലെങ്കിൽ 0.31 ശതമാനം ഉയർന്ന് 66,795.14ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37.80 പോയിന്റ് അഥവാ 0.19 ശതമാനം ഉയർന്ന് 19,749.25ലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
